ശാസ്ത്രലോകത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നുവേണ്ട എല്ലാമനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുണ്ടായിരുന്ന ശാസ്ത്രജ്ഞനായ രാഷ്ടപതിയായിരുന്നു ഡോ.എ.പി.ജെ.അബ്ദുള്‍ കലാം. അദ്ദേഹം ശാസ്ത്രജ്ഞനും അദ്ധ്യാപകനും എഴുത്തുകാരനും അതേസമയം ഇന്ത്യന്‍ പ്രസിഡന്റുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നതിനും സ്വന്തമാക്കുന്നതിനുമായി ഇന്നും വായനക്കാര്‍ കാത്തിരിക്കുന്നുണ്ട്. അദ്ദേഹം എഴുതിയ കൃതികളെല്ലാം തന്നെ വായനക്കാര്‍ക്ക് പ്രചോദനാത്മകമാണ്. അത്തരത്തില്‍ വിഖ്യാതമായ ‘ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്’ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് അജയ്യമായ ആത്മചൈതന്യം.
ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ അനിവാര്യമായ രണ്ട് ഘടകങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് അജയ്യമായ ആത്മചൈതന്യം. ഒരു വ്യക്തിയെ വിജയപാതയിലേക്ക് നയിക്കാനായി അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് ഒരു സ്വപ്‌നവും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള കഴിവും. തന്റെ സാര്‍ത്ഥകമായ ജീവിതത്തില്‍ മുറുകെ പിടിച്ച മൂല്യങ്ങളും ചിന്തകളും ആശയങ്ങളുമാണ് അബ്ദുള്‍ കലാം അജയ്യമായ ആത്മചൈതന്യം എന്ന കൃതിയിലൂടെ സമൂഹത്തിന് നല്‍കുന്നത്. തന്റെ ജീവിത വിജയത്തിന് സഹായിച്ച അമ്മ, ഗുരുക്കന്മാര്‍ തുടങ്ങി തന്നെയേറെ സ്വാധീനിച്ച വ്യക്തികളെ കുറിച്ചും അവരുടെ വാക്കുകളും കലാം ഈ പുസ്തകത്തിലൂടെ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്.
സാമൂഹികമോ രാഷ്ട്രീയമോ ആയ എല്ലാ വ്യവസ്ഥിതികളും മനുഷ്യന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു. പാര്‍ലമെന്റ് ഏതെങ്കിലുമൊരു നിയമം പാസാക്കിയതുകൊണ്ടല്ല, ജനങ്ങള്‍ മഹത്തുക്കളും നല്ലവരുമായതുകൊണ്ടാണ് ഒരു രാഷ്ട്രം മഹത്തും ശ്രേഷ്ഠവുമാകുന്നത് എന്ന് അദ്ദേഹം ഈ കൃതിയില്‍ അഭിപ്രായപ്പെടുന്നു. അജയ്യമായ ഇച്ഛാശക്തിയിലൂടെ എങ്ങനെ വിജയിക്കാമെന്നും സമൃദ്ധിയും സമാധാനവും കളിയാടുന്ന വിളനിലമായി എങ്ങനെ നമ്മുടെ ഭൂമിയെ മാറ്റിയെടുക്കാമെന്നുമുള്ള രവീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളും അദ്ദേഹം കടമെടുത്തിട്ടുണ്ട്.
2007 ല്‍ ആണ് അജയ്യമായ ആത്മചൈതന്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 2016 ആയപ്പോഴേക്കും പുസ്തകത്തിന്റെ 14 പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഇംഗ്ലിഷ്, തമിഴ് എന്നീഭാഷകളിലേക്ക് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള എം.പി.സദാശിവനാണ്. ഈ പുസ്തവും വിവര്‍ത്തനം ചെയ്തത്.
എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പതിനഞ്ചോളം പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.