നിങ്ങള്‍ക്കും ഐ.എ.എസ് നേടാം എന്ന പുസ്തകത്തിനുശേഷം എസ് ഹരികിഷോര്‍ ഐ. എ.എസ് തയ്യാറാക്കിയ പുസ്തകമാണ് ഉന്നതവിജയത്തിന് 7 വഴികള്‍. ഇറങ്ങിയ നാള്‍ത്തന്നെ ബെസ്റ്റ് സെല്ലറില്‍ ഇടംനേടിയ പുസ്തകം എന്ന ബഹുമതി ലഭിച്ച അപൂര്‍വ്വംചില പുസ്തകങ്ങളിലൊന്നാണ് ഉന്നതവിജയത്തിന് 7 വഴികള്‍. സ്‌കൂളുകളില്‍ തുടങ്ങി തൊഴിലിടങ്ങളിലും ജീവിതത്തില്‍ പോലും മത്സരം നിലനില്‍ക്കുന്ന ഇക്കാലത്ത് ചെറുപ്പവലിപ്പമില്ലാതെ എല്ലാവര്‍ക്കും ഉപകരിക്കുന്ന വിധമാണ് ഐഎഎസില്‍ ഉന്നതവിജയം നേടി വിവിധ ജില്ലകളില്‍ സബ് കളക്ടറായും കളക്ടറായും ഇപ്പോള്‍ കുടുംബശ്രീമിഷനിലും ഉന്നതസ്ഥാനത്തിരിക്കുന്ന എസ് ഹരികിഷോര്‍ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വിജയം നേടാനായി ആവശ്യമുള്ള ഏഴ് സ്വഭാവഗുണങ്ങളെ മുന്‍നിര്‍ത്തി അവയെ വികസിപ്പിച്ച് വിശദീകരിക്കുന്ന രീതിയിലാണ് ഉന്നതവിജയത്തിന് 7 വഴികള്‍ എന്ന പുസ്തകത്തിന്റെ ഘടന. ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശീലിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തില്‍ പുതിയൊരു തുടക്കം കുറിക്കാനും വിജയപഥത്തിലൂടെ മുന്നേറാനും വായനക്കാര്‍ക്ക് കൈത്താങ്ങുന്ന പുസ്തകമാണിതെന്ന കാര്യത്തില്‍ സംശയമില്ല.
വിജയത്തിന്റെ അടിത്തറ, വിജയത്തിന്റെ പടവുകള്‍, ഉയരങ്ങള്‍ താണ്ടാന്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി ലക്ഷ്യബോധം, ആസൂത്രണം, പ്രവര്‍ത്തനം, അറിവ്, കഴിവ്, ആത്മവിശ്വാസം, ഉള്‍ക്കരുത്ത് തുടങ്ങി ഒരുവന് വിജയം കൈവരിക്കാനാവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. ചുരുക്കത്തില്‍ ജീവിതത്തില്‍ ഉന്നതവിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായ കൈപ്പുസ്തകമാണ് ഉന്നതവിജയത്തിന് 7 വഴികള്‍. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് വിജയത്തിലേക്കുള്ള പ്രായോഗികപാഠങ്ങളെ എസ് ഹരികിഷോര്‍ പരിചയപ്പെടുത്തുന്നത്.
വ്യക്തികളാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് വെളിച്ചമേകും വിധത്തില്‍ ലളിതമായാണ് ഹരികിഷോര്‍ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വയം ഉയരാനും തുടര്‍ന്ന് സമൂഹത്തെ നയിക്കാനും സാമൂഹിക പുരോഗതിക്ക് നേതൃത്വം നല്‍കാനും തന്റെ വാക്കുകള്‍ക്ക് സാധിച്ചാല്‍ ഉദ്യമം ധന്യമായെന്ന് എസ് ഹരികിഷോര്‍ പറയുന്നു.
2016 ജൂണ്‍മാസത്തില്‍ ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
The post ഉന്നതവിജയം നേടാനൊരു വഴികാട്ടി appeared first on DC Books.