പാതയോരത്ത് തട്ടുകടയിലിരുന്ന് സ്വാദോടെ കഴിച്ച വിഭവങ്ങള്‍ ഇനി വീട്ടിലും തയ്യാറാക്കാം. നിങ്ങളുടെ ഭക്ഷണമേശകളില്‍ തട്ടുരുചി വിളമ്പാന്‍ ഈ പുസ്തകം ഒരു കൂട്ടാകും. ദോശചമ്മന്തി, പുട്ട് കടല, ചപ്പാത്തി ചിക്കന്‍കറി തുടങ്ങി കുലുക്കിസര്‍ബ്ബത്ത് വരെയുള്ള തട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ മുഴുവന്‍ ഒരുമിക്കുന്ന സമാഹാരമാണ് ടെന്‍സി ജേക്കബ് എഡിറ്റ്‌ചെയ്ത തട്ടുകട സ്‌പെഷ്യല്‍സ്.
കൊതിയുണര്‍ത്തുന്ന മണങ്ങളും റേഡിയോയില്‍നിന്നൊഴുകിവരുന്ന പഴയ ഈണങ്ങളും ഇഴചേര്‍ന്ന് നമ്മുടെ മനസ്സില്‍ വരയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് നാട്ടിന്‍പുറത്തെ ഓലമേഞ്ഞ ആ ചായപ്പീടിക. ഇരുന്നു മുഷിഞ്ഞ മരബെഞ്ചുകള്‍, ചായക്കറ മായാത്ത കുപ്പിഗ്ലാസുകള്‍, സമേവര്‍, പല രുചികള്‍നിരത്തിവെച്ച ചില്ലലമാര, ‘ ഇന്ന് റൊക്കം നാളെ കടം’ എന്നെഴുതിയ തട്ടുചുമരുകള്‍…
ഇവയൊക്കെ ഏതുദേശത്തെയും മലയാളിയുടെ ഗൃഹാതുരതയാണ്. (അതുകൊണ്ടാവും വഴിയോരങ്ങളിലെവിടെയെങ്കിലും തനിനാടന്‍ എന്ന വിശേഷണത്തോടെ ഒരുക്കിയ വിഭവങ്ങള്‍ കാണുമ്പോള്‍ വാഹനവേഗം കുറയ്ക്കുന്ന ശീലം മലയാളിക്കുണ്ടായത്).
നഗരമനസ്സും രുചികളും ശീലങ്ങളും ഗ്രാമത്തിലേക്ക് വണ്ടികയറിയ കാലങ്ങളില്‍ സ്വയം പിന്മടങ്ങിയവരുടെ കൂട്ടത്തില്‍ ആ ചായപ്പീടിക മാത്രമല്ല, ചില്ലലമാരകളില്‍നിരത്തിവെച്ച രുചികളുടെ വൈവിധ്യങ്ങളുമുണ്ടായിരുന്നു. കേരളം നാവില്‍ ഒരേതരത്തിലുള്ള രുചികള്‍ നുണഞ്ഞുകൊണ്ടിരുന്ന കാലമായിരുന്നു അത്. അക്കാലത്താണ് തട്ടുകടകള്‍ കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തില്‍ സജീവമാകുന്നത്. പുതുമനഷ്ടപ്പെടാത്ത വിഭവങ്ങള്‍ എന്ന സവിശേഷത പെട്ടെന്നു തന്നെ തട്ടുകടയെ മലയാളിയുടെ ശീലങ്ങളാക്കി. കൊതിപ്പിക്കുന്ന വിഭവങ്ങള്‍ നിരത്തിവെച്ച ചെറുകൂടുകള്‍ മാത്രമല്ല തട്ടുകടകള്‍. ചായപ്പീടികകളില്‍ നിന്ന് അന്യമായ രുചികളുടെ ഭാഗികമായൊരു പുനരാനയിക്കല്‍കൂടി തട്ടുകടകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
ഓരോ തട്ടുകടകള്‍ക്കും ഓരോ രുചിയാണ്. ദേശഭേദങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ഓരോ തട്ടുകടയും അപൂര്‍വ്വമായ ചിരപരിചിതത്വം തോന്നിപ്പിക്കുന്ന ഗൃഹാതുരത ഓരോ സന്ദര്‍ശകനുവേണ്ടിയും ഒളിപ്പിക്കുന്നുണ്ട്. തട്ടുകട പകരുന്ന രുചികളെന്തും അനുഭവമാണ്. തട്ടില്‍ കുട്ടിദോശയുടെ ഇത്തിരിവട്ടത്തിലൊഴിക്കുന്ന കടുക് താളിച്ച തേങ്ങ ചട്ണി, കപ്പബിരിയാണിയുടെയും പൊരിച്ചകോഴിയുടെയും ഗന്ധം, ചെറുകടികളുടെ ഇളംചൂട്, കുപ്പിഭരണികളില്‍ ഉപ്പിലിട്ട നാട്ടുരുചികള്‍…
തട്ടുകടകളുടെ തനതുരുചിക്കൂട്ടുകളുടെ സമാഹരണം സാഹസികമായൊരു ദൗത്യമായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ പടരുന്ന രുചിവൈവിധ്യങ്ങളുണ്ടെന്നതുതന്നെകാരണം. കേരളത്തിന്റെ മുഴുവന്‍ ദേശത്തിന്റെയും തട്ടുരിചികൂട്ടുകള്‍ തട്ടുകട സ്‌പെഷ്യലില്‍ സമാഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.