ലോകമെങ്ങുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനുള്ള മുന്‍കരുതലുമായി ഒരു പുസ്തകനിലവറ നിര്‍മ്മിച്ചിരിക്കുകയാണ് നോര്‍വേ. ലോകാവസാനം ഉണ്ടാകുമോയെന്നു തീര്‍ച്ചയില്ലെങ്കില്ലും അതിനെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഇതേരീതിയില്‍ ലോകമെങ്ങുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് നോര്‍വേ പുസ്തക നിലവറയും നിര്‍മ്മിച്ചിരിക്കുന്നത്.
നോര്‍വേയിലെ സ്വല്‍ബാര്‍ഡ് എന്ന സ്ഥലത്താണ് ഈ പുസ്തക നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. ആണവസ്‌ഫോടനം ഉള്‍പ്പെടയുള്ളവ പ്രതിരോധിക്കാന്‍ശേഷിയുള്ള രീതിയിലാണ് നിലവറയുടെ നിര്‍മ്മാണം. നോര്‍വേക്കുപുറമേ, ബ്രസീല്‍ മെക്‌സികോ എന്നീ രാജ്യങ്ങളാണ് ഈ പദ്ധ്യതിയുമായി ആദ്യഘട്ടത്തില്‍ സഹകരിച്ചിട്ടുള്ളത്. പരമ്പരാഗത രീതിയിലുള്ള ഡേറ്റാ സംരക്ഷണത്തിനുപകരം പ്രതികൂലാവസ്ഥയെപ്പോലും പ്രതിരോധിക്കാവുന്ന ഡിജിറ്റല്‍ ഫിലിമുകളിലാണ് ഇവിടെ പുസ്തകങ്ങള്‍ സംരക്ഷിക്കുന്നത്. പിഗ്വില്‍ എന്ന സ്ഥാപനമാണ് ഇതിനായുള്ള സാങ്കേതികസൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്റെയും നോര്‍വീജിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ ആന്‍ഡ് ഇന്നവേഷന്റെയും സംയുക്തസഹകരണവും ഇതിനുപിന്നിലുണ്ട്.
സ്വല്‍ബാര്‍ഡിലെ മൈന്‍-3 എന്ന തുറങ്കത്തിനുള്ളില്‍ ആഴത്തില്‍ നിര്‍മ്മിച്ച കേന്ദ്രത്തിലാണ് നിലവറ. ഇതിനുസമപംതന്നെയാണ് ലോകത്തുള്ള വിത്തുകള്‍ സംരക്ഷിക്കുന്നതിനുള്ള ലോകവിത്തുനിലവറയും സ്ഥിതിചെയ്യുന്നത്. 1000 വര്‍ഷത്തേക്കെങ്കിലും നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് പിഗ്വില്‍ വക്താവ് കാര്‍ട്ടറയിന്‍ ലിയോണ്‍ പറയുന്നു. അതേസമയംബ്രിട്ടനും അമേരിക്കയും ഈ ബൃഹദ്പദ്ധതിയുമായി സഹകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.