മനുഷ്യ ജീവന്‍റെ നിലനില്പ് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ശരീരത്തിനു വേണ്ട രക്തം ശുദ്ധീകരിച്ച് ഞരമ്പുകളിലേക്ക് പ്രവഹിപ്പിക്കുന്നതാണ് ഹൃദയത്തിന്‍റെ ജോലി. ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഹൃദയത്തില്‍ നടക്കുന്ന രക്ത ശുദ്ധീകരണം. അതുകൊണ്ട് തന്നെ ഹൃദയത്തിന്‍റെ സംരക്ഷണം പ്രധാനവുമാണ്. ഇപ്പോൾ ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഹൃദയ ചികിത്സാ രംഗത്ത് നമ്മൾ കൈവരിച്ച നേട്ടങ്ങള്‍ ഹൃദ്രോഗത്തെ ഒരു പരിധി വരെ കുറച്ചു കൊണ്ടു വന്നിട്ടുണ്ട്. പ്രമുഖ ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ജോര്‍ജ്ജ് തയ്യിൽ രചിച്ച ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ എന്ന പുസ്തകം എല്ലാ വീടുകളിലും സൂക്ഷിക്കേണ്ടുന്ന ഒരു ഉത്തമഗ്രന്ഥമാണ്.
ഹൃദ്രോഗ ചികിത്സയിലുണ്ടായിരിക്കുന്ന പുരോഗതികളും ഏറ്റവും പുതിയ കണ്ടെത്തലുകളും വെളിപ്പെടുത്തിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ . ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദയപൂര്‍വ്വം ഒരു ഹെല്‍ത്ത് ഗൈഡ്, ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, സ്ത്രീകളും ഹൃദ്രോഗവും തുടങ്ങിയ പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. ജോര്‍ജ്ജ് തയ്യിലിന്റെ മറ്റൊരു മികച്ച പുസ്തകമാണിത്.