ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ മാതൃകയാക്കി രചിച്ച ‘അപ്പക്കാര സാക്ഷി’ എന്ന ചെറുകഥയെക്കുറിച്ചുള്ള കുറിപ്പിൽ രമയും കഥാകാരിയായ പ്രിയ എഎസും തമ്മിലുള്ള സംഭാഷണങ്ങള്‍ കഥയെ പോലും വെല്ലുന്ന കുറിപ്പായി മാറിയിരിക്കുന്നു .
‘അപ്പക്കാരസാക്ഷി’ എന്ന കഥയുടെ രചനയ്ക്ക് ശേഷം ദൃഢമായ ആ സൗഹൃദം ഇരുവരുടെയും ഇടയില്‍. പരസ്പരം തണലായിത്തീർന്നിരുന്നു.
തമ്മില്‍ച്ചേരാതെ പിരിയല്‍, അതിലപ്പടി പരാതികളും വിദ്വേഷവും മാത്രമല്ലേയള്ളൂ, അതിലെ ഭാഗ്യക്കേടോര്‍ത്താല്‍ രമാ, രമയുടേത് ഭാഗ്യമല്ലേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞതും രമ എന്റെ വിരലില്‍ത്തൊട്ട് അതുവഴി എന്റെ മനസ്സില്‍ത്തൊട്ടതും, ”അതും ഓര്‍ക്കാറുണ്ട് ഞാന്‍”.
”എന്തൊക്കെയാണ് അല്ലേ രമാ, ജീവിതം?” എന്നു ചോദിച്ച് ഞാന്‍ മറുകുറിപ്പ് കാക്കുമ്പോള്‍ രമ ചോദിച്ചു:
”പ്രിയേച്ചി കരയാറുണ്ടോ?”
ഒരു നിമിഷം പോലും സംശയിക്കാതെ ഞാന്‍ എഴുതി: ”ഉവ്വ്, വല്ലപ്പോഴും, പക്ഷേ ആരും കാണാതെ.”
രമ എഴുതി: ”കരയരുത് പ്രിയേച്ചീ, വാശിയില്‍ ജീവിക്കണം”
ഇത് ഒരു കഥയല്ല, കഥാകാരിയും കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ്. കഥയെഴുത്തുകാരിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു കഥാപാത്രം. അതിന് കാരണമുണ്ട്; അവള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു, സ്വന്തം കഥയിലൂടെ ജീവിച്ച്….
ജീവിത യാത്രയിൽ പൊടുന്നനെ സംഭവിച്ച ആ മഹാ ദുരന്തത്തിന് ശേഷം ഒറ്റപെട്ടുപോയപ്പോഴും വാശിയില്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന രമ രാത്രിയില്‍ വന്നു പൊതിയുന്ന സങ്കടത്തുരുത്തുകളില്‍, ‘തനിച്ചല്ലേ സുഖം’ എന്ന് ആശ്വാസം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു എന്നത് കഥാകാരിയെ പഠിപ്പിക്കുന്ന കഥാപാത്രമാവുകയാണിവിടെ.
കഥാകാരി പ്രിയ എ എസ് ഹൃദയം തുറന്നെഴുതിയ ആ കുറിപ്പുകള്‍ ഇവിടെ വായിക്കാം:
ഡി സി ബുക്‌സ് പ്രസിദ്ധകരിക്കുന്ന , ‘അറുപതുവര്‍ഷം അറുപതു കഥകള്‍’ എന്ന പുസ്തകത്തിലേക്ക് കഥകള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീ . എന്‍ എസ് മാധവനാണ് . കഥകളിലൊന്ന് എന്റെ ‘അപ്പക്കാര സാക്ഷി’യാണ് .
‘ആ കഥയുള്ള പുസ്തകം കിട്ടുന്നില്ല ,ഒരു കോപ്പി എത്തിക്കാമോ’ എന്നു മാധവന്‍ ചോദിച്ചതനുസരിച്ച് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് അതിരാവിലെ ഒരുദിവസം , മാധവന്റെ പനമ്പള്ളിനഗറില്‍ പോയി . പുസ്തകം മാധവനെ ഏല്‍പ്പിച്ച് തിരികെ ഓഫീസിലേക്ക് പോകുമ്പോള്‍ , അതിലെ കഥാപാത്രത്തിന് ഞാന്‍ മാതൃകയാക്കിയ രമ ( ടി പി ചന്ദ്രശേഖരന്റെ ഭാര്യ) മനസ്സിലേക്ക് വന്നും പോയും കൊണ്ടിരുന്നു . പക്ഷേ ഒന്ന് സമാധാനമായി ഇരിക്കാന്‍ പറ്റാത്തിനാല്‍ രമയെ വിളിക്കലുണ്ടായില്ല .
