പരിസ്ഥിതിക്കുവേണ്ടി കഴിഞ്ഞ അറുപതു വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രമാണ് കേരളം 60 സീരീസിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മിക്കവയും. മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രങ്ങളായ കുറച്ചു പുസ്തകങ്ങൾ ഈ ലോക പരിസ്ഥിതി ദിനത്തിൽ നമുക്ക് പരിചയപ്പെടാം.
മുക്കുറ്റി – കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും
പല ഋതുക്കളില്‍ നമ്മുടെ മണ്ണില്‍ തഴച്ചുവളര്‍ന്ന് മലയാളിയുടെ ജീവിതത്തിലും സംസ്‌കാരത്തിലും സാന്നിദ്ധ്യമായ അനവധി സസ്യജാലങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥയില്‍ നിന്ന് നമ്മുടെ മണ്ണിനെ വ്യത്യസ്തമാക്കുന്നതും ഹരിതാഭമാക്കുന്നതും നമ്മുടെ സസ്യജാലങ്ങളാണ്. ഈ സസ്യജാലങ്ങളാകട്ടെ നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. വൈവിധ്യപൂര്‍ണ്ണമായ നമ്മുടെ സസ്യ-വൃക്ഷ ജാലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് മുക്കുറ്റി- കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും എന്ന പുസ്തകം.
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ ശയിക്കുന്ന കേരളം സസ്യവൈവിധ്യത്തിന്റെ പേരില്‍ സമ്പന്നമാണ്. ഇങ്ങനെ സമ്പുഷ്ടമായ ഒരോ സസ്യജാലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും ഔഷധഗുണമുള്ളതാണ്. നാം നമ്മുടെ ചുറ്റുവട്ടത്ത് കണ്ടുമറന്നതും ഒരിക്കലും ഗൗനിച്ചിട്ടില്ലാത്തതുമായ മരങ്ങളുടെയും ചെടികളുടെയും സസ്യലതാദികളുടെയും സവിശേഷതകളും ഗുണങ്ങളും ഉപയോഗങ്ങളുമാണ് മുക്കുറ്റി – കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം. വിദ്യാര്‍ത്ഥകള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്രദമാകുന്ന ഈ റഫറന്‍സ് ഗ്രന്ഥം പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകരായ ഡോ.ടി ആര്‍ ജയകുമാരി, ആര്‍ വിനോദ്, എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ ഔഷധസസ്യങ്ങള്‍, ഉദ്യാനസസ്യങ്ങള്‍, ഫലസസ്യങ്ങള്‍ എന്നീ ഇനത്തില്‍പ്പെട്ട നൂറോളം സസ്യങ്ങളെ കുറിച്ചുള്ള വിവരണമാണ് ‘നമ്മുടെ വള്ളിസസ്യങ്ങള്‍ എന്ന പുസ്തകത്തിനാധാരം. ഇതില്‍ വിവരിക്കുന്ന എല്ലാസസ്യങ്ങളും ഒന്നിനൊന്നുമെച്ചമാണ്. അതായത് ഈ ഭൂവനഗോളത്തി്ല്‍ ആവശ്യമില്ലാത്ത ഒരു സസ്യവുമില്ല എന്ന സത്യത്തിന് അടിവരയിടുന്നതാണ് ഈ ഗ്രന്ഥം. ഡോ. ടി ആര്‍ ജയകുമാരി നമ്മുടെ വള്ളി സസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സസ്യങ്ങളുടെയും പേര്, ഔഷധഗുണം, ശാസ്ത്രീയ കാര്യങ്ങള്‍ എന്നിവ വളരെ വിസ്തരിച്ച്, ശാസ്ത്രീയമായും സരളമായും വിവരിച്ചിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം വേനല്ക്കാലത്ത് ജലദൗര്ലഭ്യത്താല് ചുട്ടുപൊളളുന്നു. കാലം മാറുന്നു ഒപ്പം കാലാവസ്ഥയും .ഈ സാഹചര്യത്തില് മഴയുടെ ഒരോ തുളളിയും കൊയ്തെടുത്ത് വേനലിന്റെ വറുതിയെ വരുതിയിലാക്കാനുളള മാര്ഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും നമ്മുടെ മുന്നിലുണ്ട്. അതുപോലെ വിവിധതരം ജലസംഭരണികളുടെ നിര്മ്മാണത്തെക്കുറിച്ചും ലളിതമായ ഭാഷയില് സാധാരണക്കാരന്റെ മുന്നില് അവതരിപ്പിക്കുന്ന പുസ്തകമാണ് മഴക്കൊയ്ത്തും ജലസുരക്ഷയും. സംസ്ഥാന ജലവിഭവവകുപ്പിന്റെ കീഴില് പ്രവര്ത്തിക്കുന്ന കമ്മ്യൂണിക്കേഷന് ആന്റ് കപ്പാസിറ്റിഡെവല്പ്മെന്റ് യൂണിറ്റിന്റെ ഡയറക്ടറായ ഡോ.വി.സുഭാഷ് ചന്ദ്രബോസ് ആണ് പുസ്തകം തയ്യാറാക്കിയത്.
