മാംസനിബദ്ധമല്ല രാഗം എന്ന് മലയാളിയെ പഠിപ്പിച്ചത് മഹാകവി കുമാരനാശാനാണ്. ആരോടും തോന്നുന്ന കാമത്തില്‍നിന്ന് ഒരാളോടുമാത്രം സൂക്ഷിക്കുന്ന പ്രേമം എന്ന പുതിയ വികാരത്തെ നിര്‍വ്വചിക്കുകയായിരുന്നു അന്ന് ആശാന്‍ചെയ്തത്. പിന്നീട് ജീയും ചങ്ങമ്പുഴയും ഉള്‍പ്പെയുള്ളവര്‍ പ്രേമത്തെ വാനോളം വര്‍ണ്ണിച്ചു. സ്ത്രീ എഴുത്തുകാരിലേക്ക് വന്നാല്‍ ബാലാമണിയമ്മയും സുഗതകുമാരിയും സാവിത്രി രാജീവനും വിജയലക്ഷ്മിയുമൊല്ലാം പ്രേമത്തെ അവരുടെ രീതിയിലും വ്യാഖ്യാനിച്ചു.
എന്നാല്‍ ഉത്തരാധുനികത പിന്നിടുമ്പോഴേക്കും പെണ്‍കവികള്‍ പ്രേമത്തിന് ശരീരംകൂടി വേണം എന്ന് തിരിച്ചറിഞ്ഞു. ഇത്തരമൊരു തിരിച്ചറിവിലാണ് ഗീതാ തോട്ടത്തിന്റെ കവിതകള്‍ നിലകൊള്ളുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സ്ഥിതിയല്ല ഗതിയാണ് ഗീതയുടെ കവിതകളിലെ സ്ഥായി. ഗീത തോട്ടത്തിന്റെ പുതിയ കവിതാസമാഹാരമായ മൗനത്തിന്റെ പൊണ്ണര്‍ത്ഥങ്ങള്‍ അത്തരത്തിലുള്ള കവികതളുടെ സമാഹാരമാണ്.
നീ എന്ന് കാമുകിയെ സംബോധനചെയ്യുന്ന കാമുക കവിതകളുടെ കാലഘട്ടം കഴിഞ്ഞെന്നും ഇനി സംബോധിത സംബോധകയായി മാറുന്ന കാലമാണെന്നും ഓര്‍മ്മിക്കുന്ന കവികകളാണ് മൗനത്തിന്റെ പൊണ്ണര്‍ത്ഥങ്ങളില്‍ ഉള്ളത്. സുഗന്ധതൈലങ്ങള്‍ തേച്ച് യൗവ്വനത്തെ വീണ്ടെടുത്ത് ഇന്ദ്രീയാനുഭവങ്ങളുടെ കാമുകനെ കാത്തിരിക്കുമ്പോള്‍ മറ്റെല്ലാവരും ശല്യമാകുന്നു. ശാകുന്തളം മുതലുള്ള കാവ്യങ്ങളിലെ ബിംബക്രമങ്ങളിലൂടെയാണ് ഗീത തോട്ടം ഈ കവിതകള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. കാവ്യത്തെ പെണ്ണായികണ്ട പുരുഷപാരമ്പര്യത്തോടാണ് മൗനത്തിന്റെ പൊണ്ണര്‍ത്ഥങ്ങള്‍ എന്ന കവിതാ സമാഹാരത്തിലൂടെ കവയിത്രി പ്രതികരിക്കുന്നത്.
നിഴല്‍കൂത്ത്, സൂര്യനീതി, പാതി, രുദ്രവീണ, യജമാനപത്‌നി, നിള, വിലാപങ്ങള്‍, ഭിക്ഷാംദേഹികള്‍ തുടങ്ങി മുപ്പത്തിമൂന്ന് കവിതകളടങ്ങിയ മൗനത്തിന്റെ പൊണ്ണര്‍ത്ഥങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
എറണാകുളം ഇലഞ്ഞിയില്‍ ജനിച്ച ഗീത ഇലഞ്ഞി, കുറവിലങ്ങാട് ദേവമാത് കോളജ്, മഹാരാജാസ് കോളജ്, തൃശ്ശൂര്‍ ഗവ.ട്രയിനിങ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഇപ്പോള്‍ കോട്ടയം ഞീഴൂരില്‍ വിശ്വഭാരതി ഹയര്‍സെക്കന്ററിസ്‌കൂളില്‍ മലയാളം വിഭാഗം അദ്ധ്യാപികയാണ് ഗീതാ തോട്ടം.
The post മൗനത്തിന്റെ പെണ്ണര്‍ത്ഥങ്ങള്‍ appeared first on DC Books.