കലയുടെ അപരിമേയമായ ഹൃദ്യതയില്‍ വൈദ്യശാസ്ത്രത്തിന്റെ കെട്ടുപിടിച്ച നൂലാമാലകളെ വശ്യമായ സര്‍ഗ്ഗാത്മകതയോടെ കോര്‍ത്തിണക്കി പുനഃപ്രതിഷ്ഠ നടത്തിയ അനുഭൂതിയാണ് ഡോ. ശ്യാമള കുമാരിയുടെ ‘അര്‍ബുദം: കുട്ടികളിലും സ്ത്രീകളിലും‘ എന്ന ഗ്രന്ഥം വായിച്ചപ്പോള്‍ എനിക്കുണ്ടായത്. പ്രത്യേകിച്ച് വിഷയം ക്രൂരസ്വഭാവിനിയായ അര്‍ബുദമെന്നതാകുമ്പോള്‍ വായനക്കാരന്റെ മനസ്സ് അസ്വസ്ഥതയുടെ ഭീഷണമായ കാണാപ്പുറങ്ങൡൂടെ സഞ്ചരിക്കുകതന്നെചെയ്യും. അവ്യക്തതകളും ദുരൂഹതകളും കാണ്ട് ദുര്‍ഗ്രഹമായ ഒരു വിഷയം ഏറെ സുഗ്രഹമാക്കത്തക്കവിധം ലളിതഭാഷയില്‍ വിശകലനം ചെയ്യാന്‍ ഡോ. ശ്യാമള കുമാരി ഉദ്യമിച്ചിരിക്കുന്നത് ഏറെ ശ്ലാഘനീയമാണ്. ദുസ്സഹമായ വേദനയും ചിതറിപ്പോകുന്ന ആത്മവിശ്വാസവും തുടര്‍ച്ചയായുള്ള ശസ്ത്രക്രിയയും കീമോതെറാപ്പിയുമെല്ലാംകൊണ്ട് മൃതിഭീകരതയുടെ വിത്തുവിതയ്ക്കുന്ന കാന്‍സര്‍ മനുഷ്യനെ നിരന്തരമായ പീഡാനുഭവങ്ങളിലേക്കു നയിക്കുന്നു. എന്നാല്‍ മനുഷ്യനെ അഥവാ ബലഹീനനായ രോഗിയെ ഭയവിഹ്വലതകളിലേക്ക് നിഷ്‌കരുണം വലിച്ചിഴച്ചുകൊ്യുുപോകുന്ന രോഗാതുരതകളുടെ പച്ചയായ വിശദീകരണമല്ല നാം ഈ ഗ്രന്ഥത്തില്‍ കാണുന്നത്. പ്രത്യുത, ഭയത്തെക്കാളുപരി സാന്ത്വനവും ശുഭചിന്തകളും കൈകോര്‍ത്തു നടക്കുന്ന പ്രത്യാശയുടെ ഊഷരഭൂമിയിലേക്ക് ഗ്രന്ഥകര്‍ത്രി നമ്മെ സധൈര്യം കൈപിടിച്ചു നടത്തുന്നു. അതേ, ആ നടത്തത്തില്‍ വായനക്കാരന്‍ കൂടുതല്‍ വിശാലഹൃദയനും മനക്കരുത്തുള്ളവനുമാകുന്നു. അതുതന്നെയാണ് ഉത്തമമായ ഏതു സര്‍ഗ്ഗസൃഷ്ടിയുടെയും പരമമായ ലക്ഷ്യവും.
മാനവരാശിയുടെ ആരംഭംമുതല്‍ ഇന്നുവരെ എല്ലാ തുറകളിലും പ്രത്യേകിച്ച് ആരോഗ്യപരിപാലനരംഗത്തും പരിത്യക്തതയുടെ നോവുകള്‍ പേറി നടക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളും നിഷ്‌കളങ്കരായ കുട്ടികളുംതന്നെയാണ് ഈ ഗ്രന്ഥത്തിന്റെയും വിഷയം. അവരെ ബാധിക്കുന്ന അര്‍ബുദത്തെപ്പറ്റി വിവരിക്കേണ്ടിവരുമ്പോള്‍ രചന കൂടുതല്‍ ഭീതിദമാകുകതന്നെ ചെയ്യുന്നു. സന്തോഷത്തിന്റെ ഉറവകളെല്ലാം വറ്റി വീര്‍പ്പുമുട്ടിക്കുന്ന വിഷാദചിന്തകള്‍ മാത്രമായി അന്ധകാരത്തില്‍ തപ്പിത്തടയുന്ന കാന്‍സര്‍ രോഗി. വിധിയുടെ ദുര്‍മുഖങ്ങളെ പഴിചാരിക്കൊണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കി ജീവിതാന്ത്യംവരെ നിരാശയും ദുഃഖവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അപ്പോഴൊക്കെ നാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ”നല്ലവനും സ്‌നേഹനിധിയുമായ ദൈവത്തിന് എങ്ങനെ ഇതൊക്കെ അനുവദിക്കാന്‍ കഴിയും?” ഒരുവേള ഈശ്വരനിഷേധത്തിലേക്കു നയിക്കുന്ന അവസരങ്ങളാണവ. കദനത്തിന്റെ കാഠിന്യത്തില്‍ ഈശ്വരനെതിരേ തിരിയുന്നു. ദൈവം സര്‍വ്വശക്തനാണെങ്കില്‍ എന്തുകൊണ്ട് ഈ അവസ്ഥ മാറ്റിത്തരുന്നില്ല?
