സാഹിത്യസൃഷ്ടി നടത്തുന്നവർ ഭാഷ തെറ്റ് കൂടാതെ പ്രയോഗിക്കാൻ പഠിക്കണമെന്ന് കഥാകൃത്ത് ടി പത്മനാഭൻ. ബീന സജീവിന്റെ കടൽ പ്രണയങ്ങൾ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിൽപം തീർക്കുന്ന ആശാരിയെപോലെ എവിടെ ഉളി ശക്തിയായും മൃദുവായും പ്രയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം. പലർക്കും അതിനു കഴിയുന്നില്ല എന്നതാണ് ദുഃഖകരം. ദൃശ്യ മാധ്യമങ്ങളാണ് തെറ്റായ പ്രയോഗങ്ങൾ കൂടുതലായി ജനങ്ങളിൽ എത്തിക്കുന്നത്.
ഭാഷയുടെ ശുദ്ധിയെ കുറിച്ച് ജീവിതകാലം മുഴുവൻ സംസാരിച്ചയാളാണ് ഇ എം എസ്.കഥയും കവിതയും രചിക്കുന്നവർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച , ഭാഷയെ കുറിച്ചുള്ള ഇ എം എസിന്റെ പുസ്തകം വായിക്കണം. ശ്രോതാക്കൾക്കും വായനക്കാർക്കും മനസിലാകുന്നതായിരിക്കണം രചനകൾ. അതിനു വിശാലമായ വായന ആവശ്യമാണ്. കുഞ്ഞുണ്ണിയുടെ കടങ്കഥ വായിച്ചത് കൊണ്ട് പ്രയോജനമില്ല. കുമാരനാശാൻ , വള്ളത്തോൾ , ഉള്ളൂർ , എന്നിവരെ പോലുള്ളവരുടെ കാവ്യ ഗ്രന്ഥങ്ങൾ വായിക്കണം. വനിതാ എഴുത്തുകാർ വൃത്തികേടുകൾ എഴുതി പ്രശസ്തരാകാൻ ശ്രമിക്കുന്ന പ്രവണത ഏറി വരുന്നുണ്ടെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.