കാല്‍പ്പനികതയും യാഥാര്‍ത്ഥ്യവും ചരിത്രവും ഇഴചേര്‍ന്ന ഒരു അസാധാരണ പ്രണയകഥയാണ് അമേരിക്കന്‍ എഴുത്തുകാരനായ ആര്‍തര്‍ ഗോള്‍ഡന്റെ ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍. സയൂരി എന്ന കഥാപാത്രവും അവളുടെ കഥയും ആര്‍തറിന്റെ സൃഷ്ടിയാണെന്നിരിക്കിലും ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും ജപ്പാനിലെ ഗയിഷകളുടെ ജീവിതത്തെക്കുറിച്ചുള്ള ചരിത്രവസ്തുതകള്‍ ആര്‍തറിന്റെ ഗഹനമായ ഗവേഷണങ്ങളുടെ ഫലമാണെന്ന് വ്യക്തമാണ്. 1960-70കളില്‍ ഗ്യോണ്‍ കൊബുവിലെ പ്രശസ്തയായ ഗയിഷയായ മിനാകോ ഇവാസാകിയാണ് ഗയിഷകളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു നേര്‍ചിത്രം ആര്‍തറിനു നല്‍കിയത്. ആ വിവരണങ്ങളുടെ അടിത്തറയില്‍മേലാണ് ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവല്‍ ഉയര്‍ന്നുവന്നത്.
രണ്ടാംലോകമഹായുദ്ധത്തിനു മുന്‍പും ശേഷവും ജപ്പാനിലെ സാമൂഹികാന്തരീക്ഷത്തിന്റെ ഒരു ചെറുചിത്രം നല്‍കുന്ന ഈ നോവലിനെ ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. എങ്കിലും, ഒരു പെണ്‍കുട്ടിയുടെ അസാധാരണമായ പ്രണയയാത്രയാണ് വായനക്കാരനെ പിടിച്ചിരുത്തുന്നത്. ജപ്പാനിലെ ഒരു കടല്‍ത്തീര ഗ്രാമത്തില്‍നിന്നും ക്യോട്ടോ നഗരത്തിലെ ഗയിഷകളുടെ പ്രധാനകേന്ദ്രമായ ഗ്യോണിലെ ഓക്കിയയില്‍ എത്തിച്ചേരുന്ന ചിയോ എന്ന പെണ്‍കുട്ടി സയൂരി എന്ന അതിസുന്ദരിയും വിജയിയുമായ ഗയിഷയായി മാറ്റപ്പെടുന്നന്നത് അല്പം ഹൃദയവേദനയോടെ വായിക്കാനാവൂ.
അര്‍തര്‍ ഗോള്‍ഡന്റെ ആറ് വര്‍ഷത്തോളമുള്ള പ്രയത്‌നത്തിന്റെ ഫലമായ ഈ നോവല്‍ മുപ്പത്തിരണ്ടോളം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അഭ്രപാളിയില്‍ ചലനം സൃഷ്ടിക്കുയും ചെയ്തു. നിരവധി അവാര്‍ഡുകളാണ് സിനിമയ്ക്കു ലഭിച്ചത്. ജാപ്പനീസ് ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ വളരെയധികം വിവാദങ്ങളും ഈ നോവലിനെ തേടിയെത്തി.
ഇംഗ്ലീഷ് അധ്യാപികയും വിവര്‍ത്തകയുമായ ഗീതാ കൃഷ്ണന്‍കുട്ടിയാണ് നോവല്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.