Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവസ്സുറ്റ ഏഴ് കഥകള്‍

$
0
0

biriyaniഎന്താ മോളുടെ പേര് എന്ന സിനാന്റെ ചോദ്യത്തിന് ബസ്മതി എന്ന് ഗോപാല്‍ യാദവ് ഉത്തരം പറഞ്ഞു. നികാഹ് കഴിഞ്ഞാ എന്ന ചോദ്യത്തിന് ഇല്ല എന്നുത്തരം പറഞ്ഞതോടെ പ്രതീക്ഷയോടെ പഠിക്ക്യാണോ എന്ന് ചോദിച്ചു സിയാന്‍. അല്ല, അവള്‍ മരിച്ചു എന്ന് അല്‍പം നിര്‍വികാരതയോടെ പറഞ്ഞ യാദവിനോട് എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ വിശന്നിട്ട് എന്ന് അയാള്‍ മറുപടി പറഞ്ഞു. എന്നിട്ട് ഗോപാല്‍ യാദവ് കലന്തനാജിയുടെ പേരക്കുട്ടിയുടെ ബാംഗ്ലൂരില്‍ നടന്ന കല്യാണത്തിന് നാട്ടിലൊരുക്കിയ സല്‍ക്കാരത്തില്‍ ബാക്കിയായി വന്ന കുന്നു കണക്കിന് ബസ്മതി അരിയുടെ ബിരിയാണിക്കു മേല്‍ മണ്ണ് കോരിയിട്ടു.

കേരളത്തില്‍ അടുത്തിടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയുടെ ക്ലൈമാക്‌സ് ഇതാണ്.

വിശന്നു മരിച്ച ബസ്മതിയും ധൂര്‍ത്തലോകം ചവിട്ടിയാഴ്ത്തുന്ന ബസ്മതിയും വെറുമൊരു ഉപകരണമായി നീറുന്ന ഗോപാല്‍ യാദവും സമകാലിക ഇന്ത്യന്‍ ദുരന്തമായി നമ്മെ ഭയപ്പെടുത്തുന്നു. ഒരു ഉത്തരേന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ നമ്മുടെ, മലയാളിയുടെ പൊതുബോധവുമായി സമന്വയിപ്പിക്കുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണി എന്ന കഥയിലൂടെ ചെയ്യുന്നത്. വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഖവുമാണ് ബിരിയാണിയുടെ പ്രതിപാദ്യം എന്നു സാമാന്യമായി പറയാമെങ്കിലും അതിലുപരി കുഴിവെട്ടിമൂടേണ്ട നമ്മുടെ കപട സദാചാരങ്ങളുടെ മേല്‍ വന്നുപതിക്കുന്ന മണ്‍പ്രഹരമായി ഈ കഥ മാറുന്നുണ്ട്.

ഒരു ഭാഗത്ത് ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും ഹര്‍മ്യങ്ങളുയരുമ്പോഴും മറുഭാഗത്ത് അസ്തിത്വം തന്നെ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് സന്തോഷ് ഈ കഥയിലൂടെ ചെയ്തത്. പ്രമുഖ ആഴ്ചപതിപ്പില്‍ അച്ചടിച്ചുവന്ന കഥ പലതരത്തില്‍ വായിക്കപ്പെട്ടു. കഥയുടെ മുസ്ലിം വിരുദ്ധത ഇതിനോടകം വിവാദമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സന്തോഷിന്റെ വിവാദമായ ബിരിയാണിയടക്കം ശ്രദ്ധിക്കപ്പെട്ട ഏഴ് കഥകളുടെ സമാഹാരം ബിരിയാണി എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കി.

biriyanyസന്തോഷിന്റെ കഥകളില്‍ ആഖ്യാനകലയുടെ വേറിട്ട ഒരു വശ്യതയുണ്ട്. അത്രമേല്‍ സ്വാഭാവികമായാണ് ഒരന്തരീക്ഷം വിടരുന്നത്. കീറിമുറിക്കപ്പെടുന്ന ജനതയുടെ മനോവികാരങ്ങളെ അദ്ധ്വാനത്തിന്റെ ഇടര്‍ച്ചകളില്‍ അതടയാളപ്പെടുത്തുന്നു. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, u v w x y z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരതകളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ ഏഴ് കഥകളാണ് ബിരിയാണി എന്ന കഥാസമാഹാരത്തിലുള്ളത്.

90 രൂപ വിലയുള്ള പുസ്തകം പ്രീബുക്കിങ് വഴി 75 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. അതിന്റെ പ്രീബുക്കിങ് ഓണ്‍ലൈന്‍വഴി ആരംഭിച്ചു. സെപ്റ്റംബര്‍ 10 വരെ പ്രീ ബുക്കിങ് ചെയ്യാവുന്നതാണ്.

The post സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവസ്സുറ്റ ഏഴ് കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>