കഥകളുടെ മഹാലോകമാണ് ഇതിഹാസ പുരാണാദികൾ. ആയിരക്കണക്കിന് കഥാപാത്രങ്ങളും ആയിരക്കണക്കിന് സംഭവങ്ങളും നിറഞ്ഞ മഹാസാഗരങ്ങൾ. ആ സാഗരത്തിലടങ്ങാത്തതായി ഒന്നുമില്ല ഒറ്റയൊറ്റ കൃതികൾ എന്ന നിലയിൽ വായിക്കുമ്പോഴുള്ള ആസ്വാദ്യതയല്ല , സ്വയം പൂർണ്ണങ്ങളായ ഒറ്റയൊറ്റ കഥകളായി അവ വായിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്. കൃത ഹസ്തനായ മാലിയുടെ ആഖ്യാന പാടവം തെളിയിക്കുന്ന ഒരു ബൃഹദ് ഗ്രന്ഥമാണ് ‘പുരാണ കഥാമാലിക.’ കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് 12 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുരാണകഥാ മാലിക പിന്നീട് ഒരൊറ്റ സമാഹാരമായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഡി സി പതിപ്പാണ് മാലിയുടെ പുരാണകഥാ മാലിക.
അതിസമ്പന്നമായ നമ്മുടെ കഥാപാരമ്പര്യം പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ബന്ധങ്ങളും ബന്ധവൈചിത്ര്യങ്ങളും ഇടകലർന്ന സംഭവങ്ങളും സംഭ്രാന്തികളും കൊണ്ട് ബഹുലമായ അവയെ കൊച്ചു കഥകളായി പുനരാഖ്യാനം ചെയ്തത് യശഃ ശരീരനായ മാലിയാണ്. 1110 പേജുകളോടു കൂടിയ ഈ ബൃഹദ് ഗ്രന്ഥം. പുരാണങ്ങളിലെ 300 ഓളം കഥാപാത്രങ്ങളും കഥകളും പുരാണകഥാമാലികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാലിയുടെ രചനാപാടവം തെളിയിക്കുന്ന ഈ കഥകളോരോന്നും തികച്ചും ആസ്വാദ്യകരമാണ്.
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിചിട്ടുണ്ട്. 70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി.
നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മാലി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയിൽ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനിൽ നാഷണൽ ബുക്ക്ട്രസ്റ്റിൽ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ് ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു.1994 ജൂലൈ 2 നു അന്തരിച്ചു.