വ്യവസായ സംരംഭകത്വത്തില് കേരളം മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പിന്നിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില് വ്യാപകമായി കാണുന്നതുപോലുള്ള സംരംഭകധൈര്യം മലയാളികള്‍ക്കിടയില് അത്ര സാധാരണമല്ല. സ്വന്തമായി ഒരു വ്യവസായം ആരംഭിക്കുമ്പോള് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും, പരാജയപ്പെടുമോ എന്ന ആശങ്കയും സാധാരണ മലയാളിയെ സ്ഥിര ജോലിയുടെ പരിമിതമായ വരുമാനത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നു. വാസ്തവത്തില് ഒരു സമൂഹത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ തോത് വലുതാകണമെങ്കില് സ്വകാര്യസംരംഭകരുടെ രംഗപ്രവേശം കൂടിയേ കഴിയൂ. ഇന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വലിയ പ്രധാന്യം നല്‍കി ആരംഭിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മേയ്ക്ക് ഇന് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ സംരംഭകര്‍ക്കുള്ള സ്വാഗതസന്ദേശങ്ങളാണ്. ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ക്ക് ഉദാരവ്യവസ്ഥകളില്‍ വായ്പ അനുവദിക്കാന് ബാങ്കുകള്‍ക്കു ബാധ്യതയുണ്ട്. ഈ അനുകൂലാവസ്ഥയുടെ പ്രയോജനം കേരളത്തിന് ലഭ്യമാകണമെങ്കില്‍ നമ്മുടെ യുവാക്കള്‍ പുതിയ സംരംഭങ്ങളുമായി രംഗപ്രവേശം ചെയ്‌തേ മതിയാവൂ.
പല കാരണങ്ങള്‍കൊണ്ടാണ് യുവാക്കള്‍ സ്വന്തം സംരംഭങ്ങള് ഏറ്റെടുക്കാന് മടിക്കുന്നത്. വിജയസാദ്ധ്യതയുള്ള ആശയങ്ങളുടെ അഭാവമാണ് മുഖ്യഘടകം. എന്തെങ്കിലും ആശയം ഉടലെടുത്താല്‍തന്നെ അതിന്റെ സാദ്ധ്യതകള്‍, നിര്‍ദ്ദിഷ്ട ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വീകാര്യത, സാങ്കേതികവിദ്യയുടെ ലഭ്യത, വരുംകാലത്തിന്റെ അഭിരുചികള്, സാമ്പത്തിക കാര്യങ്ങള് എന്നിവയ്‌ക്കെല്ലാം സംരംഭകന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോള്‍ വളരെ മികച്ചതെന്ന് തോന്നുന്ന ആശയം മറ്റൊരാള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാവാം. നല്ലൊരുല്പ്പന്നം വരുംനാളുകളിള്‍ അപ്രസക്തമായേക്കാം. ഇപ്പോള്‍ വലിയ ഡിമാന്റില്ലാത്ത മറ്റൊരുല്‍പ്പന്നം മാറി വരുന്ന സാഹചര്യങ്ങളിള്‍ വലിയ വിജയമായിത്തീര്‍ന്നേയ്ക്കാം. സ്വന്തമായി ബിസിനസോ വ്യവസായമോ ആരംഭിക്കാന് തയ്യാറായി മുന്നോട്ടുവരുന്ന ഒരു വ്യക്തിക്ക് ഈ അറിവുകളെല്ലാം വളരെയേറെ വിലപ്പെട്ടതാണ്.
മികച്ച വരുമാനം ഉറപ്പാക്കാവുന്ന സ്വയംതൊഴില് സംരംഭങ്ങള് എന്ന ബൈജു നെടുങ്കേരി തയ്യാറാക്കിയ പുസ്തകത്തില് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രോജക്ടുകള്‍ മേല്‍പ്പറഞ്ഞ എല്ലാ ആശങ്കകളെയും ദൂരീകരിക്കുന്നു. തങ്ങളുടെ സാഹചര്യത്തിനും അഭിരുചിക്കും പശ്ചാത്തലത്തിനും യോജിച്ച സംരംഭങ്ങള്‍ ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളും ശീലങ്ങളും സൂക്ഷ്മമായി കണക്കിലെടുത്താണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മുന്‍പരിചയമില്ലാതെ ഈ മേഖലയിലേക്ക് കടന്നുവരുന്ന ഒരു യുവാവിന് / യുവതിയ്ക്ക് ആത്മധൈര്യം പകരാനുള്ള എല്ലാ വിവരങ്ങളും ഇതിലുണ്ട്. ഒപ്പം എളുപ്പത്തില്‍ ബാങ്ക് വായ്പ ലഭിക്കുവാന് സഹായിക്കുന്ന വിശദമായ പ്രൊജക്ട് വിരങ്ങളും ഉള്‍ പ്പെടുത്തിയിരിക്കുന്നു.
ഏത് പ്രോജക്ട് ആരംഭിക്കാമെന്ന് തീരുമാനിച്ചുകഴിഞ്ഞാലും അവശ്യം പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളുണ്ട്. സംരംഭകരുടെ വീര്യം കെടുത്താന്‍പോന്നതാണ് സര്‍ക്കാരാഫീസുകളിലെ അന്തമില്ലാത്ത നടപടിക്രമവും സുതാര്യതയില്ലായ്മയും അവ്യക്തതയും അഴിമതിയും. നിക്ഷേപസൗഹൃദ സംരംഭകസൗഹൃദ സംസ്ഥാനമെന്ന ഖ്യാതി നേടണമെങ്കില്‍ കേരളത്തിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. പരാജയഭീരുത്വമല്ല വിജയവിശ്വാസമാണ് നമ്മുടെ ചെറുപ്പക്കാരെ മുന്നോട്ട് നയിക്കേണ്ടത്. ഒരു കൊച്ചുവിത്തില്‍ മഹാവൃക്ഷം ഒതുങ്ങിയിരിക്കും പോലെ ഒരു കൊച്ചാശയത്തില്‍ വിജയത്തിന്റെ പൂമരം ഒളിച്ചിരിക്കുന്നുവെന്ന് മികച്ച വരുമാനം ഉറപ്പാക്കാവുന്ന സ്വയംതൊഴില് സംരംഭങ്ങള് എന്ന ഈ പുസ്തകം ഓരോ സംരംഭകനോടും പറയുന്നുണ്ട്.