ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ പോഷകാവശ്യങ്ങളില്‍ മാറ്റം വരുന്നു. ഗര്‍ഭധാരണം പ്രസവം, മാതൃത്വം എന്നീ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ജനനം മുതല്‍തന്നെ പ്രത്യേക പരിഗണനയും,സംരക്ഷണവും നല്‍കേണ്ടതുതന്നെ. ഒരു സ്ത്രീയെ സംബന്ധിച്ചും ഏറ്റവും സന്തോഷകരമായ അവസ്ഥയാണ് അമ്മയാവുക എന്നത്. മാനസിക-ആരോഗ്യകാര്യങ്ങളില്‍ എറ്റവും ശ്രദ്ധയര്‍പ്പിക്കേണ്ടതും ഈ സമയത്താണ്. ഗര്‍ഭകാലത്ത് അമ്മയിലുണ്ടാകുന്ന എന്തുപ്രശ്‌നങ്ങളും കുഞ്ഞുങ്ങളെയും ബാധിക്കും. ഇത് അവരുടെ വളര്‍ച്ചയെ സാരമായിബാധിക്കും. ഇതിനാല്‍ ഈക്കാലഘട്ടം അത്യന്തം ശ്രദ്ധയോടെവേണം കൈകാര്യം ചെയ്യാന്‍. അതിന് ചില മുന്നൊരുക്കങ്ങളുമാകാം. അമ്മയാകുക എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരഘട്ടമാണ് ഗര്‍ഭകാലം. സുഖകരമായ അനുഭവമാണെങ്കിലും അത്രതന്നെ ആയാസകരവുമാണ് ഈ സമയം.
ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ മൂന്നു മാസം മുമ്പേ ആരംഭിക്കണം. ആദ്യം തന്നെ ഗര്‍ഭിണിയാകാനുള്ള ആരോഗ്യം ഉണ്ടോ എന്നു പരിശോധിക്കണം. ശരീരഭാരം കൃത്യമാണോ, വിളര്‍ച്ച, രക്തസമമ്ര്‍ദ്ദം, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തണം. രക്തസമ്മര്‍ദ്ദമുള്ളയാളാണെങ്കില്‍ ഹൃദയം, കണ്ണ്, വൃക്ക തുടങ്ങിയവയെല്ലാം പരിശോധിപ്പിച്ച് കുഴപ്പമില്ല എന്നുറപ്പുവരുത്തണം. വിരശല്യമുണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ ഗര്‍ഭിണിയാകുന്നതിനുമുമ്പുതന്നെ കഴിക്കണം. ലൈംഗികരോഗങ്ങള്‍, മഞ്ഞപ്പിത്തം, കരള്‍രോഗങ്ങള്‍ എന്നിവയന്നുമില്ലെന്ന് ഉറപ്പുവരുത്തുക.ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നതിനു മുന്നു മാസം മുന്‍പേ ഫോളിക് ആസിഡ് കഴിച്ചുതുടങ്ങണം. ഗര്‍ഭസ്ഥശിസുവിന്റെ ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള കുഞ്ഞിന് ജന്‍മം നല്കണമെങ്കില്‍ കുഞ്ഞിന്റെ ഓരോ ഘട്ടത്തിലുമുള്ള വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിന്റെ ജനനത്തിനു മുമ്പും പിമ്പും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.ഗര്‍ഭകാലത്തെ ശരിയായ ആഹാരശീലം സുഖപ്രസവത്തിനു വഴിയൊരുക്കുന്നു. കൃത്യമായ അളവില്‍ ജീവകങ്ങളും ധാതുക്കളും ഇരുമ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ആഹരത്തില്‍ ഉള്‍പ്പെടുത്തുകവഴി ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാം. ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും ഇത് പുഷ്ടിപ്പെടുത്തും.
അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് അമ്മമാര്‍ കഴിക്കുന്ന ഭക്ഷത്തില്‍ ശ്രദ്ധവേണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ഒരു ഉത്തമം പാചകഗ്രന്ഥം പരിചയപ്പെടുത്തുകയാണ് ലില്ലി ബാബി ജോസ്. പ്രഗ്നന്‍സി കുക്കറി എന്ന പുസ്തകം ഗര്‍ഭകാലത്തും അതുകഴിഞ്ഞും അമ്മമാര്‍ കഴിക്കേണ്ട എല്ലാത്തരം ഭക്ഷണങ്ങളെയും അവയുടെ പാചകക്കൂട്ടകളും പരിചയപ്പെടുത്തുകയാണ് . വെറുമൊരു പാചകപുസ്തകമല്ലിത് മറിച്ച് ഒരു സ്ത്രീക്ക് ഗര്‍ഭകാലത്തും കുഞ്ഞിനെ പാലൂട്ടുന്ന സമയത്തും ആവശ്യമായ ഫോളിക്ക് ആസിഡ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, മിനറലുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ വിറ്റൈമിനുകളുള്ള ഭക്ഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗര്‍ഭകാലപോഷണം ഉറപ്പുവരുത്തുന്ന ഈ പുസ്തകത്തിലെ പാചകക്കറിപ്പുകള്‍ നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുമെന്ന് തീര്‍ച്ച. ഡി സി ലൈഫ്ഇംപ്രിന്റിലാണ് പ്രഗ്നന്‍സി കുക്കറി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗര്‍ഭകാലത്തു ക്ഷീണംമൂലം ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെ രുചികരമായ ഭക്ഷണം തയ്യാറാക്കി കഴിച്ച് ഈ കാലം ആനന്ദപ്രദമാക്കുക. പോഷകപ്രദാനമായ ഭക്ഷണം തയ്യാറാക്കി പറഞ്ഞിരിക്കുന്ന സമയത്തു കഴിക്കുക. ആവശ്യം വേണ്ടവിശ്രമമെടുക്കുക. കൃത്യമായി ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുക. ദിവസവും കുറച്ചു സമയമെങ്കിലും നടക്കുക. ആവശ്യത്തിനു ശുദ്ധജലം കുടിക്കുക. അടുക്കളയുടെയും സ്വന്തം ശരീരത്തിന്റെയും ശുചിത്വം നോക്കിയില്ലെങ്കില്‍ പലവിധ രോഗങ്ങളും ഈ സമയത്തു വന്നുചേരും. ഇതൊക്കെ ചെയ്തുകൊണ്ട് സുഖപ്രദമായ പ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി കാത്തിരിക്കാം.