കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും മാറ്റിയെഴുതിയ വിമോചനസമരം ആരംഭിക്കുന്നത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ജൂലൈ 13-ന് നിയമസഭയില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ പേരിലാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരെ ഏകോപിപ്പിച്ച് സമരം തുടരാന്‍ കത്തോലിക്കാസഭയും ലഭിക്കാതെപോയ എഞ്ചിനീയറിങ് കോളജിന്റെ പേരില്‍ എന്‍ എസ്. എസ്സും സംവരണത്തിന്റെപേരില്‍ എസ്.എന്‍.ഡി.പി. സമുദായാംഗങ്ങളും സര്‍ക്കാരിനെതിരായതോടുകൂടി വിമോചനസമരത്തിന്റെ കേളികൊട്ടുയര്‍ന്നു. കുട്ടനാട്ടിലെ ബോട്ടുചാര്‍ജ്‌വര്‍ദ്ധനയും തുടര്‍ന്നുണ്ടായ ‘ഒരണസമര’വും തൊഴിലാളിവിരുദ്ധമായ ചില നിലപാടുകളും ചന്ദനത്തോപ്പുവെടിവയ്പുമെല്ലാം വിമോചനസമരത്തിന് വഴിമരുന്നായി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഛിദ്രശക്തികള്‍ സംഘംചേര്‍ന്നുപ്രവര്‍ത്തിച്ചു.
പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ ബാലറ്റ്‌പേപ്പറിലൂടെ ലോകത്താദ്യമായി ഭരണാധികാരം കയ്യാളിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ അവസാനിച്ചെങ്കിലും അതുണ്ടാക്കിയ മുറിപ്പാടുകള്‍ കേരളീയരുടെ ജീവിതവ്യവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്നു. ആദര്‍ശരാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തിവച്ച വിമോചനസമരം ആധുനികസമൂഹമാകാന്‍ ആഗ്രഹിച്ച കേരളത്തിന്റെ ആദ്യത്തെ വീഴ്ചയായിരുന്നു. നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാതിയുടെയും മതത്തിന്റെയും വൈതാളികര്‍ പടുത്ത പടനിലങ്ങള്‍ പുരോഗതിക്കു വിഘാതമായി മാറുന്ന കാഴ്ചയും പിന്നീട് കാണേണ്ടിവന്നു.
ചുരുക്കത്തില്‍, പുരോഗമനശക്തികളുടെ ഉയിര്‍പ്പിന്റെയും വാഴ്‌വിന്റെയും കാലത്ത് ഉറക്കത്തിലാണ്ടിരുന്ന ജാതിശക്തികള്‍ വീണ്ടും ഉയിര്‍കൊള്ളാനും ഭീഷണമായരൂപം കൈക്കൊള്ളാനും ഇടയാക്കി എന്നതാണ് വിമോചനസമരത്തിന്റെ ബാക്കിപത്രം. കേരളസംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ സാമൂഹിക – സാംസ്‌കാരികചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരുപുസ്തകപരമ്പര ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തുകയാണ്. ഈ പരമ്പരയിലാണ് വിമോചനസമരത്തിന്റെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്ന പൂണൂലും കൊന്തയും
വിമോചനസമരചരിത്രം: യാഥാര്‍ത്ഥ്യങ്ങള്‍ പ്രകാശിപ്പിക്കപ്പെടുന്നത്. ചരിത്രവഴികളില്‍ ഉള്‍ക്കാഴ്ചയോടെ സഞ്ചരിക്കുന്ന ഒരു രാഷ്ട്രീയനിരീക്ഷകന്റെ അന്വേഷണവ്യഗ്രത ഈ കൃതിയെ പൂര്‍ണ്ണതയിലെത്തിക്കുന്നു. അപൂര്‍വ്വചിത്രങ്ങളോടെ. അനുബന്ധമായി ഇടയലേഖനങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍. എം. പിയേഴ്‌സണ്‍ ആണ് പൂണൂലും കൊന്തയുമെന്ന ഈ പുസ്തകം തയ്യാറാക്കിയ്ത്.