വിഷയത്തില്‍ പരിജ്ഞാനവും അനുഭവവും എക്കാലത്തും പഠിക്കാനുള്ള മനസ്സും ഉണ്ടായാല്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ പ്രഗത്ഭനായിരിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. എന്നാല്‍ തനിക്കറിയാവുന്ന വിഷയങ്ങള്‍ ഗൗരവം ചോര്‍ന്നു പോകാതെ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാനും അങ്ങനെ അനുഭവങ്ങളെ ചിരഞ്ജീവികളാക്കാനും നല്ലൊരെഴുത്തുകാരനു മാത്രമേ സാധ്യമാകൂ. ഈ കഴിവാണ് ന്യൂറോളജി എന്ന ചികിത്സാ ശാഖയിലെ വൈദ്യശാസ്ത്ര പ്രതിഭ ഡോ. കെ.രാജശേഖരന്‍ നായരെ വ്യത്യസ്തനാക്കുന്ന ഘടകം.
ഒട്ടനവധി പുസ്തകങ്ങള്‍ നമുക്ക് സമ്മാനിച്ചിച്ചിട്ടുള്ള രാജശേഖരന്‍ നായരുടെ ശ്രദ്ധേയമായ കൃതിയാണ് ഞാന്‍ തന്നെ സാക്ഷി. ആധുനിക വൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചു കൊല്ലത്തെ വ്യത്യസ്തഘട്ടങ്ങളിലെ അനുഭവങ്ങളുടെയും, രോഗികളുടെയും, വേദനകളുടെയും, ദു:ഖങ്ങളുടെയും, അസാധാരണങ്ങളായ രോഗമുക്തിയുടെയും കഥകളാണ് ഇതിലുള്ളത്.
ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ഇഴ ചേര്‍ത്ത ഞാന്‍ തന്നെ സാക്ഷി മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സില്‍ പെടുന്ന ഒരു അപൂര്‍വ്വസുന്ദരകൃതിയാണ്. നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകര്‍ഷകങ്ങളായ മനുഷ്യകഥകളാണ് ഈ പുസ്തകത്തിലെ ഓരോന്നും. ഡോ. കെ.രാജശേഖരന്‍ നായരുടെ സമ്പന്നമായ അറിവിന്റെയും അനുഭവത്തിന്റെയും അവയെ കൂട്ടിയിണക്കുന്ന അന്തര്‍ജ്ഞാനത്തിന്റെയും സമ്യക്കായ ആവിഷ്‌കാരമാണിത്.
വെറും സ്പര്‍ശനവും കാഴ്ചയും സ്‌റ്റെതസ്‌കോപ്പിലൂടെ കേള്‍ക്കുന്ന നേര്‍ത്ത സ്വരങ്ങളും മാത്രം വെച്ച് രോഗ നിര്‍ണ്ണയം നടത്തിയിരുന്ന 1960കളും, അത്ഭുതകരമായ പരിശോധനകള്‍ വൈദ്യശാസ്ത്രത്തിന്റെ ഗതിയെ മാറ്റിയ എണ്‍പതുകളും, അതുകഴിഞ്ഞ് ജെനിറ്റിക്‌സും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും റോബോട്ടിക്‌സുമൊക്കെ കടന്നുവന്ന് വൈദ്യത്തിന്റെ മനുഷ്യമുഖം തന്നെ മാറ്റുന്ന ഈ നൂറ്റാണ്ടും ഒക്കെ സ്വയം പഠിച്ച, പഠിപ്പിച്ച, അനുഭവിച്ച ഒരു വൈദ്യാധ്യാപകന്റെ സാക്ഷ്യപത്രമാണ് ഞാന്‍ തന്നെ സാക്ഷി. അക്ഷരമണ്ഡലം പദ്ധതിയിലൂടെ പുറത്തിറങ്ങിയ പുസ്തകം ഏറെ ജനപ്രിയമായതിനെത്തുടര്‍ന്ന് അതിവേഗം മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞു. പുസ്തകത്തിന്റെ 3-ാം
പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.
1998ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടര്‍ എന്ന ബഹുമതി നേടിയ ഡോ. രാജശേഖരന്‍ നായര്‍ അന്താരാഷ്ട്ര തലത്തില്‍ നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച വൈജ്ഞാനിക സാഹിത്യ കൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സംസ്മൃതി, രോഗങ്ങളും സര്‍ഗ്ഗാത്മകതയും, വൈദ്യവും സമൂഹവും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, കുറെ അറിവുകള്‍ അനുഭൂതികള്‍ അനുഭവങ്ങള്‍ എന്നീ ജനപ്രിയ വൈദ്യശാസ്ത്ര പുസ്തകങ്ങള്‍ തയ്യാറാക്കിയതും അദ്ദേഹമാണ്.
The post ഒരു ന്യൂറോളജിസ്റ്റിന്റെ അനുഭവങ്ങള്‍ appeared first on DC Books.