മലയാളത്തിലെ പേരെടുത്ത സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും മലയാള സിനിമാ ടെക്‌നീഷ്യന്‍സിന്റെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റുമായ കമലിന്റെ സിനിമാ ജീവിതം പങ്കുവയ്ക്കുന്ന പുസ്തകമാണ് ആത്മാവിന്‍ പുസ്തകത്താളില്‍. കമലിന്റെ ആത്മകഥാംശമുള്ള ഈ പുസ്തകം ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാക്കാലംമുതല്‍ ഡിജിറ്റല്‍ സിനിമാക്കാലംവരെ നീളുന്ന മൂന്നു പതിറ്റാണ്ടുകളിലെ സിനിമാരംഗത്തിന്റെ ചരിത്രവും, വളര്‍ച്ചയും തളര്‍ച്ചയും എല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ ആവളയാണ് കമലിനൊപ്പം ചേര്‍ന്ന് ഈ പുസ്തകം തയ്യറാക്കിയത്. മലയാള ചലച്ചിത്രരംഗത്ത് മുതല്‍ക്കൂട്ടായ ഈ പുസ്തകത്തെക്കുറിച്ച് സാഹിത്യകാരനും എഴുത്തുകാരനുമായ റഹ്മാന്‍ കിടങ്ങയം തന്റെ വായനാനുഭവം ഡി സി ബുക്‌സുമായി പങ്കുവയ്ക്കുന്നു…
“ സിനിമ എന്ന മാധ്യമത്തോട് ഉല്‍ക്കടമായ അഭിനിവേശമുള്ള ഒരു സംവിധായക പ്രതിഭ താന്‍ കടന്നു പോയ പാതകളെ ഓര്‍മ്മിക്കുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ മുഴുവന്‍ ചരിത്രരേഖയായി മാറുന്നത് കമലിന്റെ ആത്മാവിന്‍ പുസ്തകത്താളില്‍ എ്ന്ന ഈ പുസ്തകത്തില്‍ കാണാം. സിനിമ എന്ന പ്രഭാവലയത്തില്‍ ആകൃഷ്ടരായി പറന്നെത്തിയ അനേകം ജീവിതങ്ങളുടെ തെളിയലിന്റെയും കരിയലിന്റെയും കഥ കൂടിയാണ് അത്. നായകന്‍മാര്‍ക്കും ജേതാക്കള്‍ക്കും മാത്രമേ ചരിത്രത്തില്‍ സ്ഥാനമുള്ളു എന്നും ഭൂരിപക്ഷമായ പരാജിതര്‍ക്കു വിസ്മരിക്കപ്പെടാനും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ അന്തിയുറങ്ങാനുമാണ് വിധി എന്നുമുള്ള സത്യം വേദനയോടെ പറഞ്ഞു വെക്കുന്ന പുസ്തകം കൂടിയാണ് ഇത്.
മുതുകുളം രാഘവന്‍പിള്ളയും നടി ശോഭയും അവരുടെ അമ്മ പ്രേമയുമടക്കമുള്ള നിരവധി മനുഷ്യരുടെ കഥകള്‍ വായനക്കാരനെ അസ്വസ്ഥപ്പെടുത്തും വിധം തീവ്രമാണ്.. അനുഭവങ്ങള്‍ ചിലപ്പോള്‍ ഏത് ഫിക്ഷനെയും കടത്തിവെട്ടുംവിധം അവിശ്വസനീയമാവുമല്ലോ. ജീവിച്ചിരിക്കുന്നവരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞവരുമായ അനേകം കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സ്വന്തം ജീവിതത്തിന്റെ ചരല്‍പ്പാതകളിലൂടെ ഓര്‍മ്മത്തേര് ഓടിക്കുന്ന കമല്‍ സ്വയം പുകഴ്ത്താനോ മറ്റുള്ളവരെ ഇകഴ്ത്താനോ ബോധപൂര്‍വ്വം ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഈ ഗ്രന്ഥത്തിന്റെ ശുദ്ധി വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം നിശ്ചയദാര്‍ഢ്യമാണ് ലക്ഷ്യത്തിലേക്കുള്ള ഇന്ധനം എന്നും ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന്റെ കല തന്നെയാണ് അവന്റെ ആത്മാവ് എന്നും ഒരു സന്ദേശം കൂടി പങ്കുവെക്കുന്നു. ഒരു നോവല്‍ പോലെ വായിച്ചു പോകാവുന്ന മനോഹരമായ ഭാഷ അനുഭവങ്ങളുടെ തീവ്രതയെ ഒട്ടുമേ ചോരാതെ സംരക്ഷിക്കുന്നു.”