മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്നലെ കുമരനെല്ലൂരിലെ ദേവായനം വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയാണ് പുരസ്‌കാരം കൈമാറിയത്.
പ്രശസ്തി പത്രം, മെഡലുകള്‍, അദ്ദേഹത്തെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ് എന്നിവ അദ്ദേഹത്തിന് കൈമാറി. പത്മാ പുരസ്‌കാര വിതരണം ദല്‍ഹിയില്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന് ശാരീരിക അവശതകളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
വൈകിയെത്തിയ വസന്തത്തെ നെഞ്ചോടണക്കുമ്പോള്‍ അദ്ദേഹത്തിന് ആരോടും പരിഭവമോ പരാതിയോ ഇല്ല. പറയാനുണ്ടായിരുന്നത് രണ്ട് വാക്കുകള്‍ മാത്രം. പ്രതീക്ഷിച്ചില്ല, ഏറെ സന്തോഷമുണ്ട്. എല്ലാ ബഹുമതികള്‍ക്കും അതിന്റേതായ മൂല്യമുണ്ട്, സമയമുണ്ട്. അത് ഒരിക്കലും താരതമ്യം ചെയ്യുവാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ നേരത്തെ ലഭിക്കും അല്ലെങ്കില്‍ മരണശേഷം. ചിലപ്പോള്‍ ലഭിക്കാതെയും പോകും. ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പോകുവാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും അക്കിത്തം പറഞ്ഞു.
ഭാര്യ ശ്രീദേവി അന്തര്‍ജനം, മക്കളായ ലീല, പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, നാരായണന്‍ എന്നിവരും സന്നിഹിതരായിരുന്നു. പാലക്കാട് എഡിഎം എസ്.വിജയന്‍, പട്ടാമ്പി തഹസില്‍ദാര്‍ കെ.ആര്‍.പ്രസന്നകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.പി.കിഷോര്‍, കപ്പൂര്‍ വില്ലേജ് ഓഫീസര്‍ ജോജോ സത്യദാസ് എന്നിവര്‍ പങ്കെടുത്തു.
Summary In English
Renowned poet Akitham Achuthan Namboothiri receives Pathmasree award from Palakkad District Collector P Merikutty at his house in Palakkad on Wednesday.