ഹിന്ദുമത വിശ്വാസപ്രകാരം കലി കലിയുഗത്തിന്റെ മൂർത്തിയാണ്. ധർമ്മബോധം നശിച്ച കലിയുഗത്തിൽ ചൂതുപടത്തിന് മുന്നിലിരിക്കേണ്ടി വരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു. പ്രതികാരത്തിന്റെ തീച്ചൂളയിൽ നീറുന്ന കലിയാകട്ടെ എല്ലായിടത്തുനിന്നും തുരത്തിയോടിക്കപ്പെടുന്നവനുമാണ്. കഥാപാത്രങ്ങളുടെ മാനസസഞ്ചാരങ്ങളിലൂടെ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവൽ മഹാഭാരതത്തിലെ വനപർവ്വതത്തിൽ അവതരിപ്പിച്ചിരിക്കുന്ന നളദമയന്തി കഥയ്ക്ക് പുതിയൊരു ഭാഷ്യം ചമച്ചിരിക്കുകയാണ്. കാലം കറുപ്പിൽ വരച്ചിട്ട കലിയുടെ കഥ , രാജീവ് ശിവശങ്കർ രചിച്ച കലിപാകം.
മഹാഭാരതത്തിലെ വന പർവ്വത്തിലാണ് നളകഥയുടെ വേര്. തന്നെക്കാൾ ഭാഗ്യഹീനരായി ലോകത്തിൽ ആരുമുണ്ടാവില്ലെന്ന് ധർമ്മപുത്രർ കണ്ണീരൊഴുക്കുമ്പോൾ സമാശ്വസിപ്പിക്കാൻ ബൃഹദേശ്വര മുനി പറയുന്നതായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ മാനസ സഞ്ചാരത്തെ എവിടെയും വലിച്ചു നീട്ടാനുള്ള സാധ്യത വ്യാസ മൗനം ഇവിടെയും ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
നളചരിതത്തിൽ ഉണായി വാര്യരും കഥയ്ക്ക് ചേർന്ന വിധം ആ സാധ്യത ഉപയോഗിച്ചിട്ടുണ്ട്.പിന്നെയും അവശേഷിക്കുന്ന ചോദ്യങ്ങളിലൂടെയാണ് കലിപാകം തെളിയുന്നത്. ദുരോധനൻ കലിയുടെയും ശകുനി ദ്വാപരന്റേയും അവതാരങ്ങളാണെന്നും ശ്രീ കൃഷ്ണന്റെ സ്വർഗ്ഗാരോഹണ ദിവസത്തിലാണ് കലിയുഗത്തിന്റെ തുടക്കമെന്നുള്ള പരാമർശങ്ങളും ചേർന്നതോടെ കഥയ്ക്ക് മറ്റൊരു മാനം കൈവന്നു.
കഥയിൽ ഗതിനിർണ്ണയിക്കുന്ന കേശിനി , വാർഷ്ണേയൻ , സുനന്ദ , ദ്വാപരൻ ,പുഷ്ക്കരൻ , ഋതുപർണ്ണൻ തുടങ്ങിയവരുടെ കാഴ്ചപ്പാടിലൂടെയാണ് കലിപാകത്തിലെ സംഭവങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. കൂടെ പുതിയ ചില കഥാപാത്രങ്ങളുമുണ്ട്. കലിപാകം ഇപ്പോൾ എല്ലാ ഡി സി ബുക്സ് ശാഖകളിലും ലഭ്യമാണ്. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ രാജീവ് മാതൃഭൂമി ചെറുകഥാമത്സരങ്ങളിൽ പുരസ്കാരജേതാവാണ്.തമോവേദം , പ്രാണസഞ്ചാരം , കൽപ്രമാണം , പുത്രസൂക്തം ,കാറൽ മാർക്സ്: കൈലാസം വീട് , മറപൊരുൾ , കലിപാകം , ദൈവമരത്തിലെ ഇല എന്നീ കൃതികളുടെ രചയിതാവാണ്. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആണ് രാജീവ് ശിവശങ്കർ.