”ആധുനികകാലത്തെ യുദ്ധകഥകള്‍ പലപ്പോഴും സാദൃശ്യമുള്ളവയാണ്. ആ സാദൃശ്യത്തിന് കാരണം സമാനമായ സാഹചര്യങ്ങളല്ല, സമാനമായ കഥാകഥന രീതികളാണ്. സൈനികത്തലവന്മാര്‍ വിജയത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ ആണയിടുന്നത് ആ കഥകളിലുണ്ടാകും. പുരുഷന്മാരായ നയതന്ത്രജ്ഞന്മാര്‍ ഗൗരവ മൂറുന്ന പ്രസ്താവനകള്‍ തട്ടിവിടും. പോരാളികള്‍-അവര്‍ ഭരണകൂടത്തിന്റെതായാലും വിമതസംഘ ങ്ങളുടെതായാലും,വീരന്മാരായാലും കൊള്ളക്കാരായാലും എല്ലായ്‌പ്പോഴും ആണുങ്ങള്‍ – വീരവാദം മുഴക്കുകയും ഭയങ്കരമായ വിജയമുദ്രകള്‍ ചുഴറ്റിക്കാണിക്കുകയും നാക്കു കൊണ്ടും തോക്കു കൊണ്ടും വെടിവെക്കുകയും ചെയ്യും.
എന്റെ രാജ്യമായ ലൈബീരിയയിലും ഇതേ രീതിയിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. ആഭ്യന്തരയുദ്ധം ഞങ്ങളെ പലതായി നുറുക്കിയ വര്‍ഷങ്ങള്‍ ; പലപ്പോഴും വിദേശികളായ പത്രപ്രവര്‍ത്തകര്‍ ആ ദു:സ്വപ്നം നേരിട്ടു രേഖപ്പെടുത്താനായി വരാറുണ്ടായിരുന്നു. ആ വിവരണങ്ങള്‍ ഒന്നു വായിച്ചു നോക്കൂ. ആ വീഡീയോ ദൃശ്യങ്ങള്‍ കണ്ടു നോക്കൂ. സര്‍വ്വനാശത്തിന്റെ ശക്തിയെ കുറിച്ചാണ് അവയെല്ലാം തന്നെ വാചാലമാകുന്നത്. നടന്നോ പിക്അപ് ട്രക്കുകളില്‍ സഞ്ചരിച്ചോ ആണ്‍കുട്ടികള്‍ നഗ്നമായ നെഞ്ചോടെ കൂറ്റന്‍ യന്ത്രത്തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്നതും തകര്‍ന്നടിഞ്ഞ നഗരവീഥികളില്‍ ഭ്രാന്തമായി ചുവടു വെക്കുന്നതും ശവശരീരങ്ങള്‍ക്കു ചുറ്റും ഇരയുടെ രക്തമൊലിക്കുന്ന ഹൃദയം കൈയിലേന്തി തിക്കിത്തിരക്കുന്നതും നിങ്ങള്‍ക്കു കാണാം. സണ്‍ഗ്ലാസും അരികില്ലാത്ത ചുവന്ന വട്ടത്തൊപ്പിയും ധരിച്ച ഒരു ചെറുപ്പക്കാരന്‍ ക്യാമറയോട് മര്യാദയൊട്ടുമില്ലാതെ പ്രതികരിക്കുന്നു:”ഞങ്ങള്‍ നിങ്ങളെ കൊല്ലും,ഞങ്ങള്‍ നിങ്ങളെ തിന്നും.”
നിങ്ങള്‍ ആ ദൃശ്യങ്ങള്‍ വീണ്ടും ശ്രദ്ധയോടെ കണ്ടു നോക്കൂ. ഇത്തവണ നോക്കേണ്ടത് ദൃശ്യങ്ങളുടെ പുറകിലേക്കാണ്. അവിടെയാണ് നിങ്ങള്‍ക്ക് സ്ത്രീകളെ കണ്ടെ ത്താനാകുന്നത്. ഓടിരക്ഷപ്പെടുകയും തേങ്ങിക്കരയുകയും കുഞ്ഞുങ്ങളുടെ ശവ ക്കുഴികള്‍ക്കു മുമ്പില്‍ കുമ്പിട്ടിരിക്കുകയും ചെയ്യുന്ന ഞങ്ങളെ നിങ്ങള്‍ക്കു കാണാം. യുദ്ധകഥകളുടെ പരമ്പരാഗതമായ വര്‍ണ്ണനയില്‍ സ്ത്രീകള്‍ എപ്പോഴും പിന്നാമ്പുറ ങ്ങളിലായിരിക്കും. ‘പ്രധാന’പ്പെട്ട കഥകള്‍ക്ക് മേമ്പൊടി ചേര്‍ക്കുക മാത്രമാണ് ഞങ്ങളുടെ സഹനം ചെയ്യുന്നത്;ഞങ്ങളെ കൂടെക്കൂട്ടുകയാണെങ്കില്‍ അത് ‘വൈകാ രികത തുളുമ്പുന്ന കഥകളു” ണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. ഞങ്ങള്‍ ആഫ്രിക്ക ക്കാരാണെങ്കില്‍ ആശയറ്റ ദയനീയഭാവങ്ങളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും തൂങ്ങി ക്കിടക്കുന്ന മുലകളുമായി ചിത്രീകരിക്കപ്പെടാനും പാര്‍ശ്വവല്ക്കരിക്കപ്പെടാനും സാദ്ധ്യതയേറെയാണ്. ഇരകള്‍. ലോകത്തിന് പരിചയമുള്ള ഞങ്ങളുടെ പ്രതിച്ഛായ ഇതാണ്,വില്‍ക്കാന്‍ എളുപ്പമായ പ്രതിച്ഛായയും ഇതു തന്നെയാണ്.