ബൈബിളില്‍ പഴയനിയമത്തിലെ ജോബിന്റെ പുസ്തകം ഇതിന് ഉത്തമോദാഹരണമാണ്. നീതിമാനും തികഞ്ഞ ദൈവവിശ്വാസിയുമായിരുന്ന ജോബ് സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം നഷ്ടപ്പെട്ടപ്പോഴും ദൈവത്തിന് സ്തുതിയും നന്ദിയും പറഞ്ഞുകൊണ്ട് ജീവിക്കുന്നു. അവസാനം ശരീരം വ്രണങ്ങള്‍കൊണ്ട് നിറഞ്ഞപ്പോള്‍ ഭാര്യപോലും ദൈവത്തെ തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു. ആശ്വസിപ്പിക്കാന്‍ വന്ന സുഹൃത്തുക്കള്‍ പാപത്തിന്റെ ഫലമാണ് ഈ കഷ്ടതകള്‍ എന്ന് ആരോപിച്ചു. എന്നാലും ജോബ് ദൈവത്തിലുള്ള പ്രത്യാശ കൈവിട്ടില്ല. അവന്‍ പറഞ്ഞു: ‘കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ തിരുനാമം വാഴ്ത്തപ്പെടട്ടെ! (ജോബ് 1:21)’. അവസാനം, അഗ്നിപരീക്ഷകള്‍ക്ക് വിധേയമായ അവന്റെ വിശ്വാസത്തിന്റെ മാറ്റുരച്ചുനോക്കിയ ദൈവം പണ്ടുണ്ടായിരുന്നതിനെക്കാള്‍ സമൃദ്ധിയായി അവനെ അനുഗ്രഹിച്ചു. ദൈവപദ്ധതികള്‍ മനുഷ്യബുദ്ധിക്കും ജ്ഞാനത്തിനും അപ്രാപ്യമാണെന്ന് ജോബിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തീയവിശ്വാസപ്രകാരം സുഖവും സഹനവും ജീവിതത്തിന്റെ രണ്ടു വശങ്ങളാണ്. പീഡാസഹനം വഴി മനുഷ്യരക്ഷ സാധിക്കുക മാത്രമല്ല യേശു ചെയ്തത്; പ്രത്യുത നമ്മുടെ സഹനത്തെ അവിടന്ന് രക്ഷാകരമാക്കി. അപ്പോള്‍ നമ്മുടെ സഹനങ്ങള്‍ അര്‍ത്ഥശൂന്യമല്ല. സഹനത്തിലൂടെ ദൈവം നമ്മെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അങ്ങനെ ദുഃഖങ്ങളും രോഗഭാരങ്ങളും പുണ്യം വിളയുന്ന വിശുദ്ധ സാഹചര്യങ്ങളായി മാറ്റിമറിച്ചെടുക്കാന്‍ നമുക്ക് സാധിക്കണം. സ്ത്രീകളെ ബാധിക്കുന്ന നിഗൂഢവും ഭീഷണവുമായ അര്‍ബുദരോഗത്തിന്റെ കാരണങ്ങളും രോഗനിര്‍ണ്ണയവും ചികിത്സയും, ഹൃദ്യവും ലളിതവുമായ ഭാഷയില്‍ വായനക്കാരിലെത്തിക്കാന്‍ ഡോ. ശ്യാമള കുമാരി പ്രദര്‍ശിപ്പിക്കുന്ന പ്രാഗല്ഭ്യം എടുത്തുപറയേണ്ടതാണ്. കാന്‍സര്‍ രോഗനിര്‍ണ്ണയരംഗത്തുള്ള തന്റെ സുദീര്‍ഘമായ പരിചയസമ്പത്തിന്റെ വിപുലവും വിജ്ഞാനപ്രദവുമായ അവതരണമാണ് ഈ ഗ്രന്ഥത്തിലുടനീളം നാം കാണുന്നത്. ഞാനേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഈ ഭിഷഗ്വരപ്രതിഭ അനുകമ്പയും ആര്‍ദ്രതയും നിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയത്തിന്റെ ഉടമയാണ്. ഡോ. ശ്യാമള കുമാരി ഹൃദയത്തിന്റെ ഭാഷയില്‍ രചിച്ച ഈ വിശിഷ്ടകൃതി (‘അര്‍ബുദം: കുട്ടികളിലും സ്ത്രീകളിലും) സ്ത്രീകളിലെ അര്‍ബുദാധയെപ്പറ്റിയുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി കരുതാവുന്നതാണ്.