പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ സച്ചിദാനന്ദന്‍, ബെന്യാമിന്‍, ചലച്ചിത്രസംവിധായകന്‍ഡോ ബിജു, അഭിനേതാവും എഴുത്തുകാരനുമായ ജോയ് മാത്യു എന്നിവര്‍ വിലയിരുത്തുന്നു.
നേട്ടങ്ങളെക്കാള്‍ അബദ്ധങ്ങളാണ് നിഴലിച്ചിനിക്കുന്നതെന്ന് സച്ചിദാനന്ദനും, വിവാദങ്ങളും സ്വജനപക്ഷപാതിത്വവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഒരളവുവരെ ബാധിച്ചിട്ടുണ്ടെന്നും ഉപദേശകര്‍ സര്‍ക്കാറിനു നല്ല ഉപദേശങ്ങളല്ല പലപ്പോഴും നല്‍കിയതെന്ന് ബെന്യാമിനും അഭിപ്രായപ്പെടുന്നു. നിലമ്പൂര്‍ മാവോയിസ്റ്റ് കൊലപാതകം ഭരണത്തിലെ ഒരു കറുത്ത പാടുതന്നെയാണെന്നും അതുകൊണ്ടുതന്നെ പിണറായിക്ക് പരമാവധി 50 മാര്‍ക്കേ നല്‍കാനാകു എന്ന് ഡോ ബിജുവും, സര്‍ക്കാറിന് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള സമയമായിട്ടില്ലെന്നും ഒരു വര്‍ഷത്തിനിടെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നതും ശരിയല്ലെന്നും കുറച്ചുകൂടി സമയം കൊടുക്കാം. പറയത്തക്ക പ്രതിച്ഛായനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ജോയി മാത്യുവും അഭിപ്രായപ്പെടുന്നു.
അഭിപ്രായങ്ങള്‍ ചുവടെ;
നേട്ടങ്ങളെക്കാള്‍ അബദ്ധങ്ങളാണ് നിഴലിച്ചിനിക്കുന്നത്;സച്ചിദാനന്ദന്‍
എല്‍.ഡി.എഫിന്റെ വാഗ്ദാനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് കഴിയില്ല. എങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ തോത് കുറവ്. പല വലിയ തെറ്റുകളും സര്‍ക്കാറില്‍നിന്നുണ്ടായി. ഒപ്പം പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങള്‍ ചെയ്യാനും സര്‍ക്കാറിന് സാധിച്ചു. എങ്കിലും ഭരണപരമായ അബദ്ധങ്ങള്‍ ചിലേയിടത്ത് മുഴച്ചുനില്‍ക്കുന്നു. ഇ പി ജയരാജനെയും എം എം മണിയെയും മന്ത്രിമാരാക്കിയത്, ടി പി സെന്‍ കുമാറിന്റെ വിഷയം കൈകാര്യം ചെയ്ത രീതി, മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,എന്നിവ ഉദാഹരണങ്ങളാണ്. വിലക്കയറ്റം തടയാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയുന്നില്ല. പരിസ്ഥിതി വിഷയങ്ങളിലും പിടിപ്പുകേടുണ്ട്. അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചത്, വിഴിഞ്ഞം പദ്ധതി അബദ്ധമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിച്ചിട്ടും അതുമായി മുന്നോട്ട് പോകുന്നത്,. ഇതൊക്കെ അതിന് തെളിവാണ്.ഉപദേഷ്ടാക്കളും പരിക്കേല്‍പിച്ചു. ഉപദേഷ്ടാക്കള്‍ പ്രശസ്തരാകണമെന്നില്ല. ജനബന്ധവും അക്കാദമിക മൂല്യവും വിഷയവൈദഗ്ധ്യവുമാണ് ഉപദേഷ്ടാക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകേണ്ടത്. അക്കാര്യത്തില്‍ പൊരുത്തക്കേടും വിവാദവും വരുത്തിവെച്ചു.
