മനുഷ്യമനസ്സിന് ആവശ്യമായ പോഷകാഹാരപ്പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നല്‍കുന്ന പുസ്തകമാണ് 366 ജീവിതവിജയമന്ത്രങ്ങള്‍. കുട്ടികള്‍ക്കുവേണ്ടി ബാലസാഹിത്യശാസ്ത്രരചനകള്‍ എഴുതിയ എസ്.ശിവദാസ് മുതിര്‍ന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ വേറിട്ട പുസ്തകമാണ് 366 ജീവിതവിജയമന്ത്രങ്ങള്‍. ഒരോ ദിവസവും വിജയപ്രദമാക്കാന്‍ സഹായിക്കുന്ന വിജയമന്ത്രങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതുവര്‍ഷമായ ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങള്‍ വിജയപ്രദമാക്കാനുള്ള തരത്തിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരോദിവസവും വായിക്കാനായി പല പല കഥകളും പുതുചിന്തകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏകാഗ്രത ശീലമാക്കാനും, കഴിവുകളെ തിരിച്ചറിയാനും, കൃത്യനിഷഠ ശീലമാക്കാനും, പരാജയഭീതി ഒഴിവാക്കാനും എന്നുവേണ്ട നമ്മുടെ ഉള്ളിലുള്ള എല്ലാ ചീത്ത സ്വഭാവങ്ങളേയും മാറ്റി അവിടെ പോസറ്റീവ് ചിന്ത നിറയ്ക്കാന്‍ ഉതകുന്ന തരത്തിലുള്ള വിജയമന്ത്രങ്ങളാണ് എസ്.ശിവദാസ് 366 ജീവിതവിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തിലൂടെ പറഞ്ഞുതരുന്നത്.

അറിവൂറും കഥകള്‍, കീയോ കീയോ, നെയ്യുറുമ്പുമുതല്‍ നീലത്തിമിംഗലംവരെ, ബുദ്ധിയുണര്‍ത്തുന്ന കഥകള്‍, ജയിക്കാന്‍ പഠിക്കാം തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് പ്രിയങ്കരനായ എസ്.ശിവദാസിന്റെ ഏറ്റവും മികച്ച പുസ്തകമാണിത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച 366 ജീവിതവിജയമന്ത്രങ്ങളുടെ രണ്ടാംപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.