പ്രകൃതിബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേയ്ക്ക് പരിണമിക്കുന്ന അപൂര്‍വ്വ അനുഭൂതി പകര്‍ന്നു നല്‍കുന്ന കവിതകളാണ് വീരാന്‍കുട്ടിയുടേത്. ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും ഹൈക്കുവിലും നിലയുറപ്പിച്ച് അനന്തമായ പറക്കലുകളിലേയ്ക്ക് അത് സഞ്ചാരമാരഭിക്കുന്നു. ഇത്തരത്തിലുള്ള 200ല്‍ അധികം കവിതകളാണ് വീരാന്‍കുട്ടിയുടെ കവിതകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
ഒരേ സമയം ലാളിതവും സാന്ദ്രവുമാണ് വീരാന്‍കുട്ടിയുടെ കവിതകളുടെ ഭാഷ. അലങ്കാരത്തിന്റെ വരേണ്യകാവ്യയഭാഷയെ അത് സ്വയം വെടിയുന്നു. 1997 മുതല്‍ ഒന്നരപതിറ്റാണ്ടുകാലം കൊണ്ട് എഴുതിയ കവിതകള്‍ ചേര്‍ത്താണ് വീരാന്‍കുട്ടിയുടെ കവിതകള്‍ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഊത്ത്, ജലഭൂപടം, മുറിവ്, സന്നദ്ധത, ആവിഷ്‌കാരം, പരല്‍മീനുകള്‍, ശ്രദ്ധ, ആട്ടം, ആളല്‍, നിന്നെപ്പറ്റി എന്നിങ്ങനെ വീരാന്‍കുട്ടിയുടെ കൈയ്യൊപ്പു പതിഞ്ഞവയാണ് സമാഹാരത്തിലെ കവിതകളോരോന്നും.
“കവിത അതെഴുതുന്ന ആളിന്റെ ജൈവസ്വരൂപമായി പിണഞ്ഞു കിടക്കുന്നതിനാല്‍ പുറമേ എത്ര വ്യത്യസ്തമാകാന്‍ ശ്രമിച്ചാലും അകമേ ഒരേ കവിതയുടെ തുടര്‍ച്ചതന്നെയാവും അവ. എങ്കിലും ഒരേ മട്ട് മുഷിയാന്‍ തുടങ്ങുമ്പോഴുള്ള ചില പുതുക്കലുകള്‍ എന്റെയും സ്വപ്‌നമാണ്. ചെറു കവിതാരൂപത്തിലേക്കുള്ള മാറ്റമെല്ലാം ഒരു ശ്രമത്തിന്റെ ഫലമായി സംഭവിച്ചത്. അതിന്റെ വിജയ പരാജയങ്ങള്‍ വായനക്കാര്‍ നിശ്ചയിക്കട്ടെ” എന്നാണ് തന്റെ കവിതകളെക്കുറിച്ച് വീരാന്‍ കുട്ടി പറയുന്നത്.
2013 ഡിസംബറില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിയുള്ളത്. ഡോ പ്രദീപന്‍ പാമ്പിരിക്കുന്ന് തയ്യാറാക്കിയ “മണ്ണുകൊണ്ട് ആകാശത്തിലെഴുതിയ ജീവിതങ്ങള്‍” എന്ന ആമുഖപഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപകനും സാഹിത്യകാരനുമായ വീരാന്‍കുട്ടി കോഴിക്കോടാണ് ജനിച്ചത്. ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടുതൊട്ടു നടക്കുമ്പോള്‍, മണ്‍വീറ്, ഓള്‍വെയ്‌സ് ഇന്‍ ബ്ലൂം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഉണ്ടനും നൂലനും, നാലുമണിപ്പൂവ്, കുഞ്ഞന്‍പുലി കുഞ്ഞന്‍മുയലായ കഥ എന്നീ ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാഠി ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.