ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലർത്തുന്ന ടി. പദ്മനാഭന്റെ കലാശിൽപ്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യങ്ങളാണ്. അനുവാചകരെ മോഹിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പന്ത്രണ്ട് കഥകൾ – തിരിഞ്ഞുനോട്ടം, ത്യാഗത്തിന്റെ രൂപങ്ങൾ, ശേഖൂട്ടി, ഭർത്താവ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, ഗോട്ടി, കൊഴിഞ്ഞു വീഴുന്ന മനുഷ്യാത്മാക്കൾ, ഒരു കൂമ്പുകൂടി കരിയുന്നു, തിന്നുവാൻ പറ്റാത്ത ബിസ്കറ്റ്, ആ മരം കായ്ക്കാറില്ല, ഭാവിയിലേക്ക്, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി. മലയാളത്തിന്റെ നിത്യ ചൈതന്യമായ ടി പദ്മനാഭന്റെ കഥാ സമാഹാരം പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി.
ഏകാകിയായിരുന്നു അയാള്‍. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവന്‍. ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടവന്‍. ഇനി മുന്നോട്ട് ജീവിതമില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് നടന്നവന്‍. ആത്മഹത്യക്ക് തീരുമാനമെടുത്തവന്‍. ജനനത്തിനും മരണത്തിനും ഇടയിലെ ആര്‍ത്തനാദം പോലെയുള്ള ജീവിതത്തിന്റെ ആ ഇടവേളയില്‍ അപ്രതീക്ഷിതമായാണ് ആ പെണ്‍കുട്ടി കടന്നുവരുന്നത്. ജീവിതത്തെ പറ്റി ലാഘവത്തോടെ കാണുന്നവര്‍.. പ്രത്യാശയോടെ കാണുന്നവള്‍..ശുഭാപ്തിവിശ്വാസം നിറഞ്ഞവള്‍..നിഷ്‌ക്കളങ്കമായി സ്‌നേഹിക്കാന്‍ കഴിവുള്ളവള്‍..അവളുമായുള്ള കണ്ടുമുട്ടല്‍ അയാളുടെ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം നല്കുന്നു. ടി പദ്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന കഥ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
എന്നും സൂര്യപ്രകാശവും പനിനീർപ്പൂക്കളുമുള്ള ലോകത്ത് ജീവിക്കുന്ന അവൾ എനിക്കു നീട്ടിയ ചോക്ലേറ് പുഞ്ചിരിയോടെ ഞാൻ വാങ്ങി. മരിക്കാൻ പോകുന്ന എനിക്കായിരുന്നു അവൾ ചോക്ലേറ് നീട്ടിയത്.അടുത്ത ആഴ്ച്ച വരണം എന്ന് പറഞ്ഞു അവൾ പോയപ്പോൾ എന്റെ ഹൃദയം വേദനിച്ചു.ഞാൻ ഏകാകിയാണ് , ഞാൻ ദുഖിതനാണ് , പക്ഷെ അടുത്ത നിമിഷം ഞാനോർമ്മിച്ചു. ആ കുട്ടി സ്വയം സന്തോഷിക്കുകയും ,മറ്റുള്ളവർ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവളാണ്. മനസ്സിൽ ഞാനറിയാതെ തന്നെ ഒരു പരിവർത്തനം നടക്കുകയായിരുന്നു. അന്ന് രാത്രി …..
1956 ല്‍ പുറത്തിറങ്ങിയ ഈ കഥ ഇതിനകം 11 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ ആദ്യ ഡി സി ബുക്സ് പതിപ്പിറങ്ങിയത് 1995 ലാണ്.പുസ്തകത്തിന്റെ പതിനൊന്നാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കൽ പത്മനാഭൻ എന്ന ടി പദ്മനാഭൻ ജനിച്ചത്. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. എഫ്.എ.സി.ടി (FACT) യിൽ നിന്ന് ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതിൽ പരം കഥകൾ എഴുതിയിട്ടുണ്ട്.
2001 ലെ വയലാർ അവാർഡ്. പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാ സമാഹാരത്തിന് ലഭിച്ചു.വള്ളത്തോൾ അവാർഡും ,ലളിതാംബിക അന്തർജ്ജനം സ്മാരക അവാർഡും , 2003 ലെ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും ടി പദ്മനാഭൻ നിരസിച്ചു.