മലയാളികൾക്ക് പരിചിതനും പ്രിയങ്കരനുമാണ് ഖലീൽ ജിബ്രാൻ. അദ്ദേഹത്തിന്റെ നിരവധി കൃതികൾ പ്രമുഖരായ പലരും ഇതിനകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ ഇംഗ്ലീഷിൽ എഴുതപ്പെട്ടതും പരിഭാഷകൾ ലഭ്യമായതുമായ പതിനാറ് പ്രമുഖ കൃതികളുടെ സമാഹാരമാണ് ഖലീൽ ജിബ്രാൻ കൃതികൾ. വിവർത്തനങ്ങളിലൂടെ മലയാളികളുടെ സ്വന്തം കവിയായ ഖലീൽ ജിബ്രാന്റെ രചനകളിലേക്ക് ഒരെത്തിനോട്ടം – ഖലീൽ ജിബ്രാൻ കൃതികൾ
ജീവിതത്തിന്റെ കഷ്ടപ്പാടിലും ദുരിതത്തിലും എന്നെ ആശ്വസിപ്പിക്കുന്ന മിത്രമാണെന്റെ ആത്മാവ്. തന്റെ ആത്മാവിനെ വിലമതിക്കാത്തവൻ മനുഷ്യരാശിയുടെ തന്നെ ശത്രുവാണ്. അവനവന്റെ ഉള്ളിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം കണ്ടെത്താത്തവൻ , ദയനീയമാം വിധം നശിച്ചുപോകും. ജീവിതം ചുറ്റുപാടുകളിൽ നിന്നല്ല , അവനവന്റെ ആത്മസത്തയിൽ നിന്നാണ് ഉദിച്ചുയരുന്നത്.
ഒരേയൊരു കാര്യം പറയാനാണ് ഞാൻ വന്നത്. അതുരിയാടുവാൻ മരണം എന്നെ അനുവദിക്കുന്നില്ലെങ്കിൽ ഭാവി അത് വെളിപ്പെടുത്തിക്കൊള്ളും. കാരണം അനന്തതയുടെ പുസ്തകത്തിലെ ഒരു രഹസ്യവും ഭാവി വെളിപ്പെടുത്താത്തതായി അവശേഷിക്കുന്നില്ല.
സ്നേഹത്തിന്റെ പ്രഭാവത്തിലും സൗന്ദര്യത്തിന്റെ പ്രകാശത്തിലും അധിവസിക്കുവാനാണ് ഞാനെത്തിയത്. അവ ഈശ്വരന്റെ പ്രതിബിംബങ്ങളാണ്. ഞാനിതാ ഇവിടെ ജീവിക്കുന്നു . ജീവിതത്തിന്റെ ഭൂമികയിൽ നിന്നുമെന്നെ പുറത്താക്കാൻ മനുഷ്യർക്കാവില്ല.കാരണം ഞാൻ മൃത്യുവിനെ അതിജീവിക്കും എന്നത് അവരറിയുന്നു. അവർ എന്റെ കണ്ണുകളെ അടച്ചുവയ്ക്കുന്നുവെങ്കിൽ , സ്നേഹത്തിന്റെ പരിമളവും ലാവണ്യത്തിന്റെ സുഗന്ധവും കലർന്ന ഇളം കാറ്റിന്റെ സ്പർശം ഞാൻ ആസ്വദിച്ചേനെ
അവരെന്നെ ശൂന്യതയിലേക്ക് തള്ളുന്നുവെങ്കിൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ശിശുവായ എന്റെ ആത്മാവുമൊത്ത് ഞാൻ വസിക്കും. എല്ലാവർക്കും വേണ്ടിയാണ് ഞാൻ ഇവിടേക്ക് വന്നത്, എല്ലാവരുമൊത്തു കഴിയാനും. ഏകാന്തതയിലിരുന്ന് ഞാൻ ചെയ്യുന്നതൊക്കെയും നാളെ ആളുകൾക്കിടയിൽ പ്രതിധ്വനിക്കും. ഒരു ഹൃദയത്തിൽ നിന്ന് ഇന്ന് പുറപ്പെടുന്നതൊക്കെയും നാളെ അനേകം ഹൃദയങ്ങളിലൂടെ ആവർത്തിക്കും.
ഒരേ സമയം കവിയും , പ്രവാചകനും , ചിത്രകാരനുമായിരുന്ന ഖലീൽ ജിബ്രാന്റെ രചനകൾ കാല ദേശങ്ങളെ ഉല്ലംഘിക്കുന്നു……മതങ്ങളുടെ ചട്ടക്കൂടുകൾ അതിവർത്തിച്ച വിപ്ലവകാരിയായ ആ പ്രവാചകന്റെ ആത്മാവിൽ നിന്നും പ്രവഹിച്ച , മനുഷ്യരാശിയെ മുഴുവൻ സ്നേഹത്തിന്റെ മന്ത്രികസ്പർശത്തിൽ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം – ഖലീൽ ജിബ്രാൻ കൃതികൾ. പുസ്തകത്തിന്റെ നാലാം പതിപ്പാണ് ഇപ്പോൾ വിപണിയിൽ.