സേതു ജനിച്ചു വളർന്ന സ്ഥലത്തെ ജൂതരുടെ കഥയാണ് ആലിയ. ലോകമൊട്ടാകെ ജൂതന്മാർ പരക്കെ ആക്രമണം നേരിട്ടപ്പോൾ കേരളം അവരെ സ്വാഗതം ചെയ്തു. ഇന്ത്യയിൽ ആദ്യമായി ജൂതന്മാർ എത്തിയത് കേരളത്തിലാണെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ കൊടുങ്ങല്ലൂരിലേക്കും കൊച്ചിയിലേക്കും കുടിയേറിയ ജൂതസമൂഹത്തിന് പിന്നീടിവിടം പിറന്ന മണ്ണായി.
കേരളത്തിന്റെ തനതു സംസ്കാരവുമായി ഇഴുകിച്ചേർന്നു ജീവിച്ചിട്ടും, ഒരിക്കൽ ഇസ്രയേലിലേക്കു മടങ്ങണമെന്ന മോഹം ഉള്ളിലൊതുക്കുന്ന ജൂതർ , അവരുടെ പിതൃ ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് സേതുവിൻറെ ആലിയ.
1948 മേയ് 14-ന് ഇസ്രായേല്‍ പിറവിയെടുത്തു. രാജ്യ രൂപീകരണത്തിന് നേതൃത്വം നൽകിയ ഇസ്രായേൽ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗുറിയോൺ ജൂതരെ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടതോടുകൂടി മനസ്സിൽ അടക്കിവച്ച വാഗ്ദത്ത ഭൂമിയുടെ ഓർമ്മകൾ അവരിൽ തിളച്ചുപൊങ്ങി. അതോടുകൂടി കൂടി മിക്കവരും ഇസ്രായേലിലേക്ക് മടങ്ങി.
തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന ഒരു ജനത, കേട്ട് കേള്‍വി മാത്രമുള്ള ഒരു വാഗ്ദത്ത ഭൂമിയിലേക്ക് പറിച്ചു നടുമ്പോള്‍ അതു വരെ ജീവിച്ച ഭൌതിക/സാംസ്‌കാരിക/സാമൂഹിക സാഹചര്യങ്ങളെ, അവർ നേരിട്ടതെങ്ങിനെ എന്ന വസ്തുതാപരമായ സാഹചര്യങ്ങളാണ് ആലിയ എന്ന നോവലിൽ സേതു വിശദീകരിക്കുന്നത്
തീര്‍ത്തും അപരിചിതമായ മരുഭൂമിയിലേക്ക് ഒരു പലായനം എങ്ങനെ ആണ് അവര്‍ നേരിട്ടത് ? കുടിയേറ്റത്തിനു ശേഷം കുടിയേറിയ വ്യക്തി എങ്ങനെ പുതിയ ജീവിത സാഹചര്യങ്ങളോടു പോരുത്തപെട്ടു ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി ആലിയയിൽ ഒന്നും അവശേഷിക്കുന്നില്ല. സേതുവിൻറെ ചേന്ദമംഗലം ഗ്രാമത്തിലെ യഹൂദരുടെ സാമൂഹിക ജീവിതം വരച്ചു കാട്ടുകയാണിവിടെ. അവിടത്തെ ജൂതപ്പള്ളിക്ക് കീഴിലായി ഏകദേശം 200 ജൂതന്മാർ ഉണ്ടായിരുന്നതായി സേതു പറയുന്നു. ചേന്ദമംഗലം ഗ്രാമത്തിൽ വളരെയധികം ആദരവുളവാക്കുന്ന രീതിയിലായിരുന്നു അവരുടെ ജീവിതം. ഗ്രാമത്തിൽ ആദ്യമായി പത്രം , ഇലക്‌ട്രിസിറ്റി , ടെലഗ്രാം , ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഗ്രാമീണജീവിത സൗകര്യങ്ങളുടെ ആദ്യ സംഭാവന സോളമനിലൂടെയായിരുന്നു.
