ഭാരതീയ പൈതൃകത്തിലൂടെ പകര്‍ന്നു കിട്ടിയ ചികിത്സാവിധികളെ ലോകത്തിനു മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ച വൈദ്യപ്രതിഭയാണ് ഡോ.എം.എസ് വല്യത്താന്‍. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് ഉള്‍പ്പെടെയുള്ള പണ്ഡിതരില്‍ നിന്നും ആയുര്‍വേദം അഭ്യസിക്കാനാരംഭിച്ച അദ്ദേഹം ആയുര്‍വേദത്തിലെ ബൃഹത് ത്രയികളെ അധികരിച്ച് ‘ലെഗസി ഓഫ് ചരക’, ‘ലെഗസി ഓഫ് സുശ്രുത’, ‘ലെഗസി ഓഫ് വാഗ്ഭ’ട എന്നീ പുസ്തകങ്ങള്‍ എഴുതുകയുണ്ടായി. ആയുര്‍വേദ ചികിത്സാരംഗത്തിന് പുതിയ ദിശാബോധം നല്‍കിയത് ഈ പുസ്തകങ്ങളായിരുന്നു. ഇതില്‍ എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരകനെഴുതിയ വിശ്രുത വൈദ്യഗ്രന്ഥമായ ചരകസംഹിതയ്ക്ക് പുതിയൊരു വ്യാഖ്യാനം നടത്തുകയായിരുന്നു ‘ലെഗസി ഓഫ് ചരക’ എന്ന പുസ്തകത്തിലൂടെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.എം.എസ്. വല്യത്താന്‍. ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ചരകപൈതൃകം.
കേവലമൊരു വ്യാഖ്യാനത്തിനപ്പുറം ആധുനികജ്ഞാനവ്യവസ്ഥയ്ക്ക് അനുരൂപമായി ചരകദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ്യിചരകപൈതൃകത്തിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുന്നത്. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ അലോപ്പതി വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്യുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥമായ ലെഗസി ഓഫ് ചരക. ബാംഗ്ലൂരിലെ രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ഗാന്ധിസ്മാരക പ്രഭാഷണത്തില്‍ നിന്നാണ് ചരകപൈതൃകം‘ എന്ന വിഖ്യാത ഗ്രന്ഥം വൈദ്യശാസ്ത്ര ലോകത്തിന് ലഭിച്ചത്. ചരകസാമ്രാജ്യത്തിലൂടെ രണ്ടു വര്‍ഷക്കാലം ഡോ.എം.എസ് വല്യത്താന്‍ നടത്തിയ യാത്രയുടെ ആകെത്തുകയാണ് ഈ പുസ്തകം എന്നു പറയാം. കേവലമൊരു വ്യാഖ്യാനത്തിനപ്പുറം ഇന്നത്തെ കാലഘട്ടത്തിനനുസൃതമായി ചരക ദര്‍ശനങ്ങളെ വിശദീകരിക്കുന്ന പുസ്തകം സംസ്‌കൃതം അദ്ധ്യാപികയും ഗവേഷകയുമായമുത്തുലക്ഷ്മിയാണ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
1934 മെയ് 24ന് മാര്‍ത്താണ്ഡവര്‍മ്മയുടേയും ജാനകിയുടേയും മകനായി മാവേലിക്കരയിലാണ് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന എം.എസ് വല്യത്താന്‍ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാല, എഡിന്‍ബറോയിലെയും ലണ്ടനിലേയും റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രികളില്‍ നിന്നായി വിദഗ്ധപരിശീലനം നേടി. എം.സി.എച്ച്, എഫ്.ആര്‍.സി.എസ്, എം.ആര്‍.സി.പി ബിരുദങ്ങള്‍ നേടി.
1974 മുതല്‍ 1994 വരെ തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിനെ രാജ്യാന്തര നിലവാരത്തിലേയ്ക്കുയര്‍ത്താന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. കൃത്രിമ ഹൃദയവാല്‍വ് ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതിന് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഇന്ത്യയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകള്‍ ഡി.എസ്.സി ബിരുദം നല്‍കി ആദരിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അടക്കം നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
The post ചരക ദര്‍ശനങ്ങളെ വിശദീകരിക്കുന്ന പുസ്തകം appeared first on DC Books.