കവയിത്രിപോലും അറിയാതെ അവരുടെ പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചത് സാഹിത്യ അക്കാദമിയുടെ നിഷ്പക്ഷതയുടെ തെളിവാണെന്ന് അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍ പറഞ്ഞു. നവാഗതയായ കവയിത്രിയെ അക്കാദമിക്ക് പരിചയമില്ല. അവാര്‍ഡിന് പരിഗണിക്കുന്നതിന് രചയിതാവോ പ്രസാധകരോ പുസ്തകം സമര്‍പ്പിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിപണിയില്‍നിന്ന് പുസ്തകങ്ങള്‍ അക്കാദമി സംഭരിക്കറുണ്ട്. 2013ല്‍ വിപണിയില്‍നിന്ന് വിലകൊടുത്തുവാങ്ങിയതാണ് ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’ എന്ന കവിതാസമാഹാരം. മികച്ച പത്ത് പുസ്തകം തിരഞ്ഞെടുപ്പിനായി വിദഗ്ധര്‍ അടങ്ങിയ പാനലിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍നിന്നാണ് ഡോ. ശാന്തി ജയകുമാറിന്റെ ഈ പുസ്തകം അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവര്‍ പുസ്തകം പിന്‍വലിച്ച കാര്യം അക്കാദമിയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുവര്‍ഷം മുന്‍പ് പിന്‍വലിച്ച ഡോ. ശാന്തി ജയകുമാറിന്റെ ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’ എന്ന ആദ്യ കവിതാ സമാഹാരത്തിനാണ് കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ പുരസ്‌കാരം ലഭിച്ചത്. ”അവാര്‍ഡ് വാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിയുന്നത്. ഞാനോ എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും അവാര്‍ഡിന് പരിഗണിക്കാന്‍ പുസ്തകം അയച്ചുകൊടുത്തിട്ടില്ലെന്ന ഡോ. ശാന്തിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം 2014ല്‍ പുസ്തകം പിന്‍വലിക്കുന്ന കാര്യം പ്രസാധകരെ അറിയിക്കുകയും അവര്‍ ആവശ്യപ്പെട്ടതുപ്രകാരം പണം നല്‍കി വില്‍ക്കാതെ അവശേഷിച്ച പുസ്തകങ്ങള്‍ താന്‍ തിരിച്ചെടുത്തതായും കവയിത്രി ഡോ. ശാന്തി ജയകുമാറും പറഞ്ഞു.
സ്‌കൂള്‍വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യ കവിത അച്ചടിച്ചുവന്നു. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായി എഴുതിവന്ന കവിതകളാണ് 2013 ഡിസംബറില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരികയെഴുതി. പുസ്തകം കിട്ടിയപ്പോള്‍ സന്തോഷമായെങ്കിലും ചില കവിതകളില്‍ തിരുത്തുവേണമെന്ന് തോന്നി, പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും. ഒടുവില്‍ 2014 ഒക്ടോബറില്‍ പുസ്തകം പിന്‍വലിച്ചു. ആ പുസ്തകത്തിനാണിപ്പോള്‍ നിനച്ചിരിക്കാതെ അവാര്‍ഡ് ലഭിച്ചതെന്നും അവാര്‍ഡ് വാങ്ങുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഡോ. ശാന്തി പറഞ്ഞു.
ആലപ്പുഴ കിടങ്ങറ വരാപ്പുഴ വീട്ടില്‍ കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകളാണ് ശാന്തി.