കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്.
‘ബിരിയാണി‘ എന്ന പുതിയ കഥയും അതിന് നിദര്‍ശനമാണ്. ഒരു ഉത്തരേന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ നമ്മുടെ, മലയാളിയുടെ പൊതുബോധവുമായി സമന്വയിപ്പിക്കുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണി എന്ന കഥയിലൂടെ ചെയ്യുന്നത്. വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഖവുമാണ് ബിരിയാണിയുടെ പ്രതിപാദ്യം എന്നു സാമാന്യമായി പറയാമെങ്കിലും അതിലുപരി കുഴിവെട്ടിമൂടേണ്ട നമ്മുടെ കപട സദാചാരങ്ങളുടെ മേല്‍ വന്നുപതിക്കുന്ന മണ്‍പ്രഹരമായി ഈ കഥ മാറുന്നുണ്ട്.
‘ബിരിയാണി’, സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായപ്പോള്‍ ഉയര്‍ന്നുവന്ന ഒരാരോപണം, ഈ കഥ മുസ്ലിം വിരുദ്ധമാണെന്നായിരുന്നു. അതിന് കഥാകൃത്തുതന്നെ വിശദമായ മറുപടി നല്‍കിയിരുന്നു. കേരളത്തിന്റെ വടക്ക്, പ്രത്യേകിച്ച് കാസര്‍ഗോട്ടെ തന്റെ പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദു-മുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഇതിന്റെയൊക്കെ പൊള്ളത്തരം പൊതു സമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടപ്പെടണം എന്നുതന്നെയാണ് താന്‍ ലക്ഷ്യംവെച്ചതെന്നുമാണ്. അതേതെങ്കിലും മതത്തില്‍പ്പെട്ടവരുടെ മാത്രം കാര്യമായിട്ടല്ല. കഥയ്ക്കനുയോജ്യമായി കഥാപാത്രങ്ങളെ സൃഷ്ടിച്ചപ്പോള്‍ അത് മുസ്ലിം നാമധാരികളായിപ്പോയി എന്നു മാത്രം.
സന്തോഷ് ഏച്ചിക്കാനത്തിന്റെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഏഴു കഥകള്‍ ഉള്‍പ്പടുന്ന ‘ബിരിയാണി‘ എന്ന കഥാസമാഹാരം ഇപ്പോള്‍ ഡി സി ബുക്‌സ് പുറത്തിറക്കുകയാണ്. അതിന്റെ പ്രീ-ബുക്കിങ് ഓണ്‍ലൈന്‍വഴി ആരംഭിച്ചിട്ടുണ്ട്. പ്രീ-ബുക്കിങ് വഴി പുസ്തകം വാങ്ങുന്നവര്‍ക്ക് 90 രൂപയുടെ പുസ്തകം 75 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബര്‍ 10 വരെ പ്രീ -ബുക്കിങ് ചെയ്യാവുന്നതാണ്.
ശ്വാസം, കൊമാല, നരനായും പറവയായും എന്നീ കഥാസമാഹാരങ്ങളും മലബാര്‍ വിസിലിങ് ത്രഷ് എന്ന ഓര്‍മ്മപ്പുസ്തകവുമാണ് ഇപ്പോള്‍ വില്പനയിലുള്ള സന്തോഷ് ഏച്ചിക്കാനത്തിന്റെ മറ്റു പുസ്തകങ്ങള്‍.
The post സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥാസമാഹാരത്തിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചു appeared first on DC Books.