ദ്രുപദ മഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താൻ കഴിവുള്ള പുത്രലാഭത്തിനായി നടത്തിയ യാഗാഗ്നിയിൽ നിന്ന് ഒരു യുവ സുന്ദരി ഉയർന്നു വന്നു. ഇരുണ്ട നിറമായതിനാൽ കൃഷ്ണയെന്ന് അവൾക്ക് പേരിട്ടു. ദ്രുപദ പുത്രിയായതിനാൽ ദ്രൗപദിയെന്നും അവൾ അറിയപ്പെട്ടു. ജീവിതകാലം മുഴുവൻ അപമാനം സഹിച്ച് , അവസാനം മരിച്ചു വീഴുമ്പോഴും സ്വന്തം ഭർത്താവിനാൽ ആരോപണമേൽക്കേണ്ടി വന്ന ദ്രൗപദിയുടെ വിധി വൈപരീത്യങ്ങൾ നിറഞ്ഞ ജീവിതകഥയാണ് ദ്രൗപദി.
ഒരു പ്രതികാരം , സ്വയംവരം , പാണ്ഡവർ , കള്ളച്ചൂത് , വനവാസം , അജ്ഞാത വാസം , ദൂത് , യുദ്ധത്തിന്റെ കെടുതികൾ , ശിബിരത്തിലെ അരുംകൊല , ശാന്തി , മഹായാത്ര എന്നീ ഉള്ളടക്കങ്ങളിലൂടെ ദ്രൗപദിയുടെ ത്യാഗോജ്ജ്വലമായ ജീവിതകഥയാണ്
ഡി സി മാമ്പഴം പ്രസിദ്ധീകരണമായ ദ്രൗപദി. കഥയുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഡോ. പി.കെ ചന്ദ്രനാണ്.
ദ്രൗപദിയുടെ ജനനവും ജീവിതവും , മരണവും വിധിവൈപരീത്യങ്ങളുടെ ഒരു കണ്ണുപൊത്തിക്കളിയായാണ് തോന്നുക. ഒരു യായാഗാഗ്നിയിൽ നിന്ന് ജന്മമെടുക്കുക , അച്ഛന്റെ പ്രതികാരാഗ്നിക്ക് ഉപകരണമാകുക. ജീവിതകാലം മുഴുക്കെ അഗ്നിപരീക്ഷകൾക്ക് വശംവദയാകുക. അഞ്ചു ഭർത്താക്കന്മാർക്ക് ജനിക്കുന്ന അഞ്ചു മക്കളുടെയും ജഡം കൺമുൻപിൽ കാണുക, ഇതില്പരം എന്ത് അഗ്നിപരീക്ഷയാണ് ഒരു സ്ത്രീയ്ക്ക് അഭിമുഖീകരിക്കേണ്ടി വരിക. ജീവിതത്തിലുടനീളം അപമാനം സഹിക്കേണ്ടി വരിക , അവസാനം മരിച്ചു വീഴുമ്പോഴും സ്വന്തം ഭർത്താവ് ആരോപണമുന്നയിക്കുക ; എല്ലാം സഹിച്ച ഒരു ത്യാഗദേവതയാണ് ദ്രൗപദി.
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ” പുരാണ കഥാപാത്രങ്ങൾ ”. എണ്ണമില്ലാത്ത കഥാപാത്രങ്ങളും തീരാത്ത കഥകളുമായി സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ. ഭീഷ്മർ , ഹനുമാൻ , ദ്രൗപദി , ഗാന്ധാരി , രാവണൻ , സീത , കുന്തി , വിശ്വാമിത്രൻ , യയാതി , കണ്ണകി , സത്യവതി , ദ്രോണർ , ഘടോത്കചൻ , നാരദൻ തുടങ്ങി പ്രോജ്ജ്വലങ്ങളായ നിരവധി പുരാണ കഥാപാത്രങ്ങൾ നമുക്കുണ്ട്. ഇതിഹാസത്തിലെ അനശ്വര കഥകൾ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പുരാണകഥാപാത്ര പരമ്പര കുട്ടികൾക്കായി ഒരുക്കുകയാണ് ഡി സി മാമ്പഴം.
കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വാദ്യകരമാകും വിധം തയ്യാറാക്കിയ ഈ കഥകൾ എല്ലാംതന്നെ തികച്ചും ലളിതമാണ്. പ്രശസ്ത ബാലസാഹിത്യകാരന്മാരായ ഡോ. കെ ശ്രീകുമാർ. ഡോ. പി കെ ചന്ദ്രൻ , ഉല്ലല ബാബു , പി രമ തുടങ്ങിയവരാണ് കഥകളുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.