കേരളത്തിൽ ജൂതന്മാരുടെ തുടക്കം
2001 സെന്‍സസ് പ്രകാരം കേരളത്തില്‍ 51 ജൂതന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് കേവലം 29 ആയി ചുരുങ്ങിയിരിക്കുന്നു. പഴയ മുസിരിസ് തുറമുഖത്തായിരുന്നു ഇവരുടെ വരവ്. പിന്നീട് അസീറിയന്മാരും ബാബിലോണിയരും റോമാക്കാരുമൊക്കെ പാലസ്തീന്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് എത്തപ്പെട്ടവരാണ് കേരളത്തിലെ ആദ്യ ജൂതന്മാര്‍. 1341-ലെ വെള്ളപ്പൊക്കത്തില്‍ മുസിരിസ് തുറമുഖം ഇല്ലാതായതോടെയാണ് കൊച്ചിയിലേക്ക് ജൂതന്മാര്‍ നീങ്ങാന്‍ കാരണം. ജൂതവിരോധികളായ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ ആക്രമിച്ചതോടെ കൊച്ചിയിലേക്കും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള അവരുടെ പലായനം ശക്തിപ്പെടുകയും ചെയ്തു. പാലസ്തീനില്‍ നിന്നെത്തിയവര്‍ കറുത്ത ജൂതന്മാരായും യൂറോപ്പില്‍ നിന്നും ബാഗ്ദാദില്‍ നിന്നും സ്‌പെയിനില്‍ നിന്നുമൊക്കെ പില്‍ക്കാലത്ത് കേരളത്തിലേക്ക് എത്തിയവര്‍ വെളുത്ത ജൂതന്മാരായുമാണ് കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടായിരുന്ന ജൂതന്മാരുടെ പിന്‍ തലമുറക്കാരാണ് തങ്ങളെന്ന് കറുത്ത ജൂതരും വെളുത്ത ജൂതരും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വെളുത്ത ജൂതരുടെ വരവ് 1512നുശേഷമാണെന്നാണ് കറുത്ത ജൂതന്മാര്‍ പറയുന്നത്. കൊടുങ്ങല്ലൂരിലെ ജൂതപ്രമാണിയായ ജോസഫ് റബ്ബാന് ഭാസ്‌കരരവിവര്‍മ്മന്‍ എന്ന ചേരമാന്‍ പെരുമാള്‍ എ ഡി 1000-ല്‍ പ്രസാദിച്ചു നല്‍കിയ തിട്ടൂരമാണ് കേരളത്തിലെ ജൂതന്മാരെ സംബന്ധിച്ച ഏറ്റവും പൗരാണികമായ ചരിത്രരേഖ.
നോവലിൽ സേതുവിൻറെ സ്ത്രീകൾ മാറ്റങ്ങളുടെ ഉത്പ്രേരകമായിരുന്നു. കൊച്ചിയിലെ ജൂത ടൗണിൽ ജീവിക്കുന്ന സോളമന്റെ ‘അമ്മ റബേക്ക സൈക്കിൾ യാത്ര ശീലമാക്കിയ പുരോഗമനവാദിയായ ഒരു സ്ത്രീയായിരുന്നു. സോളമന്റെ മൂത്ത അമ്മാവന്റെ ഭാര്യ എസ്തറിന്റെ ബാഗ്ദാദി ശിക്ഷണത്തിലുള്ള ഒരു പേർഷ്യൻ പൈതൃകം നോവലിൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു. നോവലിലെ മറ്റൊരു കഥാപാത്രമാണ് എൽസി . സോളമന്റെ പ്രണയമാണ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച എൽസി.
ചരിത്രവും ഫാൻറസിയും മിത്തും കഥയുമൊക്കെച്ചേർന്ന ഒന്നാണ് ആലിയ. ഇസ്രയേലിലെ വാഗ്ദത്ത ഭൂമിയിലേക്കു തിരികെ പോകാൻ അതിയായി ആഗ്രഹിച്ച ജൂതകുടുംബത്തിന്റെ കഥയിലൂടെ, രാജ്യത്തെ ജൂതരുമായി ബന്ധപ്പെട്ട വലിയ വിഷയമാണു സേതു അവതരിപ്പിച്ചിരിക്കുന്നത്.
പാലക്കാട് ഗവ. വിക്ടോറിയ കോളജ്, തിരുവനന്തപുരം വിമൻസ് കോളജ്, തൃപ്പൂണിത്തുറ ആർഎൽവി എന്നിവടങ്ങളിൽ ദീർഘകാലം ഇംഗ്ലിഷ് അധ്യാപികയായിരുന്ന കാതറിൻ തങ്കമ്മയാണ് സേതുവിൻറെ ആലിയ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.ഹാർപർ കോളിൻസ് ആണ് പ്രസാധകർ.പുസ്തകത്തിന്റെ വില 399 രൂപ.