ഇന്നലെ ഉച്ചയ്ക്ക് , മുന്നിലുള്ള ദിവസത്തിനെ എന്തു ചെയ്യണം എന്നാലോചിച്ചു കിടന്നപ്പോള്‍ അപ്രതീക്ഷിതമായി ‘പ്രിയേച്ചീ’ എന്ന് വിളിച്ച് രമ ചാറ്റ് ബോക്‌സിലേക്ക് കയറിവന്നു .സുഖാന്വേഷണങ്ങള്‍ക്കു ശേഷം രമ ഒരു കവിത ഫോര്‍വേഡ് ചെയ്തു .’രക്തസാക്ഷിയുടെ ഭാര്യ’ , എഴുതിയത് എം എന്‍ ശശിധരന്‍ .
കവിത ഇങ്ങനെ …..
‘ഹോ !
എത്ര ഭീകരമാണത് !
തികച്ചും നിശ്ചലമെന്ന,
ഭയപ്പെടുത്തുന്ന,
ഒച്ചയുണ്ടാക്കുന്ന,
ചലനം .
ഒരുവള്‍,
രൂപമില്ലാത്ത ഒരുവള്‍,
പട്ടാളച്ചിട്ടയില്‍ നടന്നുപോകുന്നു !
അവള്‍ എവിടേക്കും നോക്കുന്നില്ല.
അവള്‍ നടന്നുപോകുന്നത്
എവിടേക്കാണ് ?
അവള്‍ നടന്നുപോകുന്നത്
അവളുടെ കുഴിമാടത്തില്‍
പുഷ്പാര്‍ച്ചന ചെയ്യാനാണ്.
ശാരദേ , അവള്‍ക്ക് ഋതുഭേദങ്ങള്‍
അറിയുമോ ?
അവള്‍ക്കത് അറിയാന്‍ പാടില്ല.
അവള്‍ സ്വപ്‌നം കാണുമോ?
അവള്‍ക്കത് കാണാനാവില്ല.
അവള്‍ തിരിഞ്ഞ് നോക്കുമോ?
തിരിഞ്ഞുനോട്ടത്തിലാണ് അവള്‍
ചിട്ടപ്പെട്ടിരിക്കുന്നത്.
ആരാണവള്‍ ശാരദേ ?
രക്തസാക്ഷിയുടെ ഭാര്യയാണവള്‍.
ആരാണ് ശാരദേ
രക്തസാക്ഷിയുടെ ഭാര്യ?
ആരുമറിയാത്ത മറ്റൊരു രക്തസാക്ഷി ..’
കവിതയുടെ താഴെ രമ എഴുതി , ‘ഇത് വായിച്ചപ്പോ പ്രിയേച്ചിയെ ഓര്‍മ്മ വന്നു . ഇത് ആദ്യം അടയാളപ്പെടുത്തിയത് അപ്പക്കാര സാക്ഷി.’
എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാതെ കിടപ്പിലായിപ്പോയ എന്നെ കാണാന്‍ ഒന്നരവര്‍ഷം മുന്‍പ് രമ എന്റെ തൃക്കാക്കരയിലെ വീട്ടില്‍ വന്നുപോയത് , ‘ഇത്ര ദൂരം യാത്ര ചെയ്ത് വരണ്ട എന്നെക്കാണാന്‍ മാത്രമായി ‘ എന്നെത്ര വിലക്കിയിട്ടും രമ എത്തിയത് , എന്റെ അസുഖമുറിയുടെ ഇരുട്ടില്‍ ഞാന്‍ കിടന്നും രമ ഇരുന്നും ഒരുപാട് സംസാരിച്ചത് , കഥയെക്കുറിച്ചും ടി പിയെക്കുറിച്ചും മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റോരോന്ന് ചിരിയലുക്കിട്ട് ആ മുറിയിലൂടെ കയറിയിറങ്ങിയത് , പന്ത്രണ്ട് ഗുളികകള്‍ക്കുമപ്പുറം രമയുടെ കണ്ണിലെ സ്നേഹം എന്റെ ഞരമ്പുകളിലേക്ക് മരുന്നായി പെയ്തിറങ്ങി എന്നെ ചേര്‍ത്തുപിടിച്ച് തണുപ്പിക്കാന്‍ തുടങ്ങിയത് , ഒടുക്കം കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ ജീവിതത്തിന്റെ തികച്ചും വിഭിന്നമായ രണ്ടുതരം ഒറ്റപ്പെടലുകളുടെ മുനമ്പുകളിലേക്ക് ഒന്നുപിടഞ്ഞ് കൈകോര്‍ത്തിറങ്ങിയത് ഒക്കെ ഓര്‍ത്ത് ഞാന്‍ ഇരുന്നു .
