ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്. ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ഈ മാതൃക ഏറ്റെടുത്തത്തെങ്കിലും ഡി സി ബുക്‌സിന് ലഭിച്ച സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ല. പതിവുപോലെ ഈ വര്‍ഷവും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളെത്തുന്നു.
മലയാള സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ സാറാ ജോസഫ്, അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആര്‍ ഓമനക്കുട്ടന്‍, എസ് ഹരികിഷോര്‍ ഐഎഎസ് എന്നിവരാണ് അക്ഷര വിദ്യാരംഭത്തിന് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ രചനകളില്‍ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും ദര്‍ശിക്കുവാന്‍ സാധിക്കും. സ്‌കൂള്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ് കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി പ്രമുഖ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, പാപത്തറ എന്നിവയാണ് സാറാ ജോസഫിന്റെ ശ്രേദ്ധേയ നോവലുകള്‍.
പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീനിലകലില്‍ അഗ്രഗണ്യനാണ് പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍. എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായിരുന്നു. ഓമനക്കഥകള്‍, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, കാല്പ്പാട്, കോട്ടയം കഥകള്‍ തുടങ്ങിയ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
2007ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14ാം റാങ്കോടെ ഐ.എ.എസ് നേടിയ എസ് ഹരികിഷോര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. ടൂറിസം, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടംബശ്രീ മിഷനില്‍ സേവനമനുഷ്ഠിക്കുന്ന എസ് ഹരികിഷോര്‍ ഐഎഎസ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനുമുമ്പ് ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന വിജയമമന്ത്രങ്ങളടങ്ങിയ നിങ്ങള്‍ക്കും ഐഎഎസ് നേടാം, ഉന്നതവിജയത്തിന് 7 വഴികള്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വിജയദശമി ദിവസമായ ഒക്ടോബര്‍ 11-ാം തീയതി രാവിലെ എട്ടുമണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാനമന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 04812563114, 9846133336, 9946109101 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
The post ഡി സി ബുക്‌സില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാം appeared first on DC Books.