”വർഗ്ഗീയ ഫാസിസത്തിന്റെ ഇരുൾ രാജ്യത്താകമാനം പടരുന്ന ഈ കാലത്ത് അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രകാശമായാണ് ഒരു വർഷം മുൻപേ ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നത്. പ്രതീക്ഷകളെ അസ്ഥാനത്താക്കാതെ കൂടുതൽ കരുതലോടെയുള്ള ഭരണം ഏറെ സന്തോഷം തരുന്നു. സാമ്പത്തിക – സാംസ്കാരിക -വിദ്യാഭ്യാസ – കാർഷിക – വ്യാവസായിക – ആരോഗ്യ മേഖലകളിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ പുത്തനുണർവ് തരുന്നു.”
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം , പ്രശസ്ത എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ വിലയിരുത്തുന്നു.
അടിസ്ഥാന വർഗ്ഗങ്ങളുടെ പ്രശനം പരിഹരിക്കുന്നതിൽ സർക്കാർ ഊന്നൽ നൽകുന്നത് സന്തോഷകരമായ കാര്യമാണ്. കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്ക് ക്ഷേമ പെൻഷൻ , അങ്കണവാടി ടീച്ചർമാർക്കും , ആയമാർക്കും , ആശാ വർക്കർമാർക്കും മാന്യമായ വേതന വ്യവസ്ഥ തിട്ടപ്പെടുത്തിയതും , ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉറപ്പുവരുത്താൻ ഈ സർക്കാർ ജാഗ്രത പുലർത്തുന്നു. ഏറ്റവും എടുത്തു പറയേണ്ട ഒന്ന് അഴിമതി തുടച്ചു നീക്കാനുള്ള ഈ സർക്കാരിന്റെ പ്രതിജ്ഞാ ബദ്ധതയാണ്. ചുവപ്പുനാടകളിൽ കുരുങ്ങാതെ സാധാരണക്കാരന്റെ ആവശ്യങ്ങൾ കൈക്കൂലിയോ ശുപാർശയോ കൂടാതെ സാധിക്കുന്ന സുതാര്യമായ ഒരവസ്ഥ ഉണ്ടായി വരുന്നു.
മലയാള ഭാഷയെ ഭരണ ഭാഷയാക്കാനും , ഒന്നാം ക്ളാസുമുതൽ മലയാളം നിർബന്ധമാക്കാനുമുള്ള തീരുമാനം കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സാഹിത്യ അക്കാദമി , സംഗീത നാടക അക്കാദമി , ലളിതകലാ അക്കാദമി , ചലച്ചിത്ര അക്കാദമി മുതലായ സാംസ്കാരിക സ്ഥാപനങ്ങൾ ഒറ്റക്കെട്ടായി അക്കാദമിക് പണ്ഡിതരും , അധ്യാപകരും , വിദ്യാർഥികളും , മുതൽ കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ സമൂഹത്തിന്റെ ക്രിമിനൽ വൽക്കരണത്തിനും , വർഗ്ഗീയതയുടെ കടന്നു കയറ്റത്തിനുമെതിരെ സർഗ്ഗാത്മകമായി പ്രതിരോധമുയർത്തുന്നുണ്ട്.
കൃത്യസമയത്ത് പാഠപുസ്തകങ്ങൾ എത്തിച്ചും , പരീക്ഷകൾ നടത്തുകയും ചെയ്യുന്നതോടൊപ്പം പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും മികച്ചതാക്കാനുമുള്ള പ്രവർത്തനങ്ങളിലെ പ്രതിജ്ഞാബദ്ധത വിദ്യാഭ്യാസ രംഗത്തെ തിളക്കമാർന്ന നേട്ടമാണ്. വ്യവസായരംഗത്ത് ചെറുതും വലുതുമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതോടൊപ്പം , ഒരിഞ്ചു കൃഷിഭൂമി പോലും തരിശായിടാൻ ഇടയാക്കാത്ത തരത്തിലുള്ള ദീർഘവീക്ഷണം കാർഷിക മേഖലയെ ഊർജ്ജസ്വലമാക്കുന്നു. മൊത്തത്തിൽ കാര്യക്ഷമതയുടെ തിളക്കം എല്ലാ മേഖലകളിലും കാണാൻ കഴിയുന്നു എന്നതാണ് എൽ ഡി എഫ് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ മനസിലാക്കാൻ കഴിയുന്നത്.
നേട്ടങ്ങളോടൊപ്പം പിഴവുകളും വീഴ്ചകളും പോരായ്മകളുമൊക്കെ ഈ ഭരണത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും പോസറ്റിവായി തോന്നിയ കാര്യം ആ വീഴ്ചകൾ തുറന്നു സമ്മതിക്കാനും അതിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രിയും സഹപ്രവർത്തകരും കാണിച്ച ആർജ്ജവമാണ്.