പിന്നെ ഞാന്‍ മറുവാക്കെഴുതി , ‘ജീവന്‍ പോകുന്ന നേരത്തും മകനെയും അവന്റെ അമ്മയെയും ഓര്‍ത്ത് ആ ഒരാള്‍ പിടഞ്ഞുകാണും , അവസാനശ്വാസത്തിലും കൂടെയുണ്ടാകുന്നതിലെ ഭാഗ്യം ആലോചിച്ചു നോക്കൂ രമാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതു വരെ ചിരിച്ചിരുന്ന രമയുടെ കണ്ണുനിറഞ്ഞത് ഞാന്‍ പലപ്പോഴും ഓര്‍ക്കും . തമ്മില്‍ച്ചേരാതെ പിരിയല്‍ , അതിലപ്പടി പരാതികളും വിദ്വേഷവും മാത്രമല്ലേയള്ളൂ ,അതിലെ ഭാഗ്യക്കേടാര്‍ത്താല്‍ രമാ, രമയുടേത് ഭാഗ്യമല്ലേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞതും രമ എന്റെ വിരലില്‍ത്തൊട്ട് അതുവഴി എന്റെ മനസ്സില്‍ത്തൊട്ടതും , അതും ഓര്‍ക്കാറുണ്ട് ഞാന്‍ ‘.
‘ എന്തൊക്കെയാണ് അല്ലേ രമാ ,ജീവിതം ?’ എന്നു ചോദിച്ച് ഞാന്‍ മറുകുറിപ്പ് കാക്കുമ്പോള്‍ രമ ചോദിച്ചു , ‘പ്രിയേച്ചി കരയാറുണ്ടോ ?’
ഒരു നിമിഷം പോലും സംശയിക്കാതെ ഞാന്‍ എഴുതി , ‘ഉവ്വ് ,വല്ലപ്പോഴും , പക്ഷേ ആരും കാണാതെ.’
രമ എഴുതി , ‘കരയരുത് പ്രിയേച്ചീ, വാശിയില്‍ ജീവിക്കണം .’
കരയുന്നത് ഒരു പോരായ്മയാണ് എന്നു തോന്നാത്തയാളാണ് എന്നെഴുതാന്‍ നില്‍ക്കാതെ ഞാന്‍ കുറിച്ചു , ‘കുറേ സങ്കടങ്ങള്‍ ഒന്നിച്ച് കരഞ്ഞു തീര്‍ക്കും വല്ലപ്പോഴും ചിലപ്പോള്‍.’
‘അറിയാം’ എന്ന് രമയും ‘കരയുന്ന നമ്മളെ കാണാനാണ് പൊതുവേ പുറം ലോകത്തിനിഷ്ടം എന്നുള്ളതുകൊണ്ടുമാത്രം കരച്ചില്‍ ഒരിക്കലും പുറത്തു കാണിക്കില്ല ‘ എന്ന് ഞാനും എഴുതി . ‘രാത്രി നമുക്കുമാത്രം സ്വന്തമല്ലേ ‘എന്നു കൂടി എഴുതി രമ . രാത്രിയില്‍ വന്നു പൊതിയുന്ന സങ്കടത്തുരുത്തുകളെക്കുറിച്ചു രമ പണ്ടും എഴുതിയിട്ടുള്ളത് ഞാനോര്‍ത്തു . എങ്ങനെ വേണം നാളെ എന്ന് പദ്ധതിയാടാനുള്ള നേരമായി മാത്രം രാത്രിയെ കണ്ട് ശാന്തമായി ഉറങ്ങാന്‍ എനിക്കറിയാം ഇപ്പോള്‍ എന്ന് രമയോട് പറയുന്നതിനു പകരം മറ്റൊരു വാചകമാണ് വിരല്‍ത്തുമ്പിലേക്കു വന്നത് -‘സഹതപിക്കാന്‍ വരുന്നവരെ വേഷഭൂഷകള്‍ കാട്ടി ഞാന്‍ പേടിപ്പിച്ചോടിപ്പിക്കും .’ അതു വായിച്ച് രമ ചിരിച്ചു .
