രാജ്യത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ കയറിപ്പറ്റിയ ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഫൈവ് പോയിന്റ് സംവണ്‍ ഇനി പാഠ്യവിഷയമാകും. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം പാഠ്യവിഷയമാകുന്നത്. സിബിസിഎസ് ന് കീഴില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പോപ്പുലര്‍ ലിറ്ററേച്ചര്‍ പേപ്പറായി ചേതന്‍ ഭഗതിന്റെ ഈ ജനപ്രിയ കൃതി പഠിക്കാനുണ്ടാവുക. ഇംഗ്ലീഷ് ഇതര വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ കോഴ്‌സായാണ് ഫൈവ് പോയിന്റ് സംവണ്‍ നോവല്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം ജെകെ റൗളിംഗിന്റെ ഹാരി പോര്‍ട്ടര്‍, ലൂസിയ മരിയ അല്‍ക്കോട്ടിന്റെ ലിറ്റില്‍ വുമണ്‍, അഗാതാ ക്രിസ്റ്റിയുടെ മര്‍ഡര്‍ ഒണ്‍ ദി ഓറിയന്റ് എകസ്പ്രസ് എന്നീ കൃതികളും ഫൈവ് പോയിന്റ് സംവണിനൊപ്പം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, യുവാക്കള്‍ക്കിടയില്‍ മാത്രം സൂപ്പര്‍ഹിറ്റായ ഒരു നോവലിനെ പാഠ്യവിഷയത്തില്‍ ഉള്‍പെടുത്തിയതില്‍ അധ്യാപകര്‍ അതൃപ്തി പ്രകടിപ്പിച്ചു. ജനപ്രിയ സാഹിത്യകൃതി എന്നതിന് അതിന്റേതായ സമ്പൂര്‍ണ്ണത ആവശ്യമാണ്. ഫൈവ് പോയിന്റ് സംവണ്‍ എന്ന കൃതിക്ക് ഇത്തരമൊരു യോഗ്യതയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഖല്‍സാ കോളേജ് അധ്യാപകന്‍ കുല്‍ജിത്ത് സിംഗ് വ്യക്തമാക്കി. ഒരു പക്ഷേ നോവല്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകമായിരിക്കാം. എന്നാല്‍ നോവല്‍ സിലബസില്‍ ഉള്‍പെടുത്താനുള്ള നിലവാരം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല.. ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം പുറത്തുവന്നതോടെ ഇതിനെതിരെ സോഷ്യല്‍മീഡിയയും ഇളകിയിരിക്കുകയാണ്.