കേരളത്തില്‍ ഇപ്പൊ ചക്കയുടെ കാലമാണ്. തേൻകിനിയും രുചിയുടെ പഴക്കൂട്ടങ്ങളാണ് ചക്ക. പ്രകൃതി മനുഷ്യർക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നാണ് വിഷം ലവലേശം തീണ്ടിയിട്ടില്ലാത്ത ചക്കപ്പഴം. പ്രകൃതിയുടെ ആ സമ്പത്ത് വേണ്ടവിധത്തിൽ വിനിയോഗിക്കാൻ മാത്രം നമുക്ക് സമയവും സൗകര്യവുമില്ല. തന്മൂലം നമ്മുടെ തീന്മേശകളിൽ നിന്നും ചക്ക വിഭവങ്ങൾ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകൾ വീണ്ടെടുക്കാനുള്ള ശ്രമമാണ് ചക്ക വിഭവങ്ങൾ എന്ന പുസ്തകത്തിലൂടെ ആൻസി മാത്യു ലക്ഷ്യമിടുന്നത്.
മാര്‍ച്ച് മാസത്തിലാണ് ചക്ക പഴുത്തുവരുന്നത്. പ്രകൃതി കനിഞ്ഞു തരുന്ന ഈ വിഭവത്തെ വെറുതെ കളയരുത് . ചക്ക കൊണ്ട് സ്വാദൂറുന്ന ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ചക്കവിഭവങ്ങളുടെ പേരു പറയാൻ തുടങ്ങിയാൽ നീണ്ടു നീണ്ടു പോകും എങ്കിലും എങ്ങനെ പറയാതിരിക്കും ? ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരൻ, , ചക്ക എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്കക്കുരു പൊടിമാസ്, ചക്കത്തോരൻ, ചക്കക്കുരു മെഴുക്കുപുരട്ടി, കൂഞ്ഞിൽ തോരൻ എന്തിനേറെ ചകിണിത്തോരൻ വരെ രുചികരം. ചക്ക ഉപ്പേരിയുടെ കാര്യം പറയാനുമില്ല. ഇനി പഴുത്ത ചക്കകൊണ്ടോ ചക്ക വരട്ടിയത്, ചക്കപ്പായസം, ചക്ക അട … ഇനിയും എത്രയോ ഏറെ ചക്ക വിഭവങ്ങൾ.
ചക്കയുടെ ഗുണങ്ങൾ പറയാൻ തുടങ്ങിയാൽ , പറഞ്ഞാലും തീരാത്ത മാഹാത്മ്യങ്ങളാണ് ചക്കയ്ക്കുള്ളത്. ബീറ്റാ കരോട്ടിന് അടങ്ങിയതിനാല്‍ ചക്കയ്ക്ക് അര്‍ബുദത്തെ തടയാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു. അമേരിയ്ക്കയിലെ ഇലിനോയി സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചക്കയില്‍ അടങ്ങിയിരിയ്ക്കുന്ന ജാക്വിലിന്‍ ഘടകത്തിന് എയിഡ്‌സ് വരെ പ്രതിരോധിയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ചക്കയിലെ ജീവകം സി രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നു. പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ ചക്ക കുരുവിനും കഴിവുണ്ട്. ശരീര കലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനുള്ള കഴിവും ചക്കയ്ക്ക് ഉണ്ടത്രേ.
ഒരു കപ്പ് ചക്കയിൽ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകൾ, കൊളസ്ട്രോൾ ഇവ ചക്കയിൽ വളരെ കുറവാണ്. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയിൽ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങൾക്ക് ആന്റി കാൻസർ, ആന്റി ഏജിങ്ങ്, ആന്റി അൾസറേറ്റീവ് ഗുണങ്ങൾ ഉണ്ട്.
വീട്ടുമുറ്റത്തെ ചക്ക ആധുനീക ഭക്ഷണങ്ങളുടെ രൂപപ്പൊലിമയോടെ അവതരിപ്പിക്കുകയാണ് ആൻസി മാത്യു ചക്ക വിഭവങ്ങൾ എന്ന പുസ്തകത്തിലൂടെ. ചക്കച്ചുളയും , ചകിണിയും , കുരുവും മാത്രമല്ല ചക്കമടൽ പോലും പായസം വയ്ക്കാൻ കൊല്ലാമെന്ന അറിവ് പുതുമയേറിയതാണ്. ഭക്ഷണവിപ്ലവ രംഗത്തെ പുത്തൻ ചുവടുവയ്പ്പാണ് ആൻസി മാത്യുവിന്റെ ചക്ക വിഭവങ്ങൾ.