ഭക്ഷണം ആസ്വദിക്കുന്ന ഒരാള്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് വിസ്മയകരമായ അനുഭവമാണ്. എന്നാല്‍ എത്ര യാത്ര ചെയ്താലും ഒരുപക്ഷേ, ഒരേ വിഭവം രണ്ടുതവണ ഭക്ഷിക്കില്ല. കേരളത്തിന്റെ പാചകരീതിയും രുചിയും ഏതൊരാളും ഇഷ്ടപ്പെടുന്നതാണ്. തേങ്ങയും അരിയും മലയാളികളുടെ പാചകരീതിയുടെ നട്ടെല്ലുകളാണ്. അവ പാകംചെയ്യാന്‍ ഒട്ടനവധി രീതികളുണ്ട്. അവ നമ്മുടെ രുചിമുകുളങ്ങളെ നിരന്തരം സന്തോഷിപ്പിക്കുകയും ചെയ്യും.
കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ തമ്മില്‍ ഭക്ഷണരീതിയിലും പാചകശൈലിയിലും പാചകരീതിയിലും പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. ഇക്കാര്യത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്നതാണ് മലബാറിലെ ഭക്ഷണരീതി. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കാണാന്‍ സാധിക്കാത്ത നിരവധി ഭക്ഷണങ്ങള്‍ മലബാറില്‍ കാണാന്‍ സാധിക്കുന്നതാണ്. പരമ്പരാഗത വിഭവങ്ങള്‍ക്കൊപ്പം മലബാര്‍ രുചികളുടെ ചരിത്രവും ഇഴ ചേരുന്ന പുസ്തകമാണ് ഫായിസ മൂസയുടെ മലബാര്‍ പാചകം.
പലഹാരം, ബിരിയാണികള്‍, പുലാവുകള്‍, മാംസവിഭവങ്ങള്‍, മീന്‍ വിഭവങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, അച്ചാറുകള്‍/ പച്ചടികള്‍, മധുരവിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിങ്ങനെ നിരവധി വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ മലബാര്‍ പാചകം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. നെയ്പ്പത്തിരി, മീന്‍ പത്തിരി, ചെമ്മീന്‍ അട, ഏലാഞ്ചി, അടുക്കൊറോട്ടി, ഇറച്ചിച്ചോറ്, പച്ചക്കറി ബിരിയാണി, കോഴി തലയണ, കോഴി നിറച്ചത്, മീന്‍ കക്കത്തില്‍, മീന്‍ മുളകിട്ടത്, മീന്‍ വരട്ടിയത്, മുട്ട മാല, ലക്കോട്ടപ്പം, ചട്ടിപ്പത്തിരി തുടങ്ങി മലബാറിന്റെ രുചിപെരുമ മുഴുവന്‍ പുസ്തകത്തില്‍ നിറച്ചിരിക്കുന്നു.
തലശ്ശേരി ബടേക്കണ്ടി മാളിയേക്കല്‍ കാദര്‍കുട്ടിയുടെയും വളപ്പകത്ത് ചെറിയേത്ത് റാബിയയുടെയും മകളായാണ് ഫായിസ മൂസ ജനിച്ചത്. 1989ല്‍ കൊച്ചിയിലെ ബോള്‍ഗാട്ടി ഐലന്റില്‍ വെച്ചു നടന്ന ഇന്ത്യയിലെ ആദ്യ ഫുഡ് ഫെസ്റ്റിവലായ സ്‌പൈസ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഫായിസ മൂസയുടെ പാചകത്തെക്കുറിച്ച് ബിബിസി ഒരു പ്രത്യേക പരിപാടി പ്രക്ഷേപണം ചെയ്തതോടെ ഫുഡ് സിറ്റി എന്നു പേരുകേട്ട ഫ്രാന്‍സിലെ ലിയോണില്‍ ഫുഡ് ഫെസ്റ്റിവല്‍ നടത്താന്‍ ക്ഷണിക്കപ്പെട്ടു. ഫോക്‌സ് ട്രാവലര്‍പോലുള്ള നിരവധി മാധ്യമങ്ങളിലും മാഗസിനുകളിലും ഫായിസ മൂസയുടെ പാചകപെരുമ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
The post മലബാര്‍ രുചി ആസ്വദിക്കാം appeared first on DC Books.