സ്വന്തം ജീവിതത്തോട് ചേർത്ത് നിർത്താൻ കുറെ വ്യക്തികൾ ഓരോരുത്തർക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വഴികാട്ടികളായവർ. ജീവിതത്തിന്റെ അർത്ഥമോ അർത്ഥമില്ലായ്മയോ കാണിച്ചു തന്നവർ. ഭാവനാ ലോകങ്ങളെ സൃഷ്ടിക്കുന്നതിൽ പങ്കാളികളായവർ.വൈകാരികതയുടെ ഹൃദയാകാശങ്ങളിൽ നിന്നും നിലാവു പെയ്യിച്ചവർ. അത്തരം ചലരെ ഓർമ്മയിൽ കൂട്ടുകയാണ് മലയാളത്തിന്റെ പ്രിയകഥാകാരി കെ ആർ മീര. തന്റെ കലയും ജീവിതവും അർത്ഥവത്താകുന്ന ചില ബന്ധങ്ങളെ കുറിച്ച് ‘ എന്റെ ജീവിതത്തിലെ ചിലർ എന്ന പുസ്തകത്തിലൂടെ മീര.
മനുഷ്യ ബന്ധങ്ങളാണ് നല്ല കലയുടെ അടിസ്ഥാനം. ശിൽപി കെ എസ് രാധാകൃഷ്ണൻ പറഞ്ഞ വാക്കുകൾ ശരിയാണെന്ന് ഞാനും വിശ്വസിക്കുന്നു. കലയും ജീവിതവും അർഥവത്താകുന്നത് അനുഭവങ്ങളിലൂടെയാണ്.അനുഭവങ്ങളിണ്ടാകുന്നത് ബന്ധങ്ങളിലൂടെയും.പൗരൻ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും എനിക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകിയ ചിലരെക്കുറിച്ചാണ് ‘എന്റെ ജീവിതത്തിലെ ചിലർ’ എന്ന പുസ്തകം.
മനുഷ്യരാരും പൂർണ്ണരല്ല. മറ്റു മനുഷ്യരെ പൂർണ്ണമായി മനസിലാക്കാൻ ശേഷിയുള്ളവരുമല്ല.അതിനാൽ തന്നെ ഈ പുസ്തകത്തിലെ കുറിപ്പുകൾ അവയിൽ പരാമർശിക്കപെട്ടവരുടെ ഫോട്ടോഗ്രാഫുകളല്ല. ആ വ്യക്തികളെ കുറിച്ച് നിലയ്ക്കാത്ത കൗതുകത്തോടെ ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ മാത്രമാണ്.എനിക്ക് നൽകിയ സമയത്തിനും തിരിച്ചറിവുകൾക്കും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ മീര പറയുന്നു.
മാതൃഭൂമിയിലും , മാധ്യമത്തിലും പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. എഴുത്തുകാരിയായ മീരയെ സൃഷ്ടിച്ച ലളിത പി നായർ എന്ന സാഹിത്യകാരിയുടെ മരണവർത്തയോടെയാണ് എന്റെ ജീവിതത്തിലെ ചിലരിലെ ലേഖനങ്ങൾ തുടങ്ങുന്നത്. വെറും അഞ്ചുവരികളിൽ ഒരു മനുഷ്യായുസ്സ് തീർന്നപ്പോൾ അവർ നൽകിയ സ്നേഹത്തിനും വിളമ്പിയ മധുരത്തിനും അടയാളങ്ങളില്ല. ബാക്കിയായത് അവർ പറഞ്ഞതും അവരെക്കുറിച്ച് പറയപ്പെട്ടതുമായ വാക്കുകൾ മാത്രം.ശാസ്‌താംകോട്ടയിലെ കെട്ടിടത്തിലമ്മ ലളിത പി നായരിൽ തുടങ്ങി മഹാശ്വേതാദേവിയിൽ അവസാനിക്കുന്ന മീരയുടെ ജീവിതത്തിലെ ആ ചിലർ മീരയുടെ എഴുത്തുജീവിതത്തിന്റെ പുത്തൻ അനുഭവങ്ങളാകുന്ന കാഴ്ചയാണ് പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് മനസിലാകുന്നത്.
ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് കെ ആർ മീര. ആരാച്ചാർ എന്ന ഒറ്റ നോവൽ കൊണ്ടുതന്നെ ജനഹൃദയങ്ങളിൽ ചേക്കേറിയവൾ. ആഖ്യാനശൈലിയിൽ തെളിയുന്ന അനുഭവലാളിത്യം മീരയെന്ന എഴുത്തുകാരിയെ കൂടുതൽ വായനക്കാരിലേക്ക് അടുപ്പിച്ചു. വായനക്കാരെ പിടിച്ചിരുത്തുന്ന വാക്കും വരികളും മീരയുടെ മറ്റെല്ലാ കൃതികളിലും എന്നപോലെ ഈ പുസ്തകത്തിലും കാണാം.
കെ ആർ മീരയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ
കഥ
മോഹമഞ്ഞ
ഓർമ്മയുടെ ഞെരമ്പ്
കഥകൾ
പെൺപഞ്ചതന്ത്രം മറ്റും കഥകൾ
നോവൽ
മീരാസാധു
ആരാച്ചാർ
ആ മരത്തെയും മറന്നു മറന്നു ഞാൻ
മാലാഖയുടെ മറുക് – കരിനീല
മീരയുടെ നോവെല്ലകൾ
ഓർമ്മ