സൗന്ദര്യ സംരക്ഷണത്തിനൊപ്പംതന്നെ പ്രാധാന്യമേറി വരുന്നതാണ് തലമുടിയുടെ സംരക്ഷണം. സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും അടയാളമായാണ് തലമുടിയെ ഇന്ന് ശാസ്ത്രലോകം കണക്കാക്കുന്നത്. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുടെയും സൂചനകള്‍ തലമുടി നമുക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത് മിക്കവരും തിരിച്ചറിയാറില്ല.
പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗാവസ്ഥകള്‍ പോലും നമ്മുടെ തലമുടിയുടെ ആരോഗ്യത്തില്‍നിന്ന് തിരിച്ചറിയാനാവും എന്ന് വിദഗ്ദര്‍ പറയുന്നു. മുടി കൊഴിച്ചിലും മറ്റു പ്രശ്‌നങ്ങളും സാധാരണമായി കാണുന്നതാണ് ഇവ ശ്രദ്ധിക്കാതെ പോകുന്നതിന് പ്രധാന കാരണം. മറ്റു മരുന്നുകളുടെ ഫലമാവും ഇത്തരം പ്രശ്‌നങ്ങളെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇവയെ കാര്യമായി എടുക്കാറില്ല.
എന്നാല്‍ മുടി സംരകഷണത്തിനുള്ള പ്രാധാന്യം ഏറിവരുന്നതും ശ്രദ്ധേയമാണ്. വീട്ടില്‍തന്നെ പലരും ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാറുമുണ്ട്. മുടി കൊഴിച്ചിലിനും താരനകറ്റാനും മാധ്യമങ്ങളില്‍ വരുന്ന പല പരീക്ഷണങ്ങളും പലരും സ്വന്തം തലമുടിയില്‍ പരീക്ഷിക്കുന്നു. ഇവിടെ ഫലപ്രാപ്തി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. പലപ്പോഴും പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാകാത്തതാണ് ഇതിന് ഇടയാക്കുന്നത്.
തലമുടി സംരക്ഷണത്തിന്റെ ശാസ്ത്രീയവശങ്ങളെ വിശദമായി അപഗ്രഥിച്ച് അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകമാണ് ട്രൈക്കോളജി (തലമുടിയെപ്പറ്റിയും തലയോട്ടിയിലെ ചര്‍മ്മത്തെപ്പറ്റിയും അവയ്ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെപ്പറ്റിയും ശാസ്ത്രീയമായി പഠിക്കുന്ന ശാഖ) വിദഗ്ദനായ ഡോ. അക്ഷയ് ബത്രയുടെ മുടിയഴക്. ഹെയര്‍ എവരിതിങ് യു എവര്‍ വാണ്ടഡ് റ്റു നോ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണനാണ് വിവര്‍ത്തനംചെയ്തിരിക്കുന്നത്.