ആധുനിക കര്‍ണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന സുപ്രസിദ്ധ ഗ്രന്ഥമാണ് ‘ചതുര്‍ദണ്ഡീപ്രകാശിക’. വെങ്കടമഖി എന്ന സുപ്രസിദ്ധ കര്‍ണ്ണാടക സംഗീത പണ്ഡിതന്‍ ആണ് ഇതിന്റെ കര്‍ത്താവ്. ഇന്നു പരക്കെ പ്രചാരത്തില്‍ ഇരിക്കുന്ന 72 മേളരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുര്‍ദണ്ഡീപ്രകാശികയിലൂടെയാണ്. സംസ്‌കൃത ഭാഷയില്‍ 1200ല്‍ അധികം ഈരടികളുള്ള ചതുര്‍ദണ്ഡീപ്രകാശികയില്‍ വീണാ, ശ്രുതി, സ്വരം, മേളം, രാഗം, ആലാപനം, ഥായം, ഗീതം, പ്രബന്ധം, താളം എന്നിവ വിവരിക്കുന്നു. ഇതില്‍ താളം ഒഴികെയുള്ള ഒന്‍പത് പ്രകരണങ്ങളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. താളവും കൂടിച്ചേര്‍ത്ത് പത്ത് പ്രകരണങ്ങളാണ് ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ചിട്ടുള്ളതായി അറിയുന്നതെങ്കിലും കിട്ടിയിട്ടുള്ള ഭാഗത്തില്‍ പ്രബന്ധം തന്നെ പൂര്‍ത്തിയാകാതെയാണിരിക്കുന്നത്. സംഗീത ശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തി രണ്ട് മേളകര്‍ത്താ രാഗങ്ങളെ കെട്ടിയുണ്ടാക്കി ആധുനിക മേളകര്‍ത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്യുകയാണ് വെങ്കടമഖി ചതുര്‍ദണ്ഡീപ്രകാശികയിലൂടെ ചെയതത്.
72-മേളകര്‍ത്താരാഗപദ്ധതി ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ അടിത്തറ തന്നെയാണെന്ന് പറയാം. ഇന്നത്തെ നിലയിലല്ലെങ്കിലും എത്രയോ വര്‍ഷങ്ങള്‍ നിരവധി സംഗീതജ്ഞന്‍മാരുടെ ഗവേഷണനിരീക്ഷണങ്ങളുടെ ഫലമായി ഉണ്ടായ ഈ പദ്ധതി കുറ്റമറ്റതാണെന്ന് പണ്ഡിതന്‍മാര്‍ തലകുലുക്കി സമ്മതിച്ചതാണ്. ചില പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നു പറയാന്‍ വയ്യെങ്കിലും ഈ പദ്ധതിയെ കൂടുതല്‍ പരിഷ്‌കരിക്കാന്‍ ഇപ്പോഴാരും ധൈര്യപ്പെടുന്നുമില്ല.
അസമ്പൂര്‍ണ്ണമായും സമ്പൂര്‍ണ്ണമായും പല മേളകര്‍ത്താപദ്ധതികളും പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ടെങ്കിലും വെങ്കിടമഖി എന്ന മഹാന്റെ പദ്ധതിയും ഗോവിന്ദാചാര്യരുടെ പദ്ധതിയുമാണ് പരക്കേ അംഗീകരിക്കപ്പെട്ടത്. യഥാക്രമം രണ്ടുപേരുടെയും ചതുര്‍ദണ്ഡിപ്രകാശിക, സംഗ്രഹചൂഡാമണി എന്നീ രണ്ടു ഗ്രന്ഥങ്ങളിലാണ് ഈ പദ്ധതികള്‍ ലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയില്‍ രണ്ടിലും രാഗനാമങ്ങള്‍ വ്യത്യസ്തമാണ്. സമകാലികരായിരുന്നുവെങ്കിലും മുത്തുസ്വാമിദീക്ഷിതരും ത്യാഗരാജസ്വാമികളും രാഗനാമങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. മുത്തുസ്വാമിദീക്ഷിതര്‍ വെങ്കിടമഖിയുടെ നാമകരണരീതിയെ അംഗീകരിച്ച് കനകാംബരി, ഫേനദ്യുതി.. എന്നിങ്ങനെയായിരുന്നു മേളകര്‍ത്താരാഗനാമങ്ങള്‍ സ്വീകരിച്ചത് ദീക്ഷിതരുടെ ഒട്ടുമിക്ക കൃതികളിലും രാഗമുദ്ര കാണുന്നതുകൊണ്ട് അതിനു വേറെ തെളിവുകള്‍ ആവശ്യമില്ല.
സംഗീതരചനകളുടെ സാഹിത്യവും,സംഗീതവും ഒരേയാള്‍ തന്നെ നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹത്തെ വാഗ്ഗേയകാരന്‍ എന്നു വിളിക്കുന്നത് (വാക്ക് സാഹിത്യവും ഗേയം സംഗീതവും) . കോടീശ്വരഭാരതിയെന്നും അറിയപ്പെട്ടിരുന്ന കോടീശ്വര അയ്യര്‍ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഉത്തമ വാഗ്ഗേയകാരനായിരുന്നു. ധാരാളം സംഗീതകൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും കര്‍ണാടകസംഗീതമെന്ന് വിളിക്കപ്പെടുന്ന ദക്ഷിണഭാരതീയസമ്പ്രദായത്തിന്റെ അടിസ്ഥാനശിലയായി കരുതാവുന്ന 72 മേളകര്‍ത്താരാഗങ്ങളിലും കൃതികള്‍ രചിച്ച മഹാന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടേണ്ടതും അറിയപ്പെടുന്നതും. ഈ കൃതികള്‍ സമാഹരിച്ചിരിക്കുന്ന കന്ദനഗാനാമുദം എന്ന തമിഴ് ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ മേളരാഗാമൃതം എന്നപേരില്‍ നമ്മുടെ മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രശസ്ത കര്‍ണ്ണാടകസംഗീതജ്ഞനും സംഗീത ഗവേഷകനുമായ അജിത് നമ്പൂതിരി വിവര്‍ത്തനം ചെയ്തു തയ്യാറാക്കിയ ഈ പുസ്തകം സംഗീതത്തെ ഗൗരവമായി സമീപിക്കുന്ന ഏതൊരാള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.