വായനക്കാര്‍ക്ക് ചിന്തിക്കാന്‍പോലുമാകാത്ത പ്രമേയങ്ങളുമായി ഞെട്ടിച്ചുകൊണ്ടാണ് ടി.ഡി.രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ മലയാള സാഹിത്യത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ആദ്യ നോവലായ ആല്‍ഫ മുതല്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ പുതുപരീക്ഷണങ്ങളുടെ മാന്ത്രികത. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ആശങ്കയോടെ വായന തുടങ്ങുന്ന ഒരു വായനക്കാര്‍ വൈകാതെ പുസ്തകത്തില്‍ ലയിച്ചുചേര്‍ന്ന് ഒരു മാന്ത്രികലോകത്തെത്തുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കണം എന്ന ആവേശം ഓരോ വായനക്കാരിലും ഉണര്‍ത്തിയാണ് അദ്ദേഹത്തിന്റെ ആഖ്യാനം പുരോഗമിക്കുന്നത്. ടി.ഡി.രാമകൃഷ്ണനെ പ്രിയങ്കരനാക്കുന്നത് ഈ രചനാശൈലിയാണ്.
ഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന് ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജി തിരഞ്ഞെടുത്ത ഇടമാണ് ആല്‍ഫ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. അതായിരുന്നു പരീക്ഷണം. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് പൂജ്യത്തില്‍ നിന്നു തുടങ്ങുക. സാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍ വീണ്ടും അനുഭവിക്കുക. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമായി നടത്തുന്ന ഈ പരീക്ഷണത്തിന്റെ കഥയാണ് ആല്‍ഫ പറഞ്ഞത്. നോവല്‍ ശക്തനായ എഴുത്തുകാരന്റെ രംഗപ്രവേശത്തിന് നാന്ദി കുറിച്ചു.
തുടര്‍ന്നാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ വരവ്. ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, നരഭോജിയായ മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഏറെ വിചിത്രവും ദുരൂഹവും അമാനുഷികവും ആയ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാര്‍ തുടര്‍ന്നുപോരുന്ന വിചിത്രാചാരങ്ങളും നോവലില്‍ കടന്നുവരുന്നു.
കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാള നോവല്‍ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍ 2009ലാണ് പുറത്തിറങ്ങിയത്. ഫ്രാന്‍സിസ് ഇട്ടിക്കോരക്കു ശേഷം വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും സംയോജിപ്പിച്ച് ടി ഡി രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതിയപ്പോള്‍ മലയാളനോവല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മായാലോകം ചുരളഴിയുകയായിരുന്നു.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേര-ചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.
പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര എന്നിവ. ടി.ഡി.രാമകൃഷ്ണന്‍ രചിച്ച സി.വി.ശ്രീരാമനും കാലവും എന്ന കൃതിയും സി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പതിനഞ്ചാമത്തെ വയസ്സില്‍ എല്‍.ടി.ടി.ഇ.യില്‍ ചേര്‍ന്ന ആന്റണി ദാസന്‍ ഷോഭാശക്തിയുടെ നോവലായ ‘മ്‘ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ടി.ഡി.രാമകൃഷ്ണനാണ്. സമാനമായ വിഷയത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും പിന്‍ബലത്തോടെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിലൂടെ അവതരിപ്പിച്ച് വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായ അദ്ദേഹത്തിന്റെ അനുഭവം ഈ വിവര്‍ത്തനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു മലയാളകൃതി പോലെ ആസ്വദിക്കാവുന്ന പുസ്തകമാണ് ‘മ്‘.
1961ല്‍ തൃശൂരിലാണ് ടി ഡി രാമകൃഷ്ണന്‍ ജനിച്ചത്. ആലുവ യു സി കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളര്‍. 2007ല്‍ മികച്ച തമിഴ് വിവര്‍ത്തകനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡും നല്ലിദിശൈഎട്ടും അവാര്‍ഡും നേടി. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ലെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. പുരസ്‌കാര വഴികളില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി അദ്ദേഹത്തെ ഏറെ മുന്നിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
The post അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രമേയങ്ങളുമായി ടി.ഡി.രാമകൃഷ്ണന്‍ appeared first on DC Books.