അന്ധനായ ധൃതരാഷ്ട്രരുമായുള്ള വിവാഹം ഉറപ്പായപ്പോൾ ഗാന്ധാരി ആദ്യമായി ചെയ്തത് ഒരു പട്ടുവസ്ത്രം വരുത്തുകയാണ് അത് മടക്കി രണ്ടുകണ്ണുകളും മൂടിക്കെട്ടി ഗാന്ധാരി സ്വയം പറഞ്ഞു ” എന്റെ മനസ്സിൽ നടക്കുന്ന അതിശക്തമായ അടിയൊഴുക്കുകൾ ആരും കാണാനിടവരരുത് ”. ഗാന്ധാരി പക്ഷെ പുറത്തു പറഞ്ഞത് മറ്റൊന്നായിരുന്നു.” ഭർത്താവിനില്ലാത്ത യാതൊരു മേന്മയും എനിക്കാവശ്യമില്ല , കണ്ണില്ലാത്ത ഭർത്താവിന് കണ്ണില്ലാത്തവളാണ് ഉത്തമ ഭാര്യ.” കേട്ടവർ കേട്ടവർ ആ ത്യാഗത്തെ പ്രകീർത്തിച്ചു. പുരാണത്തിലെ സഹനത്തിന്റെയും ത്യാഗത്തിന്റെയും യശഃസ്തംഭമായ ഗാന്ധാരിയുടെ കഥ.
ഗാന്ധാരി ഹസ്തിന പുരിയിലേക്ക് , കൗരവ പാണ്ഡവ കുമാരന്മാരുടെ ജനനം , രാജകുമാരന്മാർക്കിടയിലെ ശത്രുത , യുധിഷ്‌ഠിരൻറെ രാജസൂയം , കള്ളച്ചൂത് , അജ്ഞാതവാസം , ഗാന്ധാരി യുടെ ധർമ്മബോധം , യുദ്ധം , ഗാന്ധാരീ വിലാപം , യുധിഷ്‌ഠിരൻ രാജാവാകുന്നു , വനവാസം എന്നീ ഉള്ളടക്കങ്ങളാണ് ഗാന്ധാരി എന്ന പുസ്തകത്തിൽ. ഡി സി മാമ്പഴം പ്രസിദ്ധീകരണമായ ഗാന്ധാരി കഥയുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഡോ. പി.കെ ചന്ദ്രനാണ്.
പുരാണത്തിൽ സഹനത്തിന്റെയും ത്യാഗത്തിന്റെയും യശഃ സ്തംഭമായാണ് ഗാന്ധാരി നിലകൊള്ളുന്നത്. ഭാരതത്തിന്റെ വടക്കുപടിഞ്ഞാറ് സിന്ധു നദീതട തീരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധാരം അത്യാകർഷകമായ പ്രദേശമാണ്. ഗാന്ധാരത്തിലെ കുതിരകളും പെൺ മണികളും രാജാക്കന്മാരുടെ ഹരമാണ്.ഗാന്ധാര രാജാവായ സുബലന്റെ കണ്ണിലുണ്ണിയായിരുന്നു തന്റെ ഓമന മകൾ ഗാന്ധാരി . പരാമപാവനയും പരമശാന്തയുമായ പെൺകുട്ടി.വേദശാസ്ത്ര പരംഗതയും ഗുരുപൂജാ തത്പരയുമായ വളർന്ന സുബലജ മഹാദേവഭക്തയായിരുന്നു. സർവ്വാംഗ സുന്ദരിയായ ഗാന്ധാരി യെ വരിക്കാൻ രാജകുമാരന്മാർ തേടി ചെല്ലുന്ന കാലം. അങ്ങനെയിരിക്കെ ഒരിക്കൽ ……
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ” പുരാണ കഥാപാത്രങ്ങൾ ”. എണ്ണമില്ലാത്ത കഥാപാത്രങ്ങളും തീരാത്ത കഥകളുമായി സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ. ഭീഷ്മർ , ഹനുമാൻ , ദ്രൗപദി , ഗാന്ധാരി , രാവണൻ , സീത , കുന്തി , വിശ്വാമിത്രൻ , യയാതി , കണ്ണകി , സത്യവതി , ദ്രോണർ , ഘടോത്കചൻ , നാരദൻ തുടങ്ങി പ്രോജ്ജ്വലങ്ങളായ നിരവധി പുരാണ കഥാപാത്രങ്ങൾ നമുക്കുണ്ട്. ഇതിഹാസത്തിലെ അനശ്വര കഥകൾ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പുരാണകഥാപാത്ര പരമ്പര കുട്ടികൾക്കായി ഒരുക്കുകയാണ് ഡി സി മാമ്പഴം.
കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വാദ്യകരമാകും വിധം തയ്യാറാക്കിയ ഈ കഥകൾ എല്ലാംതന്നെ തികച്ചും ലളിതമാണ്. പ്രശസ്ത ബാലസാഹിത്യകാരന്മാരായ ഡോ. കെ ശ്രീകുമാർ. ഡോ. പി കെ ചന്ദ്രൻ , ഉല്ലല ബാബു , പി രമ തുടങ്ങിയവരാണ് കഥകളുടെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്.