ഹൃദയത്തിന്റെ ഭാഷയാണ് ലളിതമായ രചനക്ക് ഏറ്റവും മികച്ചതെന്ന് എഴുത്തിലൂടെ തെളിയിച്ച കഥാകാരനാണ് ടി വി കൊച്ചുബാവ. മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ കഥാലോകം തുറന്നിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ കൊച്ചുബാവയുടെ തൂലികയില്‍ യഥാര്‍ഥ ജീവിതചിത്രങ്ങള്‍ വിരിഞ്ഞുനിന്നു. പരിഷ്‌കര്‍ത്താവിന്റെയോ പുണ്യവാളന്റെയോ വേഷമണിയാതെ മനുഷ്യ ജീവിതത്തെ പച്ചയായി അവതരിപ്പിച്ചുകൊണ്ടാണ് സാഹിത്യലോകത്ത് കൊച്ചുബാവ വേറിട്ട വഴി തുറന്നിട്ടത്. ആധുനികോത്തര രചനാതന്ത്രത്തിലൂടെ പലരും വായനക്കാരെ വിഭ്രമിപ്പിച്ചപ്പോള്‍ ഫിക്ഷന്റെയും യാഥാര്‍ഥ്യത്തിന്റെയും വിഭജനമില്ലാത്ത ലോകമാണ് കൊച്ചുബാവ സഹൃദയര്‍ക്ക് മുന്നില്‍ തുറന്നത്.
” തന്റെ കാഴ്ചപ്പാടിലൂടെ സമൂഹത്തെ നോക്കിക്കാണുകയും അവിടെ നടക്കുന്ന അനീതികള്‍ക്കെതിരെ എഴുത്തിലൂടെ പ്രതികരിക്കുകയും ചെയ്തു കൊച്ചുബാവ. അദ്ദേഹത്തിന്റെ ‘വൃദ്ധസദനം’ എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത കൃതിയാണ്. പ്രായമേറുമ്പോള്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന വലിയ പ്രശ്‌നങ്ങളെ കൃത്യതയോടെ ‘വൃദ്ധസദന‘ത്തില്‍ അവതരിപ്പിക്കുന്നു. ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ സാഹിത്യത്തില്‍ വിസ്മയകരമായ ഒരു തലം കൊച്ചുബാവ സൃഷ്ടിച്ചുവെന്ന് ‘വൃദ്ധസദനം’ മാത്രം ഉദാഹരിച്ച് പറയാന്‍ കഴിയും.
ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ രണ്ടാംഭാര്യ സാറയുടെ നിര്‍ബന്ധത്തിനുവഴങ്ങി സിറിയക് ആന്റണി എന്ന അമ്പത്തിയഞ്ചുകാരന്‍ വൃദ്ധസദനത്തിലെത്തുന്നു. ഒരു തുള്ളികണ്ണീരായി നമ്മുടെ ഹൃദയത്തിലലിയാന്‍. 1993ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ നമ്മെ കരയിപ്പിച്ചുവെങ്കില്‍ ഇന്ന് വൃദ്ധസദനം എന്നത് സാധാരമായിത്തീര്‍ന്നിരിക്കുന്നു. ജോലിത്തിരക്കിന്റെയും പ്രൗഢിയുടെയും പേരുപറഞ്ഞ് വൃദ്ധമാതാപിതാക്കളെ കൊണ്ടുചെന്നാക്കാനുള്ള ഒരിടമായി മാറിയിരിക്കുന്നു അത്. പുറം ലോകത്തിലെ താത്പര്യങ്ങളും ഇടപെടലുകളുമാണ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ ക്രിയകള്‍ക്കും നിഷ്‌ക്രിയതകള്‍ക്കും കളമൊരുക്കുന്നത്. വൃദ്ധന്മാരായല്ല, വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥയുടെ കാവല്‍ക്കാരാണ് വൃദ്ധസദനം പണിയുന്നത്. അവര്‍ക്കുവേണ്ടി ഉയര്‍ത്തപ്പെട്ടതാണ് കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍. ചെറുകാട് അവാര്‍ഡ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഈ നോവലിന്റെ 23 മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി വി കൊച്ചുബാവ ജനിച്ചത്. നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്നും അദ്ദേഹം ഈ ചുരുങ്ങിയ കാലയളവില്‍ തെളിയിച്ചു. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ഥനകളോടെ നില്‍ക്കുന്നു. കഥയും ജീവിതവും ഒന്നായിരുന്നതിനെപ്പറ്റി, വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അങ്കണം അവാര്‍ഡ്, പ്രഥമ എസ്ബിടി അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 1999 നവംബര്‍ 25നാണ് കൊച്ചുബാവ അന്തരിച്ചത്.