സസ്യങ്ങളുടെ ലോകത്തെ പ്രത്യേകതകള്‍ വിശദമാക്കുന്ന കൃതിയാണ് ഡോ . എ രാജഗോപാൽ കമ്മത്ത് രചിച്ച ‘സസ്യലോകത്തെ വിശേഷങ്ങൾ പുസ്തകം. വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ കൂട്ടം ജീവന്റെ നിലനില്‌പിന് മുഖ്യ ഘടകമാണ്. വിവിധതരത്തിലുളള സസ്യങ്ങളും അവയുടെ ആന്തരികവും ബാഹ്യവുമായ പ്രത്യേകതകളുമാണ് ഇതില്‍ വിവരിക്കുന്നത്. ഓരോ ഭൂപ്രകൃതിയിലും വളരുന്ന ചെടികള്‍ക്ക് അതിനനുസൃതമായ ഘടകമാണുളളത്. സസ്യങ്ങളുടെ ഇങ്ങനെയുളള പ്രത്യേകതകളാണ് ഇതിലെ പ്രതിപാദ്യം.
കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങൾ
കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ സൈലന്റ് വാലിയിൽ പക്വത ആര്‍ജ്ജിക്കുന്നതായി കാണാം. ശാസ്ത്രജ്ഞരും കവികളും എഴുത്തുകാരുമൊക്കെയായിരുന്നു സെലന്റ്‌വാലി പ്രക്ഷോ ഭത്തിന്റെ അമരത്ത്. പരിസ്ഥിതിവാദികള്‍ സമം വികസനവിരോധികള്‍ എന്ന സമവാക്യം രൂപപ്പെടുന്നതും സൈലന്റ്‌വാലിയിലൂടെയാണ്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നാല്‍ കേരളത്തെ നിലനിര്‍ത്തുക എന്നുകൂടിയാണ് അര്‍ത്ഥം.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സമഗ്രമായ പദ്ധതിയും വികേന്ദ്രീകൃതമായ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ട പ്രയോഗവും വിഭാവനം ചെയ്യുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നാല്‍ വലിയ വിവാദങ്ങളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ചും ജനങ്ങളില്‍ അനാവശ്യഭീതി പടര്‍ത്തിയും രാഷ്ട്രീയ മത്സരത്തില്‍ കരുക്കളായി ദുരുപയോഗം ചെയ്തും ഒരു മഹത്തായ പരിസ്ഥിതി അനുകൂല നീക്കത്തെ ഇല്ലായ്മ ചെയ്തത് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ കാണാം. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തില്‍തന്നെ ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കും മാധവ് ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കപ്പെടാതെ പോയത്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരം വിനിയോഗിക്കാതെ പോയതിന് വരുംതലമുറ നമ്മളെ കുറ്റക്കാരെന്നുതന്നെ വിധിക്കും.കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങൾ എന്ന പുസ്തകത്തിൽ വി എൻ ഹരിദാസ് എഴുതുന്നു.