Image may be NSFW.
Clik here to view.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് ഈ ആഗസ്റ്റ് 15ന് എഴുപതാണ്ടുകള്‍ തികയുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യകടന്നുപോയ ചരിത്ര-സാമൂഹിക-സാമ്പത്തിക പശ്ചാത്തലം കുറിച്ചിട്ട ഒരു പുസ്തകം പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ച്കാരന്റെയും ലാരി കോളിന്‍സ് എന്ന അമേരിക്കക്കാരന്റെയും മൂന്നുവര്‍ഷം നീണ്ട ഗവേഷണഫലമായി പിറന്ന ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് അസംഖ്യം കൃതികള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ലഭിക്കാത്ത സവിശേഷ സ്ഥാനം ലഭിച്ച കൃതിയാണിത്. സ്വാതന്ത്ര്യസമരത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത ചെറു സംഭവങ്ങളും ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ച് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ ലോകത്തെ തന്നെ അമ്പരപ്പിച്ചു. മറ്റൊരു കൃതിയ്ക്കും ലഭിക്കാത്ത പ്രചാരവും പുസ്തകത്തിന് ലഭിച്ചു.
Clik here to view.

ഈ കൃതി ഒരു രാഷ്ട്രീയചരിത്രം മാത്രമല്ല: മറിച്ച് ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും അവതരിപ്പിക്കപ്പെട്ട ഒന്നാണ്. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 70 ആണ്ടുകള്‍ തികയുന്ന ഈ പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിന് പ്രസക്തിയെറുകയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതിനോടൊപ്പം ഉപഭൂഖണ്ഡത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടന്നു. ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ഉള്‍ക്കൊള്ളുന്ന ഇന്ത്യയും പാക്കിസ്ഥാനുമെന്ന രണ്ട് രാഷ്ട്രങ്ങള്‍ ജനിച്ചു. ഒരു കോടിയിലധികം ജനങ്ങള്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പിഴുതെറിയപ്പെട്ടു. രണ്ടരലക്ഷത്തോളം പേര്‍ വധിക്കപ്പെട്ടു. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഈ ഐതിഹാസിക കാലഘട്ടത്തിന്റെ കഥയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ പറയുന്നത്.
ഒമ്പത് മാസത്തിനിടയില്‍ പന്ത്രണ്ട് പതിപ്പുകള്‍ ഇറങ്ങി ഉത്തമകൃതിയെന്ന സല്‍പേരിനിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചു നില്‍ക്കുമ്പോഴാണ് അന്ന് പ്രസാധനരംഗത്ത് തുടക്കാരായ ഡി സി ബുക്‌സ് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന്റെ’ മലയാള പരിഭാഷ പുറത്തിറക്കുന്നത്. 1976ല്‍ ഡി സി കിഴക്കെമുറിയുടെ പ്രത്യേക താല്പര്യാര്‍ത്ഥം എം.എസ്.ചന്ദ്രശേഖര വാരിയര്‍, ടി.കെ.ജി.നായര്‍ എന്നിവരാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചത്. പുസ്തകത്തിന്റെ മുപ്പത്തിയൊമ്പതാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.