ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി സമ്മാനിച്ച അദ്ദേഹത്തിന്റെ കവിതകള്‍ അനുവാചകന്റെ മനസില്‍ വേറിട്ട ഭാവം നല്‍കി. ശബ്ദത്തിലൂടെയും രാകിമിനുക്കി മൂര്‍ച്ഛ വരുത്തിയ വാക്കുകളിലൂടെയും കവിതാസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച മധുസൂദനന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ നെയാറ്റിങ്കര താലൂക്കില്‍പ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛന്‍ കെ. വേലായുധന്‍ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനില്‍ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികള്‍ മധുസൂദനന്‍ നായരില്‍ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യകലത്ത് കേരളശബ്ദത്തിന്റെ കുങ്കുമം വാരികയിലും കോണ്‍ഗ്രസ്സിന്റെ മുഖപ്പത്രമായ വീക്ഷണത്തിലും ജോലി നോക്കി. പിന്നീട് തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം അവതാരകനായി കുറച്ചുകാലമുണ്ടായിരുന്നു. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിഭാഷാ വിഭാഗത്തില്‍ സഹ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റ് സേവിയേഴ്‌സ് കോളജില്‍ മലയാള വിഭാഗം തലവനായിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
കുട്ടിക്കാലം മുതല്‍ക്കേ കവിതകളെഴുതുമായിരുന്നുവെങ്കിലും, മധുസൂദനന്‍ നായരിലെ കവിയെ മലയാളികളറിയുന്നത് 1980 കളിലാണ്. നാറാണത്ത് ഭ്രാന്തന്‍ എന്ന കവിത പ്രസിദ്ധീകരിക്കുന്നതോടെ. പിന്നീട് ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകള്‍, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം,അച്ഛന്‍ പിറന്ന വീട്, പുരുഷമേധം, ഒരു പന്തമെരിയുന്നു, സാക്ഷി, കിളിപ്പാട്ട്, ഒരു കിളിയും അഞ്ച് വേടന്മാരും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു.
മലയാള കവിതയെ അതിന്റെ ആകാശ വിശാലതയിലേയ്ക്കു പന്തലിപ്പിച്ച മധുസൂദനന്‍ നായരുടെ ആദ്യകവിതാ സമാഹാരമാണ് നാറാണത്ത് ഭ്രാന്തന്‍ . ഈ സമാഹാരത്തിലെ പതിനെട്ടു കവിതകളിലോരോന്നും ഓരോ കാവ്യാനുഭവം തന്നെയാണ് വായനക്കാരന് സമ്മാനിക്കുന്നത്. സമാന സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും, അതേ സമയം ഓരോന്നും വെവ്വേറെയായിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കവിതകളുടെ പ്രത്യേകത. 1992 ഡിസംബറിലാണ് നാറാണത്ത് ഭ്രാന്തന്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഓരോ വര്‍ഷവും ഒന്നും രണ്ടും മൂന്നും പതിപ്പുകള്‍വീതമുണ്ടായി.
ഗാന്ധര്‍വം, നെയ്യാറ്, ബാലശാപങ്ങള്‍, മായിയമ്മ, ഏഴ് ചുവടുകള്‍, വിഷമദശാന്തരം, അന്യോന്യം, കല്ലുദൈവം, സ്ത്രീയേ നമുക്കിനി മറക്കാം, കലിനളന്‍, കിളി മരം ഭൂമി, പുരുഷമേധം എന്നിങ്ങനെ ദര്‍ശനത്തിന്റെയും സൗന്ദര്യത്തിന്റെയും നവീനലോകം തീര്‍ക്കുന്ന മധുസൂദനന്‍ നായരുടെ പന്ത്രണ്ടു കവിതകളുടെ സമാഹാരമാണ് ഗാന്ധര്‍വം.
കാവ്യാസ്വാദകരുടെ ഇടയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ച ‘നാറാണത്ത് ഭ്രാന്ത‘നില്‍ നിന്ന് ഏറെ ദൂരം പോന്ന കവിയെയാണ് ‘ഗാന്ധി’യില്‍ നാം കാണുക. എങ്കിലും ‘നാറാണത്തുഭ്രാന്തന്‍’ മുതല്‍ മധുസൂദനന്‍ നായര്‍ ശ്രദ്ധാപൂര്‍വ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ തുടര്‍ച്ച ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. 25 കവിതകളുടെ സമാഹാരമാണിത്.
മലയാളത്തിന്റെ അക്ഷരതേജസ്സായ ഒ.എന്‍.വി.കുറുപ്പിന് സമര്‍പ്പിച്ച ‘സ്വസ്തി’ , ‘ജനമേ.. ജയ ജയ’, ‘സംവത്സരച്ചിന്തുകള്‍’, ‘അമ്മേ’ തുടങ്ങിയ പതിനഞ്ചോളം കവിതകള്‍ കൂടി ഉള്‍പ്പെട്ട പുസ്തകമാണ് അച്ഛന്‍ പിറന്ന വീട്. 2014ല്‍ പ്രസിദ്ധീകരിച്ച പുസ് തകത്തിന് കേരള കലാ സാഹിത്യ അക്കാദമിയുടെ മഹാകവി എം.പി.അപ്പന്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.
ആതുരനായ രാമനെ, ലക്ഷ്മണന്‍ അഗസ്ത്യകൂടത്തിലേക്കു നയിക്കുന്നതായി കല്‍പ്പിച്ചു കൊണ്ടാണ് ‘അഗസ്ത്യ ഹൃദയം’ എന്ന കവിതയുടെ ആരംഭം. രക്ഷയുടെ ബിന്ദുവാണ് അഗസ്ത്യന്‍. രാമരാവണയുദ്ധത്തില്‍ തളര്‍ന്ന രാമന്റെ രക്ഷകനായി മാറുന്നു അഗസ്ത്യന്‍. എന്നാല്‍ ഇന്നത്തെ രാമന്‍ അഗസ്ത്യനെ തേടി അലയുന്നു. സഹജീവജാലങ്ങളുടെ ശ്രേയസ്സിനും പ്രേയസ്സിനുമുള്ള കര്‍മ്മം ചെയ്യാതെ, സ്വാധികാരമദം കൊണ്ട്, സ്വയം ആതുരനും അരക്ഷിതനും ആയിത്തീര്‍ന്ന നവരാമന്‍ അഭയം തിരക്കുന്നവനാണ് എന്ന് അഗസ്ത്യ ഹൃദയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
1986 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്, 1991 ല്‍ കെ. ബാലകൃഷ്ണന്‍ അവാര്‍ഡ് , 1993 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആശാന്‍ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി ചെറുതുംവലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ മധുസൂദനന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.
The post ജനപ്രിയ കവിയുടെ രചനാലോകം appeared first on DC Books.