നേട്ടങ്ങള്‍ എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് കഴിയും. മലയാളം എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ്, സെക്രട്ടറിയേറ്റിലും മറ്റ് വകുപ്പുകളിലും മലയാളഭാഷ ഉപയോഗിക്കണമെന്നത് ശ്രദ്ധേയമാണ്. പിന്നെ, മറ്റുള്ളതില്‍ നിന്ന് ഏറ്റവും നന്നായി പ്രവര്‍ത്തുന്ന വിദ്യാഭ്യാസവകുപ്പാണിതെന്ന് തോനുന്നു. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തന മേന്മ മെച്ചപ്പെടുത്തുന്നതു വഴി സ്വകാര്യ വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്താനുള്ള ചില ശ്രമങ്ങളെങ്കിലൂം നടക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലൂം പൊതുവിദ്യാലങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീടുനല്‍കാനുള്ള നടപടികള്‍, ആര്‍ദ്രം ചികിത്സാ പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ശൗലായനിര്‍മ്മാണം, എന്നിവയും എടുത്തുപറയണം. ഗ്രാമപഞ്ചായത്തുകളുടെയും പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെയും നല്ല പ്രവര്‍ത്തനം നടക്കുന്നുണ്ട്. സര്‍ക്കാര്‍ പരിഹരിച്ചെടുക്കോണ്ടതും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനെ വിമര്‍ശനാത്മകമായും ഒപ്പം അനുഭവപൂര്‍വ്വമായും വിലയിരുത്തുകയാണ് വേണ്ടതെന്നു തോന്നുന്നു. അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത് ദേശീയ സാഹചര്യങ്ങളാണ്. പകരം വെക്കാന്‍മറ്റെന്ത് എന്ന ചോദ്യമാണ് പാര്‍ട്ടി ലൈന്‍ പിന്തുടരാത്ത എന്നെപ്പോലുള്ളയാളുകള്‍ക്ക് മുമ്പിലുള്ള ചോദ്യം. തെറ്റുകളെ വിമര്‍ശിക്കുകയും ഗുണപരമായതിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ അത് നല്ല നിലയ്ക്ക് സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.
സ്വജനപക്ഷപാതിത്വം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഒരളവുവരെ ബാധിച്ചിട്ടുണ്ട്; ബെന്യാമിന്‍
കേരളത്തെ അഴിമതിരഹിതമാക്കാൻ കഴിഞ്ഞു. പല പുതിയ ജനക്ഷേമപദ്ധതികളും ആവിഷ്‌കരിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് നവകേരള മിഷന്റെ ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിൽ പ്രതീക്ഷയുണ്ട്. വിവാദങ്ങളും സ്വജനപക്ഷപാതിത്വവും സർക്കാറിന്റെ പ്രതിച്ഛായയെ ഒരളവുവരെ ബാധിച്ചിട്ടുണ്ട്. ഉപദേശകർ സർക്കാറിനു നല്ല ഉപദേശങ്ങളല്ല പലപ്പോഴും നൽകിയത്. അതിൽ അവരുടെ സ്ഥാപിതതാൽപര്യങ്ങൾ പ്രവർത്തിച്ചു. പല മന്ത്രിമാരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. കൂട്ടായ ചർച്ചയിലൂടെ തീരുമാനങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നില്ല.
സർക്കാർ നയങ്ങൾ വേണ്ടവണ്ണം ഉദ്യോഗസ്ഥരിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അമിത പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടും മെച്ചപ്പെടാൻ ഇനിയും നാലു വർഷം ബാക്കിയുള്ളതുകൊണ്ടും മുഖ്യമന്ത്രിക്ക് നൂറിൽ 50 മാർക്ക് മാത്രം നൽകുന്നു. മികച്ച പ്രകടനം നടത്തിയത് മന്ത്രി ജി. സുധാകരനാണ്. മാർക്ക് നൂറിൽ 80. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും അവരുടെ ഇടയിലെ തർക്കങ്ങൾ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുക, അനാവശ്യമായ പിടിവാശികൾ ഉപേക്ഷിക്കുക, അനാവശ്യ വിവാദങ്ങളിൽപെടാനുള്ള മന്ത്രിമാരുടെ ത്വര അവസാനിപ്പിച്ച് പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക എന്നിവയിൽ ഉൗന്നണം.
