മനുഷ്യന്റെ ലഹരി ഉപയോഗത്തിന് ഒരു ചരിത്രമുണ്ട്. അത് ബിയർ കള്ള് തുടങ്ങിയ താരതമ്യേന അപകടരഹിതമായ പാനീയങ്ങളിൽ തുടങ്ങി മാരകമായ മയക്കു മരുന്നുകളിൽ വരെ വ്യാപിച്ചു കിടക്കുന്നു. ബാറുകൾ പൂട്ടണമോ തുറക്കണമോ എന്ന വിവാദം പുകഞ്ഞു നിൽക്കുന്ന ഇപ്പോഴത്തെ കേരളീയ പശ്ചാത്തലത്തിൽ മദ്യോത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വികാസ പരിണാമങ്ങൾ കൃത്യമായി പിന്തുടരുന്ന സമഗ്രമായ ഒരു പഠനമാണ് ‘മദ്യവും മനുഷ്യസംസ്കാരവും കുടിയെകുറിച്ച് ഒരു ചരിത്ര അന്വേഷണം എന്ന പുസ്തകം.
മലയാളിയുടെ സാംസ്കാരിക ചരിത്രം അവന്റെ ലഹരി ഉപഭോഗവുമായി ബന്ധപെട്ടു കിടക്കുന്നു. പുകയിലയിലും കല്ലിലും തുടങ്ങി ചാരായതിലൂടെ വികസിച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളിലെത്തി നിൽക്കുന്ന വർത്തമാനകാല പരിസ്ഥിതിയെ കുറിച്ചുള്ള ഒരു സൂക്ഷ്മ പഠനമാണ് ഈ പുസ്തകം. മദ്യ അനുകൂലികൾക്കും മദ്യവിരോധികൾക്കും ഒരുപോലെ താല്പര്യമുണ്ടാകാൻ സാധ്യതയുള്ള മികച്ച റഫറൻസ് ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് കെ സി വർഗ്ഗീസ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അതിവിദൂരമായ ചരിത്ര സന്ദർഭത്തിൽ നിന്നുതുടങ്ങി വർത്തമാന കാലത്തോളം നീളുന്ന മദ്യ ഉപഭോഗത്തിന്റെ പരിണതികൾ സൂക്ഷ്മമായി അന്വേഷിക്കുകയാണ് തന്റെ ‘മദ്യവും മനുഷ്യസംസ്കാരവും’ എന്ന കൃതിയിലൂടെ കെ സി വർഗ്ഗീസ്. പൊതു നന്മ ലാക്കാക്കി നമ്മുടെ സുപ്രീംകോടതി നിയമത്തിന്റെ ഖഡ്ഗം മദ്യവില്പന ശാലകൾക്ക് നേരെ ഉയർത്തുകയും പുതിയ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്ത പ്രത്യേക സാഹചര്യത്തിൽ ഈ അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.സുപ്രീം കോടതിയുടെ ഉത്തരവുമായും ഭരണകൂടത്തിന്റെ മദ്യനയവുമായും ബന്ധപ്പെട്ട ചർച്ചകൾക്ക് ഇത് വീര്യം പകരുമെന്നുറപ്പാണ്. പുസ്തകത്തിന് അവതാരിക തയ്യാറാക്കികൊണ്ട് പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ പറയുന്നതിങ്ങനെയാണ്.
ലോക ചരിത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കൃഷി , തത്വചിന്ത , മതം , ഔഷധനിർമ്മാണം , സാങ്കേതിക വിദ്യ , വാണിജ്യം , ഇവയെക്കാളൊക്കെ നിർണ്ണായക പ്രാധാന്യം അർഹിക്കുന്നത് ഭൂപരമായ അതിർത്തികൾ അതിലംഘിച്ചു കൊണ്ട് ജനഹൃദയങ്ങളെ കീഴ്പ്പെടുത്താൻ കെല്പു നേടിയ പാനീയ വ്യവസായമാണെന്നു കാണാം. ഗവണ്മെന്റുകൾക്ക് റവന്യൂ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടുവാരാനുള്ള അവസരവും ഈ പാനീയങ്ങൾ സൃഷ്ടിച്ചു. അതിന്നും തുടർന്ന് പോകുന്നു. അതിന്റെ വിശദശാംശങ്ങളിലേക്ക് ചരിത്രത്തിന്റെ തേരുരുട്ടിക്കൊണ്ടുള്ള ഒരു സഞ്ചാരമാണ് ‘മദ്യവും മനുഷ്യസംസ്കാരവും’ എന്ന കൃതി.
ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദധാരിയായ കെ സി വർഗ്ഗീസ് കോട്ടയം സ്വദേശിയാണ്. നോവലിസ്റ്റ് , വിവർത്തകൻ , ലേഖകൻ , എന്നീ നിലകളിൽ ശ്രദ്ധേയനായ വർഗ്ഗീസ് ഇപ്പോൾ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് താമസം.