പ്രശസ്ത സംഗീത സംഗീത സംവിധായകൻ എം ജയചന്ദ്രനിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ‘ഏകാന്ത പഥികൻ ഞാൻ‘ എന്ന ആത്മകഥയിലൂടെ ഗായകൻ പി ജയചന്ദ്രൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നോട്ടം എന്ന സിനിമയിൽ തന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത പാട്ട് പുറത്തു വന്നത് എം ജയചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നും അവസാന നിമിഷത്തിൽ ഗായകനെ മാറ്റിയ കാര്യം എം ജയചന്ദ്രൻ തന്നെ റിയിക്കുക പോലും ചെയ്തില്ല എന്നാണ് പി ജയചന്ദ്രൻ ‘ഏകാന്ത പഥികനിലൂടെ’ വിമർശനമുന്നയിച്ചത് . വിവാദമായ ആ ആരോപണത്തിന് കഴിഞ്ഞ ദിവസം എം ജയചന്ദ്രൻ മറുപടി നൽകുകയുണ്ടായി.
പി ജയചന്ദ്രൻ പാടിയ പാട്ടിന് പൂര്‍ണ്ണത കുറവായതിനാലാണ് സിനിമയില്‍ ആ ഗാനം തന്‍റെ ശബ്‍ദത്തില്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് ആരോപണത്തിന് മറുപടിയായി എം ജയചന്ദ്രൻ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും പി ജയചന്ദ്രനുമായി ഇനിയും സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും, അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ മാപ്പ് ചോദിക്കുന്നുവെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.
മെല്ലെ മെല്ലെ മെല്ലെയാണീ യാത്ര …..നിഴലിലൂടൊരു യാത്ര ……എന്ന നോട്ടം സിനിമയിലെ ഗാനം ആദ്യം പാടിയത് പി ജയചന്ദ്രനായിരുന്നു. പക്ഷേ സിനിമയിലൂടെ പുറത്തുവന്നത് എം ജയചന്ദ്രന്‍റെ ആലാപനത്തിലുള്ള ഗാനമായിരുന്നു. ആദ്യം പാടിയ പാട്ടില്‍ ചെറിയ മാറ്റം വരുത്താനുണ്ടെന്നും, ചെന്നെയിലെത്തുമ്പോള്‍ പാടിത്തരണമെന്നും എം ജയചന്ദ്രന്‍ തന്നോടാവശ്യപ്പെട്ടതായി പി ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്. ഗായകനെ മാറ്റിയ കാര്യം അറിയിക്കാനുള്ള മര്യാദ പോലും എം ജയചന്ദ്രന്‍ കാട്ടിയില്ലെന്ന് പി ജയചന്ദ്രന്‍ ‘ഏകാന്തപഥിക’നിലൂടെ പരിഭവിക്കുന്നു.