ഗുരുനാഥന്റെ സ്പര്‍ശവും ചിന്തയും അനുഗ്രഹവും പൂക്കളായി വിടര്‍ന്നു നില്‍ക്കുന്ന ഉദ്യാനത്തിലെ ഊടുവഴികളിലൂടെ ഞാന്‍ എന്റെ സംഗീതവുമായി യാത്രപോകുന്നു.
ഈ വഴി അങ്ങുകാണിച്ചുതന്നതാണ്.
വിളക്കും വഴിയും അങ്ങ്, പാദങ്ങള്‍മാത്രം എന്റേത്.
പാദങ്ങള്‍ മാത്രം. അവയുടെ ബലവും വേഗവും പോലും ഞാന്‍ ആര്‍ജ്ജിച്ചത് അങ്ങില്‍ നിന്നാണ്.
ഈ ജന്മമാണ് എന്റെ നന്ദിവാക്യം.
എന്റെ സംഗീതമാണ് അര്‍ഘ്യം.
ഞാനാണ് ദക്ഷിണ…!
ഒരു ശിഷ്യന്‍ ഗുരുനാഥന് നല്‍കാവുന്ന ഏറ്റവും വലിയ ദക്ഷിണ, ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൂടെ വിജയക്കൊടിപ്പാറിച്ച് നടക്കുക എന്നതാണ്. വിജയംമാത്രം നേടുന്ന ആ ജീവിതം തന്നെയാണ് നല്ല ഗുരുദക്ഷിണ.. ഇവിടെ മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ പ്രിയ ഗുരുനാഥനുള്ള ഗുരുദക്ഷിണ അര്‍പ്പിക്കുകയാണ്. വരിക ഗന്ധര്‍വ്വഗായകാ എന്ന പുസ്തകത്തിലൂടെ.
കാലാതിവര്‍ത്തിയായ ഈണങ്ങളുടെ മഹാസാഗരം മലയാളത്തിനു സമ്മാനിച്ച ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് എം ജയചന്ദ്രന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ്’ വരിക ഗന്ധര്‍വ്വഗായകാ’. ദേവരാജന്‍ മാസ്റ്റര്‍ എന്ന വന്‍മരത്തണലിലൂടെ നാദബ്രമ്ഹത്തിന്റെ ഉള്ളറിയുന്ന സംഗീതജ്ഞനായി എം ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ എങ്ങനെ വളര്‍ന്നു എന്നതിന്റെ സൂക്ഷ്മവിശദീകരണമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. ഗുരുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുവന്‍ അനുഭവിക്കുന്ന അനുഭൂതിയുടെ വനസരോവരങ്ങള്‍ കാലത്തിന്റെ നിറച്ചാര്‍ത്തില്‍ ചാലിച്ച് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു ഈ പുസ്തകത്തിലൂടെ. മലയാളികളും സംഗീതാസ്വാദകരും ഇന്നേവരെ കേട്ടിട്ടില്ലാത്ത അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായ ദേവരാന്‍മാസ്റ്ററിനെ ഈ ശിഷ്യന്റെ വാക്കുകളിലൂടെ നമുക്ക് കണ്ടെത്താനാകും.
എം ബി ശ്രീനിവാസനുമായുള്ള ബന്ധം അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ ആരംഭം. എന്നാല്‍ സംഗീതതചക്രവര്‍ത്തിയായിരുന്ന ദേവരാജന്‍ മാസ്റ്റര്‍ ആരായിരുന്നു എന്തായിരുന്നു എന്നും വരുംതലമുറയയെയും നമ്മളെയും ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകം. കൂടാതെ എം ജയചന്ദ്രന്റെ സംഗീതജീവിതാനുഭവങ്ങളും, വളര്‍ച്ചകളും സംഗീതത്തിലെ വ്യക്തിബന്ധങ്ങളെയും കോറിയിട്ടിരിക്കുന്നു.
”ഇത്രമേല്‍ ആത്മാര്‍ത്ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം ആപൂര്‍വ്വം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള വിഗ്രഹം ഗുരുനാഥന്റേതായിരിക്കാം.ദൈവത്തിനുപോലും ഗുരുനാഥന്റെ ഛായയുണ്ട്. ഭാരതത്തില്‍ ഒരു ക്ലാസിക് കലാകാരന്റെ മനസ്സില്‍ ഗുരുവോളം ചൈതന്യമുള്ള മറ്റൊരു രൂപമില്ല. അയാള്‍ ഓര്‍ക്കുമ്പോള്‍, അയാള്‍ വരയ്ക്കുമ്പോള്‍ ആ രൂപത്തിന് കൈവരുന്ന തിളക്കം മറ്റാരു വരച്ചാലും കിട്ടുകയില്ല. ദേവരാജന്‍ മാസ്റ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ വിരലറ്റംവരെ കോരിത്തരിക്കുന്നു ജയചന്ദ്രന്‍. എളിമയാണ് ഗുരുത്വത്തിന്റെ ആവിഷ്‌കരണം എന്നതിന്റെ സൂക്ഷ്മമായ വിശദീകരണമാണീ പുസ്തകമെന്ന്” കല്പറ്റ നാരായണന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നതും ഈ പുസ്തകത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നു.