ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയില്‍ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയര്‍ത്തിയ അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൗലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്നല്ലാതെ മറ്റൊരുവിശേഷണവും ഉചിതമാകില്ല. ഇനിയൊന്നും വര്‍ണിക്കാന്‍ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അക്ഷരങ്ങളുടെ സുല്‍ത്താനെ കുറിച്ച് മലയാളസഹിത്യലോകവും, മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും, കഥകളും നിലകൊള്ളുന്നു എന്നതാണ് അദേഹത്തിന്റെ മഹത്വം.
മത-ജാതി-ഭാഷാഭേദങ്ങള്‍ക്കപ്പുറത്ത് മാനവികതയുടെ മൂല്യങ്ങളെ സ്വന്തസിദ്ധമായ ശൈലിയിലൂടെ മാനവഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ എഴുത്തുകാരില്‍ പരമ പ്രധാനിയായിരുന്നു ബഷീര്‍. അദ്ദേഹത്തിന്റെ നോവലുകളും കഥകളും കത്തുകളും ലേഖനങ്ങളുമെല്ലാം തന്നെ ഇന്നും പ്രിയപ്പെട്ടതാണ്. അതിന് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ തരംതിരിവുമില്ല. അദ്ദേഹത്തിന്റെ ചില കൃതികള്‍ കുട്ടികള്‍ക്ക് പഠിക്കാനായി തിരഞ്ഞെടുത്തിട്ടുമുണ്ട്. എത്രപറഞ്ഞാലും വര്‍ണ്ണിച്ചാലും മതിയാകാത്തതരം സവിശേഷഗുണമാണ് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. തന്റെ കഥയെഴുത്തിനെക്കുറിച്ച് ബഷീര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്;
ആദ്യമായും ഇപ്പോഴും കഥയെഴുതുമ്പോള്‍ എനിക്കതൊരു ആവേശവുമണ്ടായിരുന്നില്ല. ഒരു കഥ എന്നിലുണ്ടാവുന്നു. അല്ലെങ്കില്‍ ഒരു കഥ ഞാന്‍സ്വരുക്കൂട്ടിയെടുക്കുന്നു. അധികവും എന്റെ അനുഭവങ്ങളായിരിക്കും. ഞാന്‍ അതില്‍ ജീവിച്ച് , ചിരിച്ചോ, കരഞ്ഞോ, ചിന്തിച്ചോ, ചൂടോടെ പതുക്കെ എഴുതുന്നു. അത്രേയുള്ളു. എഴുതുമ്പോള്‍ വൃത്തിയുള്ള ചുറ്റുപാടായിരിക്കണം. പിന്നെ ശാന്തി അതുമുണ്ടായിരിക്കണം. അധികവും ഞാന്‍ എഴുതിയിട്ടുള്ളത് പൂങ്കാവനത്തിലിരുന്നാണ്. ബാക്ഗ്രൗണ്ടായിട്ട് സംഗീതമുണ്ടായിരിക്കും. സംഗീതസാന്ദ്രമായ അന്തരീക്ഷം.
ഞാന്‍ ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങിയിട്ടുള്ളതുകൊണ്ട് എനിക്ക് ധാരാളം അനുഭവങ്ങളുണ്ട്. എഴുതുന്നതിലധികവും എന്റെ അനുഭവങ്ങളായിരിക്കും എന്നുപറഞ്ഞല്ലോ. ഞാന്‍ എഴുതുമ്പോള്‍ അതില്‍ തിന്മ ഉണ്ടായിരിക്കരുത് എന്ന് എനിക്ക് നല്ല ബോധം കാണും. പിന്നെ കഥയ്ക്കുവേണ്ടി പൊടിപ്പുംതൊങ്ങലുമൊക്കെ ഞാന്‍ വയ്ക്കും. ഞാനും എന്റെ ചുറ്റുമുള്ളവരുമൊക്കെ കാമക്രോധാദികളുള്ളവരാണല്ലോ. അനുഅനുസൃതമായ ജീവന്റെ പ്രവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
അതേ, സ്വന്തംഅനുഭവത്തില്‍ നിന്ന് കഥാബീജംകണ്ടെത്തിയ ബഷീറിന്റെ കഥകളെ മലയാളവായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം പച്ചയായജീവിതത്തിന്റെ മണമുള്ളവയാണ് ആ രചനകളെല്ലാം. ‘നീലവെളിച്ചം’,’ ആനപ്പൂട‘, ‘ഭൂമിയുടെ അവകാശികള്‍‘, ‘പൂവന്‍പഴം’, ‘വിഡ്ഢികളുടെ സ്വര്‍ഗ്ഗം‘, ‘ജന്മദിനം‘ തുടങ്ങിയകഥകളെല്ലാം ഇതിന് ഉദാഹരണമാണ്.
ഇപ്പോഴിതാ ആ സാഹിത്യസുല്‍ത്താന്റെ നിരവധികഥകളുടെ ചേരുവകളായ ശിങ്കിടിമുങ്കന്‍, വിഡ്ഢികളുടെ സ്വര്‍ഗ്ഗം, ആനപ്പൂട, പാവപ്പെട്ടവരുടെ വേശ്യ, ഭൂമിയുടെ അവകാശികള്‍, നീലവെളിച്ചവും മറ്റ് പ്രധാനകഥകളും തുടങ്ങിയ കഥാസമാഹാരങ്ങളുടെയെല്ലാം പുതിയപതിപ്പ് പുറത്തിറങ്ങിയിക്കുകയാണ്.
ഇതുകൂടാതെ ഡി സി ബുക്‌സ് ബഷീര്‍കൃതികളുടെ സമ്പൂര്‍ണ്ണസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.