‘നന്ദു കോളേജില്‍ ഫൈനല്‍ ഇയര്‍ , ഇനി ഒരു മാസം കൂടി,ഇപ്പോ ഇവിടെ തനിച്ചാണ് ഞാന്‍’ എന്നു രമ എഴുതിയത് ഞാന്‍ കണ്ടത് രാത്രിയാണ് . ‘തനിച്ചാണ് എല്ലാവരും’ എന്നു ഞാന്‍ എഴുതിയതിന് ‘തനിച്ചാണ് സുഖം ‘എന്ന് രമ എഴുതിയതു കണ്ട് ഞാന്‍ ചിരിച്ചു . എല്ലാ വിപരീതകാലങ്ങളിലും നിന്ന് മുത്തു തപ്പിയെടുക്കാന്‍ രമയും പഠിച്ചതില്‍ സന്തോഷം തോന്നി.
ഞാന്‍ ഓര്‍ക്കുകയാണ് , എന്റെ കഥയക്ഷരങ്ങള്‍ വഴിയാണ് ,എന്റെ പൊള്ളലുകള്‍ക്കൊക്കെ മരുന്നായി രമ എന്റെ അടുക്കലേക്കെത്തിയത് . ‘ദൈവത്തിന് അടുത്തുവന്നിരിക്കാന്‍ പറ്റില്ലാത്തതിനാല്‍ , അങ്ങേര് ചില മനുഷ്യരെ അടുത്തിരിക്കാന്‍ പറഞ്ഞുവിടും , അങ്ങനെയൊരാളാണിപ്പോള്‍ വന്നുപോയത് ‘എന്ന് രമ വന്ന ദിവസം എന്റെ അമ്മ പറഞ്ഞു .
അക്ഷരങ്ങളില്ലായിരുന്നെങ്കില്‍ , എനിക്കെവിടുന്നു കിട്ടുമായിരുന്നു ഈ സ്‌നേഹമരുന്നുകളെയും സ്‌നേഹത്തുരുത്തുകളെയും ?
കട്ടിലിനരികെ വന്നിരുന്ന് കൈയില്‍ തൊട്ട് ‘പ്രിയേച്ചി ,പെട്ടെന്ന് സുഖമാകും , അപ്പോ ഒഞ്ചിയത്ത് വന്ന് എന്റെ കൂടെ നില്‍ക്കണം .നമുക്ക് കണ്ണൂര് കറങ്ങാന്‍ പോകാം’ എന്നു പറയാന്‍ എന്റെ ഇരുട്ടുവേളകളില്‍ എന്റെ കഥാപാത്രം എന്റരികിലേക്ക് ഓടിവന്നു . ഇതിനേക്കാള്‍ വലുതെന്താണ് എനിക്കക്ഷരം കൊണ്ടുവേണ്ടത് ?
വേണ്ട സമയത്ത് വന്ന് അരികിലിരുന്ന് കൈ പിടിക്കുന്ന അഞ്ജാതസ്‌നേഹങ്ങളുടെ മായാജാലം കാണിച്ചുതന്നതൊക്കെയും എന്റെ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍. ആ മായാജാലത്തില്‍ മുങ്ങിനിവരാനായതുകൊണ്ടുമാത്രം ഇക്കണ്ട ദുരിതക്കടലത്രയും താണ്ടി , അക്ഷരവഴിയിലേക്കും ജീവിതപ്പെരുമയിലേക്കും വീണ്ടും ഓടിക്കയറുന്ന ഒരുത്തിയ്ക്ക് മലയാളഅക്ഷരങ്ങളെ ഉമ്മവയ്ക്കാന്‍ തോന്നുന്നുവെങ്കില്‍ അതിലെന്തത്ഭുതം ?