നാടകകൃത്ത്, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, അദ്ധ്യാപകന്‍, ഉപന്യാസകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.ജെ.തോമസിന്റെ ഏറെ പ്രശസ്തമായ നാടകങ്ങളില്‍ ഒന്നാണ് 1128ല്‍ ക്രൈം 27. മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധീരമായ പരീക്ഷണമായി ഇന്നും നിലകൊള്ളുന്ന ഈ നാടകം അരങ്ങിലെന്നപോലെ സാഹിത്യത്തിലും സ്വീകരിക്കപ്പെട്ടു. നാടകത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിറങ്ങി.
മര്‍ക്കോസ് എന്ന തൊഴിലാളിയെ ചൂളയില്‍ എറിഞ്ഞ് കൊന്നതിന്റെ പേരിലുള്ള വിചാരണയും അനന്തര നടപടികളുമാണ് നാടകത്തിന്റെ പ്രമേയം. പലതട്ടുകളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങള്‍ ഒന്നിച്ചു വരുമ്പോഴത്തെ വിഭ്രാന്തമായ അവസ്ഥ ചോരാതെ ഗൗരവമേറിയ ഒരു പ്രശ്‌നം അവതരിപ്പിച്ച നാടകമാണിത്. രൂക്ഷമായ സാമൂഹ്യ വിമര്‍ശനത്തിലൂടെ ശ്രദ്ധേയമായ നാടകം ഏറെ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു.
മലയാള നാടകസാഹിത്യത്തിലെ ഏറ്റവും ധീരമായ പരീക്ഷണങ്ങളിലൊന്നായിരുന്ന 1128ല്‍ ക്രൈം 27 1954ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1982ല്‍ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങി. കേരളം ഇന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഈ പുസ്തകത്തിന്റെ 16ാമത് ഡി സി പതിപ്പ് ഇപ്പോള്‍ വിപണില്‍ എത്തി. നാടകം സാഹിത്യരൂപമെന്ന നിലയില്‍ എന്ന തലക്കെട്ടോടെ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു എഴുതിയ പഠനവും ഉള്‍പ്പെടുത്തിയാണ് ഈ നാടക കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡെമോക്രാറ്റ്, കഥ, പ്രസന്നകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു സി.ജെ.തോമസ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളടക്കം ഇരുപതോളം രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1960 ജൂലൈ 14ന് നാല്പത്തിയൊന്നാം വയസ്സില്‍ അദ്ദേഹം നിര്യാതനായി. കാല്‍വരിയിടെ കാല്‍പപാദപം ആ മനുഷ്യന്‍ നീ തന്നെ തുടങ്ങിയ നാടകങ്ങളും സി.ജെ വിചാരവും വീക്ഷണവും എന്ന ലേഖന സമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.