നാടും നഗരവും ഓണാഘോഷപരിപാടികളാല്‍ അലംകൃതമായി…മാവേലി മന്നനും വാമനനും..പുലികളിയും തിരുവാതിരകളിയും ഓണപ്പാട്ടും ഒക്കെയായി സാംസ്‌കാരിക സംഘടനകളും ഓണാഘോഷം പൊടിപൊടിക്കുകയാണ്. എന്നാല്‍ വിപുലമായ സാഹിത്യാത്സവം സംഘടിപ്പിച്ചുകൊണ്ടാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഈ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളില്‍ കോഴിക്കോട് രാജാജി റോഡിലുള്ള വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍സ്‌റ്റേഡിയം കോണ്‍ഫറന്‍സ് ഹാളിലാണ് സാഹിത്യോത്സവവും ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.
13ന് ഉച്ചകഴിഞ്ഞ് 3.30 ന് കാവ്യാഞ്ജലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. സാഹിത്യോല്‍സവ കമ്മിറ്റി ചെയര്‍മാന്‍ പി എം സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് എഴുത്തുകാരി പി വത്സല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘എം ടിയും മലയാള സാഹിത്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ.പി കെ പോക്കര്‍ മോഡറേറ്റുചെയ്യുന്ന സെമിനാറില്‍ എം ടി യുടെ നോവല്‍-ഖദീജ മുംദാസ്(കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്), എം ടിയുടെ ചെറുകഥ- വി സുകുമാരന്‍, എം ടിയുടെ തിരക്കഥ- ആര്‍ വി ദിവാകരന്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
14ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന കാവ്യസായാഹ്നം ടി പി രാജീവന്‍ ഉദ്ഘാടനം ചെയ്യും. പി കെ ഗോപി അദ്ധ്യക്ഷനാകുന്ന കാവ്യോത്സവത്തില്‍ പി പി ശ്രീധരനുണ്ണി, പി എം നാരായണന്‍, പോള്‍ കല്ലനോട്, വീരാന്‍കുട്ടി, മലയത്ത് അപ്പുണ്ണി, ആര്യാ ഗോപി, ഒ പി സുരേഷ്, പൂനൂര്‍ കെ കരുണാകരന്‍, മേലൂര്‍ വാസുദേവന്‍, കെ പി സായിപ്രഭ, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, വരദേശ്വരി, പി എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ കവിതകളാലപിക്കും.
The post ഓണാഘോഷവും സാഹിത്യോത്സവവും appeared first on DC Books.