മാവോയിസ്റ്റ് കൊലപാതകം ഭരണത്തിലെ ഒരു കറുത്ത പാടുതന്നെണ്; ഡോ ബിജു
സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ സഹായ പദ്ധതികളും ക്ഷേമപെൻഷനുകളുടെ വർധനവും കൃത്യതയാർന്ന വിതരണവും താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സഹായകരമായി. മികച്ച പ്രതിച്ഛായയെന്ന് പറയാൻ കഴിയില്ല. സമ്മിശ്രപ്രതികരണമാണുള്ളത്. ആദർശപരമായ പുറകോട്ട് പോക്ക് ഭരണത്തിന് മങ്ങലേൽപിച്ചു. പല ജനകീയ വിഷയങ്ങളിലും സർക്കാർ ജനപക്ഷത്തല്ലെന്ന തോന്നലുളവാക്കുന്നു. പ്രത്യേകിച്ച് പൊലീസ് നയങ്ങളിൽ. നിലമ്പൂർ മാവോയിസ്റ്റ് കൊലപാതകം ഭരണത്തിലെ ഒരു കറുത്ത പാടുതന്നെയാണ്. പിണറായിക്ക് പരമാവധി 50 മാർക്ക് നൽകാം. വി.എസ്, ഇ.കെ. നായനാർ തുടങ്ങി ജനപക്ഷ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിലേക്ക് എത്താൻ പിണറായിക്കായില്ല. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. 70 മാർക്ക് നൽകാം. ഭരണത്തിലെ ധാർഷ്ട്യവും ഏകാധിപത്യവും അടിയന്തരമായി മാറണം. സൗഹാർദപരമായ പ്രതിച്ഛായയും മന്ത്രിസഭാംഗങ്ങൾ തമ്മിൽ കൂട്ടുത്തരവാദിത്തവുമുണ്ടാകണം.
പ്രതിച്ഛായയ്ക്ക് നഷ്ടം സംഭവിച്ചിട്ടില്ല; ജോയ് മാത്യു
സർക്കാറിന് വലിയ നേട്ടങ്ങൾ അവകാശപ്പെടാനുള്ള സമയമായിട്ടില്ല. ഒരു വർഷത്തിനിടെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. കുറച്ചുകൂടി സമയം കൊടുക്കാം. പറയത്തക്ക പ്രതിച്ഛായനഷ്ടവും സംഭവിച്ചിട്ടില്ല. ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ രണ്ടു മന്ത്രിമാർ രാജിവെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തു. അതേസമയം, മികച്ച ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടാൻ ശ്രമിച്ചതും നിലമ്പൂരിൽ മാവോവാദികളെന്ന് പറഞ്ഞ് രണ്ടു പേരെ വെടിവെച്ച് കൊലപ്പെടുത്തിയതും ജനങ്ങളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മാർക്കിടാൻ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ?.
അദ്ദേഹം ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ റോളിലാണുള്ളത്. അദ്ദേഹത്തിന് വോട്ട് ചെയ്യാത്തവരും പ്രതിപക്ഷവും അദ്ദേഹത്തെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിലേക്ക് പിണറായി ഉയരണം. വി.എസ്. സുനിൽകുമാറും ഇ. ചന്ദ്രശേഖരനുമാണ് മികച്ച മന്ത്രിമാരായി തോന്നിയിട്ടുള്ളത്. ഇക്കാരണത്താൽ എന്നെ സി.പി. ഐ ക്കാരനായി മുദ്രകുത്തേണ്ട. മികച്ച ഭരണം കാഴ്ചവെക്കാനാണ് സർക്കാറിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേക നിർദേശങ്ങളൊന്നും കൊടുക്കാതെതന്നെ പ്രവർത്തനം മെച്ചപ്പെടുത്താൻ അവർക്ക് സാധിക്കണം. (കടപ്പാട്; മാധ്യമം ഓണ്‍ലൈന്‍)