ഒരിക്കലൊരു വിദേശപത്രപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു,”ലൈബീരിയയിലെ യുദ്ധത്തിനിടെ നിങ്ങള്‍ മാനഭംഗത്തിനിരയായിട്ടുണ്ടോ?” ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അയാള്‍ക്ക് എന്നിലുള്ള താല്പര്യം നശിച്ചു!
ലൈബീരിയയിലെ യുദ്ധത്തിനിടയിലാരും തന്നെ സ്ത്രീജീവിതത്തിന്റെ മറുപുറയാഥാര്‍ത്ഥ്യം എഴുതിയതേയില്ല. പട്ടാളത്തില്‍ ചേര്‍ക്കാനോ കൊല്ലാനോ പുരുഷന്മാരെ തിരയുന്ന പട്ടാളക്കാരുടെ കണ്ണില്‍ നിന്നും സ്വന്തം ഭര്‍ത്താക്കന്‍മാരെയും ആണ്‍മക്കളെയും ഞങ്ങളെങ്ങനെ മറച്ചു പിടിച്ചെന്ന്,നരകകത്തീയുടെ നടുവിലും കാതങ്ങള്‍ താണ്ടി കുടുംബത്തിനു വേണ്ട ആഹാരവും വെള്ളവും എങ്ങനെ കണ്ടെത്തിയെന്ന്,ശാന്തിയും സമാധാനവും തിരികെ വരുമ്പോള്‍ പടുത്തുയര്‍ത്താനായി എന്തെങ്കിലും അവശേഷിച്ചിരിക്കണമെന്ന വാശിയോടെ ജീവിതത്തെ മുമ്പോട്ടു തന്നെ നയിച്ചതെങ്ങിനെയെന്ന്,പെണ്‍സാഹോദര്യകൂട്ടായ്മകളിലൂടെ എങ്ങനെ കരുത്തുണ്ടാക്കിയെന്ന്,മുഴുവന്‍ ലൈബീരിയക്കാര്‍ക്കും സമാധാനത്തിനും വേണ്ടി എങ്ങനെ ശബ്ദമു യര്‍ത്തിയെന്ന് ആരും അന്വേഷിച്ചതേയില്ല.
ഇത് സാമ്പ്രദായികമട്ടിലുള്ള യുദ്ധകഥയല്ല. മറ്റാരും തന്നെ നിവര്‍ന്നു നില്‍ക്കാത്ത ഒരു കാലത്ത് നിര്‍ഭയം നിവര്‍ന്നു നിന്ന, വെള്ളവസ്ത്രമണിഞ്ഞ പോരാളികളെ കുറിച്ചാണിത്. സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളെല്ലാം തന്നെ ഞങ്ങള്‍ അനുഭവിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്താനും ഞങ്ങളുടെ മണ്ണിലേക്ക് വിവേകം തിരിച്ചു കൊണ്ടു വരാനുമുള്ള ധീരതയും നിശ്ചയദാര്‍ഢ്യവും ധാര്‍മ്മികമായ സ്പഷ്ടതയും ഞങ്ങള്‍ നേടിയതെങ്ങിനെ എന്നതിനെക്കുറിച്ചാണ് ഈ ഓര്‍മ്മക്കുറിപ്പ്.
നിങ്ങളിത് മുമ്പ് കേട്ടു കാണാനിടയില്ല. ഇതൊരു ആഫ്രിക്കന്‍ സ്ത്രീയുടെ കഥയാണ്. ഞങ്ങളുടെ കഥകള്‍ അപൂര്‍വ്വമായേ പറയപ്പെടാറുള്ളൂ. നിങ്ങള്‍ എന്റെ കഥ കേള്‍ക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
‘സമാധാനത്തിന്റെ അമ്മ’ എന്നറിയപ്പെടുന്ന ലൈബീരിയൻ സ്ത്രീസമര നായിക ലെയ്‌മാ ബോവിയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഗ്രന്ഥമായ Mighty Be Our Powers: How Sisterhood, Prayer and Sex Changed a Nation at War – ന്റെ മലയാള വിവർത്തനമാണ്അസാധാരണമായ പെൺപോരാട്ടം. ലൈബീരിയ അടക്കമുള്ള രാജ്യങ്ങളിലെ സംഘര്‍ഷമേഖലകളിലെ പ്രധാന ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ലെയ്മ നടത്തുന്ന പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് ഈ പുസ്തകം. പുസ്തകത്തിന്റെ മലയാള വിവർത്തനം നിർവഹിച്ചിരിക്കുന്നത് സി കബനി.